ദീപികയും റാണി മുഖര്‍ജിയും യുപിയിലെ റേഷന്‍ കാര്‍ഡ് ഉടമകള്‍

Posted on: September 1, 2016 8:47 pm | Last updated: September 1, 2016 at 8:47 pm
SHARE

ration cardഫറൂഖാബാദ് (യു പി): പാവം കോടിപതികളെ കാണണമെങ്കില്‍ ഫാറൂഖാബാദിലെ റേഷന്‍ കടയിലെ റജിസ്റ്റര്‍ പരിശോധിച്ചാല്‍ മതി. ആ റജിസ്റ്റര്‍ പറയുന്നത് ശരിയാണെങ്കില്‍ പ്രമുഖ നടിമാരായ ദീപികാ പദുകോണ്‍, സോനാക്ഷി സിന്‍ഹ, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, റാണി മുഖര്‍ജി തുടങ്ങിയവര്‍ കാര്‍ഡുടമകളാണ്.
അവര്‍ കൃത്യമായി റേഷന്‍ കടയില്‍ വന്ന് സബ്‌സിഡി നിരക്കില്‍ സാധനങ്ങള്‍ വാങ്ങുന്നുമുണ്ട്. റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നതില്‍ വ്യാപക ക്രമക്കേട് ആരോപിച്ച് ഗ്രാമവാസികള്‍ രംഗത്ത് വന്നതോടെയാണ് കൗതുകകരമായ വസ്തുതകള്‍ പുറത്ത് വന്നത്. ഗ്രാമീണരുടെ പരാതിയില്‍ സിവില്‍ സ്‌പ്ലൈസ് വകുപ്പ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
ഖയാംഗഞ്ച് തഹ്‌സിലിലെ സാഹബ്ഗഞ്ച് ഗ്രാമത്തിലെ റേഷന്‍ റജിസ്റ്റര്‍ പരിശോധിച്ച അധികൃതരാണ് ഗുണഭോക്താക്കളുടെ പട്ടികയില്‍ ഈ നടിമാരുടെ പേര് കണ്ടെത്തിയത്. ഈ നടിമാര്‍ക്കെല്ലാം റജിസ്റ്ററില്‍ ‘ഭര്‍ത്താക്കന്‍’മാരുണ്ട്. പട്ടിക പ്രകാരം ജാക്വിലിന്റെ ‘ഭര്‍ത്താവ്’ സാധു ലാലാണ്. ദീപികയുടേത് രാകേഷ് ചന്ദും.
റജിസ്റ്റര്‍ പ്രകാരം റാണി മുഖര്‍ജി വിവാഹം കഴിച്ചിരിക്കുന്നത് രാം സ്വരൂപിനെയാണ്. സോനാക്ഷിയാകട്ടെ രമേഷ് ചന്ദ് എന്നയാളെയും. ദീപിക ജനറല്‍ കാറ്റഗറിയിലും മറ്റുള്ളവര്‍ ഒ ബി സിയിലുമാണ്. ഇവരെല്ലാവരും എല്ലാ ആഴ്ചയിലും വന്ന് അരിയും ഗോതമ്പും പഞ്ചസാരയുമൊക്കെ ‘വാങ്ങി പ്പോകുന്നു’മുണ്ട്.
കടുത്ത ക്രമക്കേടാണ് നടന്നിട്ടുള്ളതെന്നും റേഷന്‍ സാധനങ്ങള്‍ വ്യാജ പേരില്‍ തട്ടിയെടുക്കുകയാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് പ്രകാരമാണ് അന്വേഷണം നടന്നത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഖയാംഗഞ്ച് സബ്ഡിവിഷനല്‍ മജിസ്‌ട്രേറ്റിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here