Connect with us

International

പ്രസിഡന്റായാല്‍ അഭയാര്‍ഥികളെ നാടുകടത്തും: ട്രംപ്

Published

|

Last Updated

ഫീനിക്‌സ്: അനധികൃതമായി രാജ്യത്തേക്ക് കുടിയേറുന്നവരെ അമേരിക്ക അംഗീകരിക്കില്ലെന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറുന്നവര്‍ക്ക് നിയമപരമായ പരിരക്ഷ നല്‍കില്ലെന്നാണ് തങ്ങള്‍ക്ക് ലോകത്തോട് നല്‍കാനുള്ള സന്ദേശമെന്ന് അദ്ദേഹം പറഞ്ഞു. ഫീനിക്‌സിലെ റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കള്ളക്കടത്തുമായി അമേരിക്കയിലേക്ക് പ്രവേശിച്ച് പൗരത്വത്തിനായി കാത്തിരിക്കുന്ന കാലം കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. മെക്‌സിക്കന്‍ പ്രസിഡന്റ് എന്റിക് പെന നീതൊയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ട്രംപിന്റെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്.

താന്‍ പ്രസിഡന്റായാല്‍ അമേരിക്കക്കും മെക്‌സിക്കൊക്കുമിടയില്‍ മതില്‍ പണിയുമെന്ന് ചര്‍ച്ചക്കിടെ അദ്ദേഹം പറഞ്ഞു. ക്രിമിനല്‍ പശ്ചാത്തലമുള്ള അഭയാര്‍ഥികളെ അമേരിക്കയില്‍ നിന്ന് നാടുകടത്തുമെന്നും രേഖകളില്ലാത്ത ലക്ഷക്കണക്കിന് പേരെ സംരക്ഷിക്കുന്ന ബരാക് ഒബാമ പാസ്സാക്കിയ നിയമം ഇല്ലാതാക്കുമെന്നും ട്രംപ് പറഞ്ഞു.അമേരിക്കക്കും മെക്‌സിക്കോക്കുമിടയില്‍ നിര്‍മിക്കുന്ന മതിലിന് ആര് പണം നല്‍കുമെന്ന കാര്യത്തില്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും എന്നാല്‍ മെക്‌സിക്കോ ഇതിന്റെ ചിലവ് വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അത്തരമൊരു മതില്‍ നിര്‍മാണത്തിന് മെക്‌സികൊ പണം മുടക്കില്ലെന്ന് ട്രംപിന്റെ പ്രസ്താവനക്ക് ശേഷം പ്രസിഡന്റ് ട്വീറ്റ് ചെയ്തു. ഫീനിക്‌സിലെ വെളുത്ത വര്‍ഗക്കാരുടെ വോട്ടുബേങ്ക് ലക്ഷ്യമിട്ടാണ് ട്രംപ് അഭയാര്‍ഥികള്‍ക്കെതിരെ നിലപാടുമായി രംഗത്തെത്തിയതെന്നത് ശ്രദ്ധേയമാണ്.

Latest