ഇന്ത്യാ- യു എസ് സംയുക്ത സൈനിക നീക്കം വര്‍ധിക്കുമെന്ന് പെന്റഗണ്‍

Posted on: September 1, 2016 7:06 pm | Last updated: September 1, 2016 at 7:06 pm

india usവാഷിംഗ്ടണ്‍: ഇന്ത്യയും അമേരിക്കയും ഒപ്പുവെച്ച ലോജിസ്റ്റിക് ഡിഫന്‍സ് കരാര്‍ സംയുക്ത സൈനിക നടപടികള്‍ കാര്യക്ഷമമാക്കുമെന്ന് യു എസ് പ്രതിരോധ മന്ത്രാലയമായ പെന്റഗണ്‍. ശക്തമായ പ്രതിരോധ സഖ്യം മേഖലയുടെ സുരക്ഷാ നിലവാരം ഉയര്‍ത്തുമെന്നും പെന്റഗണ്‍ പ്രസ് സെക്രട്ടറി പീറ്റര്‍ കുക്ക് പറഞ്ഞു. ഇന്ത്യയുടെ വ്യോമത്താവളങ്ങള്‍ അമേരിക്കക്ക് ഉപയോഗിക്കാന്‍ നല്‍കുന്നതടക്കമുള്ള മാരകമായ വ്യവസ്ഥകളടങ്ങിയ കരാറില്‍ യു എസ് പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടറും പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറുമാണ് ഈയാഴ്ച ആദ്യം ഒപ്പു വെച്ചത്.

ഇന്ത്യന്‍ സൈന്യവുമൊത്തുള്ള ഓപറേഷനുകള്‍ കൂടുതല്‍ കാര്യക്ഷമമാകും. മാത്രമല്ല, ഈ കരാര്‍ മറ്റ് രാജ്യങ്ങളുമായുള്ള കരാറുകളുമായി വൈരുധ്യമുള്ളതല്ലെന്നും കുക്ക് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ അയല്‍ രാജ്യങ്ങള്‍ ഈ കരാറില്‍ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് മറ്റൊരു രാജ്യവും കരാറില്‍ ആശങ്കപ്പെടേണ്ടതില്ലെന്നായിരുന്നു പീറ്റര്‍ കുക്കിന്റെ മറുപടി. ഇന്ത്യയും അമേരിക്കയും കൈകോര്‍ക്കുന്നുവെന്നത് മേഖലാപരമായ സുരക്ഷ വര്‍ധിപ്പിക്കുകയാണ് ചെയ്യുക. ഇക്കാര്യം ഒരു രാജ്യത്തെയും അലേസരപ്പെടുത്തുന്നതല്ലെന്നും അദ്ദേഹം വിശദീകരിച്ചു. സംയുക്ത സൈനിക അഭ്യാസങ്ങള്‍ എളുപ്പമാകുമെന്നതാണ് കരാറിന്റെ ഏറ്റവും പ്രധാനപ്പെട്ട ഗുണമെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ഗാരി റോസ് പറഞ്ഞു.
സംയുക്ത അഭ്യാസങ്ങള്‍ നടക്കുമ്പോള്‍ ഇന്ധനം റീഫില്‍ ചെയ്യുന്നത് വലിയ പ്രശ്‌നമാകാറുണ്ട്. ഇന്ത്യയെപ്പോലെ ഒരു രാജ്യവുമായി കരാര്‍ വരുന്നതോടെ ഈ പ്രശ്‌നം പരിഹരിക്കപ്പെടുന്നുവെന്ന് റോസ് പറഞ്ഞു.