മൈക്കല്‍ ടെമര്‍ ബ്രസീല്‍ പ്രസിഡന്റായി അധികാരമേറ്റു

Posted on: September 1, 2016 7:02 pm | Last updated: September 1, 2016 at 7:02 pm
SHARE

michael timerബ്രസീലിയ: ബ്രസീലിന്റെ പുതിയ പ്രസിഡന്റായി മൈക്കല്‍ ടെമര്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. അഴിമതി ആരോപണത്തെ തുടര്‍ന്ന് മുന്‍ പ്രസിഡന്റ് ദില്‍മ റൂസഫിനെ സെനറ്റ് കഴിഞ്ഞ ദിവസം ഇംപീച്ച് ചെയ്തതിനെ തുടര്‍ന്നാണിത്. തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിനായി പൗരന്മാര്‍ തനിക്കൊപ്പം ഒരുമിച്ചു നില്‍ക്കണമെന്ന് അദ്ദേഹം ബ്രസീലിയന്‍ ജനതയോട് ആവശ്യപ്പെട്ടു. നിലവിലെ പ്രസിഡന്റിന്റെ കാലാവധി കഴിയുന്ന 2018 വരെ ടെമര്‍ പ്രസിഡന്റായി തുടരും. പെട്രോ കമ്പനിയിലെ അഴിമതിക്ക് കൂട്ടുനിന്നു, മാന്ദ്യം മറച്ചു വെക്കാന്‍ ബജറ്റില്‍ കൃത്രിമം കാണിച്ചുതുടങ്ങിയ ആരോപണങ്ങള്‍ നേരിടുന്ന ദില്‍മാ റൂസഫിനെതിരായി മാസങ്ങളായി തുടര്‍ന്ന ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് കഴിഞ്ഞ ദിവസമാണ് വിരാമമായത്.

ഈയവസരം രാജ്യത്തിന് ആത്മവിശ്വാസം നല്‍കുന്ന സമയമാണ്. രാഷ്ട്രീയ അനിശ്ചിതത്വത്തിനാണ് ഇപ്പോള്‍ വിരാമമായതെന്ന് ചൈനയില്‍ ജി 20 ഉച്ചകോടിയില്‍ പങ്കെടുത്തതിന് ശേഷം തിരിച്ചെത്തിയ ടെമര്‍ രാജ്യത്തിന്റെ ഔദ്യോഗിക ടെലിവിഷനിലൂടെ പ്രഖ്യാപിച്ചു. ബ്രസീലിയന്‍ ചരിത്രത്തില്‍ പുതിയൊരു കാലഘട്ടമാണിതെന്നും അത് ഉറപ്പ് നല്‍കുന്നതായും 75കാരനായ ടെമര്‍ പ്രഖ്യാപിച്ചു. രണ്ട് വര്‍ഷവും നാല് മാസവുമുള്ള പുതിയൊരു ഭരണ കാലഘട്ടത്തിനാണ് ഇന്ന് തുടക്കം കുറിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 60 ബില്യണ്‍ യൂറോയുടെ ധനക്കമ്മിയാണ് രാജ്യം നേരിട്ടു കൊണ്ടിരിക്കുന്നത്. ലക്ഷക്കണക്കിനാളുകളാണ് തൊഴില്‍രഹിതരായി രാജ്യത്തുള്ളത്. ഇനി ഇതിനെകുറിച്ച് സംസാരിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, തന്നെ ഇംപീച്ച് ചെയ്ത നടപടിക്കെതിരെ മുന്‍ പ്രസിഡന്റ് ദില്‍മ റൂസഫ് രംഗത്തെത്തി. ഒരു തെറ്റും ചെയ്യാത്തയാളെ പുറത്താക്കാനാണ് അവര്‍ തീരുമാനിച്ചത്. നിഷ്‌കളങ്കയായ ഒരാളെയെടുത്ത് പാര്‍ലിമെന്റിന്റെ പുറത്തേക്കിടുകയായിരുന്നു.
ഇംപീച്ച്‌മെന്റ് നടപടിക്കെതിരെ കോടതിയെ സമീപിപ്പിക്കുമെന്ന് റൂസഫിന്റെ അഭിഭാഷകന്‍ പറഞ്ഞു. ഇംപീച്ച്‌മെന്റ് നടപടിക്കെതിരെ ഇതിനകം തന്നെ നിരവധി ഹരജികള്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്. അതേ സമയം, അടുത്ത എട്ട് വര്‍ഷത്തേക്ക് ദില്‍മയെ തന്റെ ഓഫീസ്‌കാര്യങ്ങളില്‍ നിന്ന് വിലക്കരുതെന്ന നിര്‍ദേശത്തിന് പാര്‍ലിമെന്റ് അംഗീകാരം നല്‍കി.