Connect with us

Gulf

ഗള്‍ഫ് വിമാനങ്ങള്‍ക്കു മുന്നില്‍ ഇന്ത്യ ആകാശം അടച്ചിട്ടിരിക്കുന്നു

Published

|

Last Updated

പ്രവാസി മലയാളികളുടെ ജീവിതാവസ്ഥകളില്‍ വിമാന യാത്രാ പ്രശ്‌നം ഒരു ക്ലീഷേയാണ്. പക്ഷേ, ആവര്‍ത്തിക്കാതിരിക്കാന്‍ മാത്രം പുരോഗതിയൊന്നും ഉണ്ടാകാത്ത രംഗമായി ഇതു തുടരുകയും ചെയ്യുന്നു. ഇപ്പോള്‍ ഗള്‍ഫിലെ വേനലവധിക്കാലത്ത് നാട്ടില്‍ പോയ കുടുംബങ്ങള്‍ തിരിച്ചു വരുന്ന സീസണില്‍ സാധാരണ വിമാന ടിക്കറ്റിനു നല്‍കേണ്ടി വരുന്നതിന്റെ നാലിരട്ടിയിലധികമാണ് നിരക്ക്. ബലി പെരുന്നാള്‍, ഓണം സമയത്ത് നാട്ടിലേക്കും തിരിച്ചുമുള്ള നിക്കുകളും ഭീകരമാണ്.
വ്യോമയാന വ്യവസായത്തിലെ നിരക്കു സൂത്രം പ്രവാസികളെ പിഴിഞ്ഞെടുക്കുന്നതാണ്. തിരക്കില്ലാത്ത സമയങ്ങളില്‍ തീരേ കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ അവസരം ലഭിക്കുന്നു എന്നത് സീസണ്‍ സമയങ്ങളില്‍ തീവെട്ടിക്കൊള്ള നടത്താന്‍ അവസരം സൃഷ്ടിക്കുന്നതിന് ന്യായമല്ലല്ലോ. വിമാനത്തില്‍ യാത്രക്കാര്‍ വര്‍ധിക്കുന്നത് അനുസരിച്ച് അഥവാ ഡിമാന്‍ഡ് കൂടുന്നതനുസരിച്ച് നിരക്ക് ഉയര്‍ത്തുന്ന രീതിയാണ് വിമാന കമ്പനികള്‍ സ്വീകരിക്കുന്നത്. രാജ്യാന്തര തലത്തില്‍ ഈ രീതിയാണുള്ളത്. എന്നാല്‍ വര്‍ധനവിന് പരിധി നിശ്ചയിക്കപ്പെടുന്നില്ല എന്നതാണ് ഇവിടെ പ്രശ്‌നം. ജനങ്ങള്‍ സാധാരണയായി ഉപയോഗിക്കുന്ന മൊബൈല്‍, ഇന്റര്‍നെറ്റ് ഉള്‍കൊള്ളുന്ന ടെലികമ്യൂണിക്കേഷന്‍ സേവനങ്ങളിലും ജലം, വൈദ്യതി വിതരണ സേവനങ്ങളിലും ചൂഷണം ഒഴിവാക്കുന്നതിനും ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭിക്കുന്നതിനുമായി റഗുലേറ്ററി അതോറിറ്റികള്‍ പ്രവര്‍ത്തിക്കും. എന്നാല്‍, വ്യോമയാന രംഗത്ത് ഈയൊരു സംവിധാനമില്ല. അതുകൊണ്ടു തന്നെ വിമാന കമ്പനികള്‍ യഥേഷ്ടം തുക ഈടാക്കുന്നു. ഇന്ത്യയില്‍ നിലവില്‍ വരുന്ന റഗുലേറ്ററി അതോറിറ്റികള്‍ക്ക് വിദേശ വിമാനങ്ങളുടെ നിരക്കു നിശ്ചയിക്കലില്‍ ഇടപെടാന്‍ കഴിയില്ലെങ്കിലും ഇന്ത്യന്‍ വിമാനങ്ങളുടെ നിരക്കു വര്‍ധനയെ പരിമിതപ്പെടുത്തിയാല്‍ സ്വാഭാവികമായും വിദേശ വിമാനങ്ങള്‍ക്കും വഴങ്ങേണ്ടി വരും.
യഥാര്‍ഥത്തില്‍ ഇന്ത്യയിലേക്ക് ആവശ്യമായത്രയും വിമാന സര്‍വീസുകള്‍ ഇല്ലാത്തതാണ് ഈരീതിയില്‍ നിരക്കു വര്‍ധനക്കു കാണമാകുന്നത്. ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ സന്നദ്ധത അറിയിച്ച് ഗള്‍ഫ് വിമാനകമ്പനികള്‍ വര്‍ഷങ്ങളായി കേന്ദ്ര ഗവണ്‍മെന്റിന്റെ പിറകേ നടക്കുന്നുണ്ടെങ്കിലും സമ്മതിക്കുന്നില്ല. ഇന്ത്യന്‍ വിമാന കമ്പനികളുടെ എതിര്‍പ്പാണ് പ്രധാന കാരണം. ഗള്‍ഫ് വിമാനങ്ങള്‍ക്ക് അനുവദിക്കുന്ന അത്രയും സീറ്റുകളില്‍ ഇന്ത്യയില്‍ നിന്ന് ഗള്‍ഫിലേക്ക് സര്‍വീസ് നടത്താന്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്കും സാധിക്കുമെങ്കിലും അവര്‍ക്കതിനുള്ള ശേഷിയില്ലാത്തിതിനാല്‍ എതിര്‍പ്പുന്നയിച്ച് തടസപ്പെടുത്തുന്നു. വിമാന കമ്പനികളുടെ സമ്മര്‍ദത്തിനു വഴങ്ങി കേന്ദ്ര സര്‍ക്കാറും വിദേശ വിമാന കമ്പനികളുടെ ആവശ്യത്തോട് പുറം തിരിഞ്ഞു നില്‍ക്കുന്നു. എന്നാല്‍ വിദേശ വിമാന രാജ്യത്തേക്കു കൂടുതല്‍ പറക്കുന്നതു വഴി സൃഷ്ടിക്കുന്ന സാമ്പത്തിക ആദായവും തൊഴിലവസരങ്ങളും നഷ്ടപ്പെടുത്തുന്നുവെന്ന തിരിച്ചറിവില്‍ വിദേശ വിമാനങ്ങളുമായി ചര്‍ച്ച നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായിട്ടുണ്ട്. ഇന്ത്യയുടെ വിവിധ നഗരങ്ങളിലേക്ക് യഥേഷ്ടം വിമാനങ്ങള്‍ പറന്നു തുടങ്ങിയാല്‍ നിരക്കുയര്‍ച്ച സ്വാഭാവിക നിയന്ത്രണത്തിനു വിധേയമാകും. ഇത് ഇന്ത്യക്കരായ പ്രവാസികള്‍ക്ക് വലിയ ആശ്വാസം സൃഷ്ടിക്കും.
ഇന്ത്യന്‍ വിമാനത്താവളങ്ങളിലേക്ക് വിദേശ വിമാനങ്ങള്‍ വന്നു തുടങ്ങുന്നതോടെ വിമാനത്താവളങ്ങളുടെയും നഗരങ്ങളുടെയും വികസനത്തിനൊപ്പം നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും എയര്‍പോര്‍ട്ട് ഓപറേഷനിലൂടെ സാമ്പത്തിക നേട്ടവുമുണ്ടാക്കാന്‍ സാധിക്കും. നിലവില്‍ അനുവദിക്കപ്പെട്ട സീറ്റുകളിലേക്കു പോലും സര്‍വീസ് നടത്താന്‍ ശേഷിയില്ലാത്ത ഇന്ത്യന്‍ വിമാന കമ്പനികള്‍ക്കു വേണ്ടി ഒരു രാജ്യം നിസംഗത പുലര്‍ത്തുമ്പോള്‍ പ്രവാസികളുടെ കഷ്ടപ്പാടു മാത്രമല്ല, നമ്മുടെ നാടിന്റെ പുരോഗതിക്കു കൂടിയാണ് അതു തുരങ്കം വെക്കുന്നത്.

Latest