Connect with us

Gulf

ഇന്ത്യക്കാര്‍ക്ക് ഖത്വറില്‍ ഓണ്‍ അറൈവല്‍ വിസ

Published

|

Last Updated

ഖത്വര്‍ എയര്‍വേയ്‌സ് സി ഇ ഒ അക്്ബര്‍ അല്‍ ബാകിറും മറ്റ് ഉദ്യോഗസ്ഥരും വാര്‍ത്താസമ്മേളനത്തില്‍

ദോഹ:ഇന്ത്യ, ചൈന, റഷ്യ എന്നീ രാജ്യങ്ങളില്‍ നിന്ന് ഖത്വര്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസ ലഭ്യമാക്കുമെന്ന് ഖത്വര്‍ എയര്‍വേയ്‌സ് അറിയിച്ചു. അധികം വൈകാതെ ഇത് നടപ്പാകും. രാജ്യത്തേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് വിസാ നടപടികള്‍ ലഘൂകരിക്കുന്നത്.

രാജ്യത്ത് 2016 ആദ്യ ആറ് മാസത്തില്‍ മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ആറ് ശതമാനം കുറവ് വന്നിരുന്നു. 2030 ആവുമ്പോഴേക്കും 70 ലക്ഷം സഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാനാണ് ഖത്വര്‍ പദ്ധതിയിടുന്നത്.
ഖത്വര്‍ എയര്‍വേയ്‌സ് സി ഇ ഒ അക്്ബര്‍ അല്‍ ബാകിര്‍ ആണ് രാജ്യത്തെ ടൂറിസ്റ്റ് വിസ സംവിധാനത്തില്‍ സമഗ്ര മാറ്റം വരുത്തുന്നതായി പ്രഖ്യാപിച്ചത്.

അടുത്ത വര്‍ഷം ആദ്യം പുതിയ ഓണ്‍ലൈന്‍ വിസ സംവിധാനം നിലവില്‍ വരും. അപേക്ഷ നല്‍കി 48 മണിക്കൂറിനകം വിസ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ 33 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്ന സമയത്ത് വിസ ലഭ്യമാക്കുന്നുണ്ട്. യുഎസ്എ, കാനഡ, യു കെ, ന്യൂസിലാന്‍ഡ്, ആസ്‌ത്രേലിയ, യൂറോപ്യന്‍ രാജ്യങ്ങള്‍, കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ തുടങ്ങിയവ ഓണ്‍ അറൈവല്‍ വിസ ലഭ്യമായവയില്‍പ്പെടുന്നു.

റഷ്യ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് എയപോര്‍ട്ടിലെത്തിയാല്‍ വിസ ലഭ്യമാക്കുന്നതിന്റെ നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്ന് അല്‍ ബാകിര്‍ വ്യക്തമാക്കി. ഏതാനും ആഴ്ചക്കള്‍ക്കുള്ളില്‍ തന്നെ ഇത് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച ഉടന്‍ പ്രഖ്യാപനം നടത്തുമെന്നും അല്‍ ബാകിര്‍ കൂട്ടിച്ചേര്‍ത്തു.

അതേ സമയം, രാജ്യത്തെ വിസ നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായി ഖത്വര്‍ ടൂറിസം അതോറിറ്റി പ്രമുഖ വിസ പ്രോസസിങ് സര്‍വീസ് പ്രൊവൈഡറായ വി എഫ് എസ് ഗ്ലോബലുമായി കരാറൊപ്പിട്ടു. ആഭ്യന്തര മന്ത്രാലയത്തിന്റെ സാന്നിധ്യത്തിലാണ് ഈ സഹകരണം. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരുടെ വിസ നടപടിക്രമങ്ങള്‍ കൂടുതല്‍ സുതാര്യവും വേഗത്തിലുമാക്കാന്‍ സഹകരണം വഴിവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2017 ആദ്യ പാദത്തിലോ രണ്ടാം പാദത്തിലോ പുതിയ ഓണ്‍ലൈന്‍ വിസ സംവിധാനം നിലവില്‍ വരുമെന്ന് ഖത്വര്‍ ടൂറിസം അതോറിറ്റി ചീഫ് ഡവലപ്‌മെന്റ് ഓഫിസര്‍ ഹസന്‍ അല്‍ ഇബ്്‌റാഹിം പറഞ്ഞു. ഏതൊക്കെ വിസകളാണ് ഓണ്‍ലൈന്‍ സംവിധാനത്തില്‍ ഉള്‍പ്പെടുത്തുക, അതിന്റെ ചെലവ് തുടങ്ങിയ കാര്യങ്ങള്‍ പിന്നീട് പ്രഖ്യാപിക്കുമെന്ന് അല്‍ ബാകിര്‍ പറഞ്ഞു. രാജ്യത്തേക്ക് ഏത് വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്കും പുതിയ സംവിധാനം ഉപയോഗപ്പെടുത്താന്‍ സാധിക്കും.
രാജ്യത്തേക്ക് വരാനാഗ്രഹിക്കുന്ന സന്ദര്‍ശകര്‍ക്ക് ലളിതമായ രീതിയിലുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമാണ് തങ്ങള്‍ ഒരുക്കുന്നതെന്ന് വി എ ഫ്എസ് ഗ്ലോബല്‍ സി ഇ ഒ സുബിന്‍ കര്‍കാരിയ പറഞ്ഞു. അതേ സമയം, ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ 2021ല്‍ തന്നെ പൂര്‍ത്തീകരിക്കുമെന്ന് അല്‍ ബാകിര്‍ അറിയിച്ചു.

 

Latest