Connect with us

Gulf

മനുഷ്യക്കടത്ത് കേസില്‍ പ്രതികള്‍ കുറ്റം നിഷേധിച്ചു

Published

|

Last Updated

ഷാര്‍ജ: മനുഷ്യക്കടത്ത് കേസില്‍ പാക് സ്വദേശികളായ പ്രതികള്‍ കോടതിയില്‍ കുറ്റം നിഷേധിച്ചു. കേസുമായി ബന്ധപ്പെട്ട് പിടിയിലായ സ്ത്രീയും പുരുഷനുമാണ് ഷാര്‍ജ ശരീഅത്ത് കോടതിയില്‍ വിചാരണക്കിടെ തങ്ങള്‍ക്കുമേല്‍ ചുമത്തിയ കുറ്റം നിഷേധിച്ചിരിക്കുന്നത്. മനുഷ്യക്കടത്ത്, സ്ത്രീകളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പാക് സ്വദേശികളായ സ്ത്രീക്കും പുരുഷനുമെതിരെയാണ് വിചാരണ. സലൂണില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് നാട്ടുകാരിയായ സ്ത്രീയെ സന്ദര്‍ശന വിസയില്‍ യു എ ഇയില്‍ എത്തിച്ചതെന്ന് ഇരകളില്‍ ഒരാളായ 20 കാരി പ്രിസൈഡിംഗ് ജഡ്ജിയെ അറിയിച്ചു. വിമാനത്താവളത്തില്‍ നിന്ന് ഫഌറ്റില്‍ എത്തിച്ച തന്നെ അവിടെ പൂട്ടിയിടുകയായിരുന്നു. തല്ലിയും ഭീഷണിപ്പെടുത്തിയും അനാശാസ്യത്തിന് പ്രേരിപ്പിച്ചെന്നും യുവതി കോടതിയെ ധരിപ്പിച്ചു. ഒന്നാം പ്രതിയായ പുരുഷന്‍ ഉപഭോക്താക്കളെ ഫഌറ്റിലേക്ക് എത്തിക്കുകയും രണ്ടാം പ്രതിയായ സ്ത്രീ ഇവരില്‍ നിന്ന് പണം ശേഖരിച്ച ശേഷം തന്നോടൊപ്പം ശയിക്കാന്‍ അയക്കുകയുമായിരുന്നു. മറ്റൊരു യുവതിയെ ഇതുപോലെ ഫഌറ്റില്‍ പൂട്ടിയിട്ടിരുന്നെന്നും യുവതിയുടെ മൊഴിയിലുണ്ട്. ഇരയായ രണ്ടാമത്തെ യുവതിയെ 52 ദിവസമാണ് ഫഌറ്റില്‍ പൂട്ടിയിട്ട് അനാശാശ്യത്തിന് പ്രേരിപ്പിച്ചത്. തന്നെയും നിര്‍ബന്ധിച്ച് അനാശാസ്യം ചെയ്യിക്കുകയായിരുന്നുവെന്ന് 22 കാരിയായ ഈ യുവതിയും കോടതിയെ അറിയിച്ചു.
അനാശാസ്യത്തിന് കൂട്ടാക്കിയില്ലെങ്കില്‍ കൂടുതല്‍ ക്രൂരമായ രീതിയില്‍ മര്‍ദിക്കുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നു. പാസ്‌പോര്‍ട്ട് നല്‍കി കയറ്റിവിടണമെന്ന് കരഞ്ഞപേക്ഷിച്ചിട്ടും നരകജീവിതത്തില്‍ നിന്ന് മോചനം ലഭിച്ചില്ല. ആജ്ഞ അനുസരിക്കാതിരുന്നാല്‍ ക്രൂരമായ മര്‍ദനമായിരുന്നു പ്രതികളില്‍ നിന്നുണ്ടായിരുന്നത്. തങ്ങള്‍ അനുഭവിച്ച കൊടിയ പീഡനം വിവരിക്കവേ ഇരകളായ യുവതികള്‍ പൊട്ടിക്കരഞ്ഞു. അതേസയമം കഴിഞ്ഞ 15 വര്‍ഷമായി യു എ ഇയില്‍ കഴിയുന്ന തനിക്ക് യുവതികളെ അറിയില്ലെന്നായിരുന്നു ഒന്നാം പ്രതിയുടെ നിലപാട്. രണ്ടാം പ്രതിയായ സ്ത്രീയും ഇതേ നിലപാടാണ് കോടതിയില്‍ സ്വീകരിച്ചത്. കേസുമായി ബന്ധപ്പെട്ട് മൂന്നാമതൊരു പ്രതികൂടി ഉണ്ടായിരുന്നെന്നും ഇവരെ നേരത്തെ നാടുകടത്തിയെന്നും പ്രോസിക്യൂഷന്‍ ന്യായാധിപനെ അറിയിച്ചു. കേസില്‍ കോടതി വിചാരണ തുടരും.

---- facebook comment plugin here -----

Latest