Connect with us

Gulf

ടാക്‌സിയില്‍ മറന്നുവെച്ച 18,000 ദിര്‍ഹം വിലയുള്ള സ്വര്‍ണാഭരണം തിരിച്ചു നല്‍കി ഡ്രൈവര്‍ മാതൃകയായി

Published

|

Last Updated

ഷാര്‍ജ: ഉടമസ്ഥ മറന്നുവെച്ച വന്‍തുകക്കുള്ള സ്വര്‍ണാഭരണം തിരിച്ചേല്‍പിച്ച് ടാക്‌സി ഡ്രൈവര്‍ മാതൃകയായി.
ഷാര്‍ജയില്‍ ഓടുന്ന ടാക്‌സി കാറിന്റെ ഡ്രൈവര്‍ ഫസല്‍ ഖദീം ആദം എന്ന പാക്കിസ്ഥാനിയാണ് തന്റെ വിശ്വസ്തത തെളിയിച്ചത്. 18,000 ദിര്‍ഹം വില വരുന്ന സ്വര്‍ണാഭരണങ്ങളാണ് ഇയാള്‍ ഉടമസ്ഥക്ക് തിരിച്ചു നല്‍കി അധികൃതരുടെ പ്രശംസ പിടിച്ചുപറ്റിയത്.
ഷാര്‍ജ ഗോള്‍ഡ് സൂഖില്‍ നിന്ന് ആഭരണങ്ങള്‍ വാങ്ങിയ ഒരു സ്ത്രീ വാടകക്കു വിളിച്ച് ലക്ഷ്യസ്ഥാനത്തെത്തി കാറില്‍ നിന്നിറങ്ങുമ്പോള്‍ ആഭരണങ്ങള്‍ മറന്നുവെക്കുകയായിരുന്നു. ശേഷം കാറില്‍ കയറിയ രണ്ടു പേരാണ് കാറില്‍ ആഭരണമുള്ള വിവരം ഡ്രൈവറുടെ ശ്രദ്ധയില്‍ പെടുത്തിയത്. യാത്രക്കാരെ ഇറക്കിയ ഉടനെ ആഭരണത്തിന്റെ ഉടമ കാറില്‍ നിന്നിറങ്ങിയ ഷാര്‍ജ ക്ലോക്ക് ടവറിനടുത്തെത്തി കുറേ സമയം തിരഞ്ഞെങ്കിലും ഉടമസ്ഥയെ കണ്ടെത്താനായില്ല. ആഭരണങ്ങളുമായി ടാക്‌സി ഡ്രൈവര്‍ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലെത്തി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.
മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം പോലീസ്, ടാക്‌സി ഡ്രൈവറെ വിളിച്ചു വരുത്തി, സ്റ്റേഷനിലെത്തി ആഭരണങ്ങളുടെ ഉടമസ്ഥയാണെന്നറിയിച്ച സ്ത്രീയെ തിരിച്ചറിഞ്ഞ ശേഷം ഇയാളുടെ സാന്നിധ്യത്തില്‍ ആഭരണം തിരിച്ച് നല്‍കുകയായിരുന്നു. നഷ്ടപെട്ട സ്വര്‍ണം തിരിച്ചു കിട്ടിയതില്‍ സന്തുഷ്ടയായ സ്ത്രീ പാരിതോഷികം നല്‍കിയെങ്കിലും ടാക്‌സി ഡ്രൈവര്‍ നിരസിക്കുകയായിരുന്നു. കഴിഞ്ഞ 30 വര്‍ഷമായി ഷാര്‍ജയില്‍ ജോലി ചെയ്തു കഴിയുന്ന ഇയാള്‍ക്ക് 1,000 ദിര്‍ഹമില്‍ താഴെയാണ് മാസ വരുമാനമെന്ന് പോലീസ് പറഞ്ഞു.
വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമുള്ള ഡ്രൈവര്‍ തന്റെ ചില കൂട്ടുകാരോടൊപ്പം വ്യവസായ മേഖലയിലെ പാതി തകര്‍ന്ന ഒരു വില്ലയിലാണ് താമസമെന്നും പോലീസ് അറിയിച്ചു. സാമ്പത്തികമായി വലിയ ഞെരുക്കമുണ്ടായിട്ടും വന്‍തുകയുടെ സ്വര്‍ണം ഉടമസ്ഥക്ക് തിരിച്ചു നല്‍കിയ ഇയാളുടെ നടപടിയെ ഷാര്‍ജ പോലീസ് പ്രശംസിച്ചു. പടച്ചവനെ കുറിച്ചുള്ള പേടിയും തന്റെ ജോലിയോടുള്ള കൂറുമാണ് ആഭരണം തിരിച്ചേല്‍പിക്കാന്‍ തനിക്ക് പ്രേരണയായതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.
വിശ്വസ്തതക്കുള്ള അംഗീകാരമായി ഷാര്‍ജ പോലീസ് ടാക്‌സി ഡ്രൈവര്‍ക്ക് സാക്ഷ്യപത്രം നല്‍കി. ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഇയാള്‍ക്ക് പോലീസിന്റെ ഉപഹാരവും കൈമാറി.

Latest