ലോകത്തിലെ വലിയ ഇന്‍ഡോര്‍ തീം പാര്‍ക്ക് ഉദ്ഘാടനം ചെയ്തു

Posted on: September 1, 2016 4:04 pm | Last updated: September 3, 2016 at 10:39 pm

parkദുബൈ: ലോകത്തിലെ വലിയ ഇന്‍ഡോര്‍ തീം പാര്‍ക്കായ ഐ എം ജി വേള്‍ഡ്‌സ് ഓഫ് അഡ്‌വെഞ്ചര്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്തു. 15 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് 370 കോടി ദിര്‍ഹം മുടക്കി തീംപാര്‍ക് സജ്ജമാക്കിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ തീം പാര്‍ക്കാണ് ഐ എം ജി വേള്‍ഡ്‌സ്. ദേശീയ തലത്തില്‍ നടപ്പാക്കുന്ന ഇത്തരം മഹത്തായ പദ്ധതികളെ ശൈഖ് മുഹമ്മദ് പ്രകീര്‍ത്തിച്ചു.
ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ഉപ ഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം എന്നിവരും ഒപ്പമുണ്ടായിരുന്നു. വിനോദ-താമസ മേഖലയില്‍ നിരവധി പദ്ധതികളാണ് ദുബൈ നടപ്പാക്കുന്നതെന്ന് ശൈഖ് ഹംദാന്‍ ചൂണ്ടിക്കാട്ടി. 2021 യു എ ഇ വീക്ഷണത്തിന്റെയും ദേശീയ അജണ്ടയുടെയും ഭാഗമായാണ് പദ്ധതികള്‍ ഓരോന്നായി പൂര്‍ത്തീകരിക്കുന്നത്. വിനോദസഞ്ചാര രംഗത്തും വ്യാപാരത്തിലും രാജ്യത്തെ മേഖലയുടെ തലസ്ഥാനമാക്കി മാറ്റുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതെന്നും ശൈഖ് ഹംദാന്‍ പറഞ്ഞു.