ഡ്രൈവറില്ലാ വാഹനം ദുബൈയിലും; ഡൗണ്‍ ടൗണില്‍ സാധ്യതാ ഓട്ടം

Posted on: September 1, 2016 3:59 pm | Last updated: September 3, 2016 at 10:38 pm
SHARE

vehicle without driverദുബൈ: ഡ്രൈവറില്ലാ വാഹനം ദുബൈയിലുമെത്തി. റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റിയാണ് ഒരു മാസത്തെ സാധ്യതാ പഠനത്തിന്റെ ഭാഗമായി ദുബൈയില്‍ ഡ്രൈവറില്ലാ വാഹനം കൊണ്ടുവന്നത്. ദുബൈ ഡൗണ്‍ ടൗണില്‍ മുഹമ്മദ് ബിന്‍ റാശിദ് ബോളിവാഡില്‍ ഷട്ടില്‍ സര്‍വീസായി ഉപയോഗിക്കും. ലോകത്തിലെ ഏറ്റവും സ്മാര്‍ടായ നഗരം എന്ന ലക്ഷ്യത്തിലെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഡ്രൈവറില്ലാ വാഹനമെന്ന് ആര്‍ ടി എ ചെയര്‍മാന്‍ മതര്‍ അല്‍ തായര്‍ വ്യക്തമാക്കി.
ഓംനിക്‌സ് ഇന്റര്‍നാഷണലും ഇ സി മൈലും ചേര്‍ന്നുള്ള കമ്പനിയാണ് ഈ കാര്‍ നിര്‍മിച്ചിരിക്കുന്നത്. ഇ സെഡ് 10 എന്നാണ് ഇതിന് നാമകരണം ചെയ്തിരിക്കുന്നത്. മുഹമ്മദ് ബിന്‍ റാശിദ് ബോളിവാഡ് ഫിനാന്‍ഷ്യല്‍ സെന്റര്‍ സ്ട്രീറ്റ്, വിദാ ഹോട്ടല്‍ ഡൗണ്‍ ടൗണ്‍ എന്നിവിടങ്ങളില്‍ സൗജന്യമായി യാത്രക്കാരെ കൊണ്ടുപോകും. അടുത്തഘട്ടത്തില്‍ ബുര്‍ജ് ഖലീഫ, ദുബൈ മാള്‍, ദുബൈ ഒപേറ, സൂഖ് അല്‍ബഹര്‍ എന്നിവിടങ്ങളിലും സേവന സന്നദ്ധമായിരിക്കും. മണിക്കൂറില്‍ 40 കിലോമീറ്ററാണ് പരമാവധി വേഗത. കാല്‍ നടയാത്രക്കാര്‍ക്കും മറ്റും നീക്കിവെച്ചിരിക്കുന്ന സ്ഥലങ്ങളിലും ഇവ ഉപയോഗിക്കപ്പെടും. ഭിന്നശേഷിയുള്ളവര്‍ക്ക് കയറാന്‍ പാകത്തിലുള്ള വാഹനമാണിത്. എല്ലാ സുരക്ഷിതത്വവും ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ബാറ്ററിയിലാണ് കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും മതര്‍ അല്‍ തായര്‍ അറിയിച്ചു. എയര്‍കണ്ടീഷനര്‍ ഉപയോഗിക്കുകയാണെങ്കില്‍ നാല് മണിക്കൂറും ഇല്ലെങ്കില്‍ പത്ത് മണിക്കൂറും തുടര്‍ച്ചയായി ബാറ്ററി പ്രവര്‍ത്തിക്കും. വാഹനത്തിന്റെ മുകള്‍ ഭാഗത്താണ് നാവിഗേഷന്‍ യന്ത്രം സ്ഥാപിച്ചിരിക്കുന്നത്. ഇവ 360 ഡിഗ്രി നിരീക്ഷിക്കും. നാല് ഭാഗത്തും ക്യാമറ ഘടിപ്പിച്ചിട്ടുണ്ട്. സാധ്യതാ ഓട്ടത്തിന് ദുബൈ ഡൗണ്‍ടൗണ്‍ തിരഞ്ഞെടുത്തതില്‍ നന്ദിയുണ്ടെന്ന് ഇമാര്‍ പ്രോപ്പര്‍ടീസ് ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ അബ്ബാര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here