ഗാന്ധിജിയെ വധിച്ചത് ആര്‍എസ്എസ്; വിചാരണക്ക് തയ്യാറെന്ന് രാഹുല്‍

Posted on: September 1, 2016 3:46 pm | Last updated: September 2, 2016 at 12:25 am
SHARE

rahul gandhiന്യൂഡല്‍ഹി: ഗാന്ധിവധത്തില്‍ ആര്‍ എസ് എസിന് പങ്കുണ്ടെന്ന പരാമര്‍ശം തിരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ആര്‍ എസ് എസ് നല്‍കിയ അപകീര്‍ത്തി കേസില്‍ വിചാരണ നേരിടാന്‍ തയ്യാറാണെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സുപ്രീം കോടതിയിലാണ് രാഹുല്‍ ഗാന്ധി തന്റെ നിലപാടറിയിച്ചത്. കേസില്‍ വിചാരണ നേരിടാന്‍ തയ്യാറാണെന്ന് രാഹുലിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു. ആര്‍ എസ് എസ് നല്‍കിയ അപകീര്‍ത്തിക്കേസിനെതിരെ നല്‍കിയ ഹരജി പിന്‍വലിച്ചു.
കേസില്‍ കീഴ്‌ക്കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിന് സുപ്രീം കോടതി രാഹുല്‍ ഗാന്ധിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2014ലെ തിരഞ്ഞെടുപ്പ് പ്രസംഗത്തിലാണ് ഗാന്ധിജിയുടെ ഘാതകര്‍ ആര്‍ എസ് എസ് ആണെന്ന് രാഹുല്‍ പറഞ്ഞത്. ഇതിനെതിരെ ആര്‍ എസ് എസ് നേതൃത്വം രംഗത്തെത്തുകയും രാഹുലിനെതിരെ കീഴ്‌കോടതിയില്‍ അപകീര്‍ത്തിക്കേസ് നല്‍കുകയുമായിരുന്നു. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ നടത്തിയ പരാമര്‍ശത്തിനെതിരെ ആര്‍ എസ് എസ് പ്രാദേശിക നേതാവ് രാജേഷ് മഹാദേവ് കുണ്ടെയാണു കോടതിയെ സമീപിച്ചത്.

എന്നാല്‍ ഇതിനെതിരെ രാഹുല്‍ സുപ്രീം കോടതിയെ സമീപിക്കുകയും ആര്‍ എസ് എസ് നല്‍കിയ കേസ് റദ്ദാക്കണമെന്ന് ഹരജി നല്‍കുകയും ചെയ്തു. ഈ ആവശ്യമാണ് ഇപ്പോള്‍ രാഹുല്‍ പിന്‍വലിച്ചിരിക്കുന്നത്.

പിന്നീട് മഹാത്മാഗാന്ധി വധവുമായി ബന്ധപ്പെട്ട് ആര്‍ എസ് എസിനെ പൂര്‍ണമായും കുറ്റപ്പെടുത്തിയിട്ടില്ലെന്നും, ആര്‍ എസ് എസുമായി ബന്ധപ്പെട്ട വ്യക്തികളാണ് വധത്തിനു പിന്നിലെന്നായിരുന്നുവെന്നും കഴിഞ്ഞ ദിവസം വാദത്തിനിടെ രാഹുല്‍ കോടതിയില്‍ പറഞ്ഞിരുന്നു. ഈ വാദം മുഖവിലക്കെടുത്ത ജസ്റ്റിസുമാരായ ദീപക് മിശ്ര, ആര്‍ എഫ് നരിമാന്‍ എന്നിവര്‍ പരാതിക്കാരോട് കേസ് തീര്‍പ്പാക്കുന്നതിനെ കുറിച്ച് അറിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

രാഹുല്‍ഗാന്ധി ആര്‍ എസ് എസിനെ അടച്ചാക്ഷേപിച്ചിട്ടില്ലെന്നാണ് മനസ്സിലാകുന്നതെന്നും കോടതി നിരീക്ഷിച്ചിരുന്നു. എന്നാല്‍ രാഹുലിന്റെ ഈ നിലപാടിനെതിരെ വ്യാപകമായ വിമര്‍ശവും പരിഹാസവുമുയര്‍ന്ന പശ്ചാത്തലത്തില്‍ ഇന്ന് അദ്ദേഹം തന്റെ നിലപാട് മാറ്റുകയായിരുന്നു.
കഴിഞ്ഞ ജൂലൈ 19ന് കേസ് പരിഗണിച്ചപ്പോള്‍ പരമാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കണമെന്നും അല്ലെങ്കില്‍ വിചാരണ നേരിടാന്‍ തയ്യാറാകണമെന്നും ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഖേദം പ്രകടിപ്പിക്കാന്‍ വിസമ്മതിച്ച രാഹുല്‍ വിചാരണ നേരിടാന്‍ തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here