അനധികൃത ഹോം സ്‌റ്റേകള്‍ നിയന്ത്രിക്കാന്‍ നടപടികളില്ല

Posted on: September 1, 2016 11:54 am | Last updated: September 1, 2016 at 11:54 am
SHARE

മാനന്തവാടി: ജില്ലയില്‍ അനധികൃത ഹോംസ്‌റ്റേകള്‍ നിയന്ത്രിക്കാന്‍ നടപടിയില്ല.കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജില്ലയില്‍ വര്‍ധിച്ചു വരുന്ന വിനോദസഞ്ചാരികളുടെ ഒഴുക്കിനെ തുടര്‍ന്നാണ് ഗ്രാമ പ്രദേശങ്ങളിലുള്‍പ്പെടെ ഹോം സ്‌റ്റേകള്‍ വര്‍ധിച്ചുവരുന്നത്. എന്നാല്‍ ഇത്തരം ഹോംസ്‌റ്റേകള്‍ നിയമപ്രകാരമുള്ളചട്ടങ്ങള്‍ പാലിക്കാത്തിതിനാല്‍ സര്‍ക്കാരിനുള്ള വരുമാന നഷ്ടത്തിന് പുറമെ പലസുരക്ഷാഭീഷണിയും ഉയര്‍ത്തുന്നുണ്ട്. അംഗീകൃത റിസോര്‍ട്ടുകളിലും ലോഡ്ജുകളിലും താമസിക്കുന്നവരുടെ മുഴുവന്‍ വിവരങ്ങളും പോലീസ് ശേഖരിക്കാറുണ്ടെങ്കിലും അനധികൃത ഹോംസ്‌റ്റേകള്‍ പരിശോധിക്കപ്പെടാറില്ല.
ഇവിടങ്ങളില്‍ താമസിക്കാനെത്തുന്നവരുടെ വിവരങ്ങള്‍ രജിസ്റ്ററില്‍ സൂക്ഷിക്കുന്ന പതിവും പലയിടങ്ങളിലും ഇല്ല.സര്‍ക്കാര്‍ സംവിധാനങ്ങളുടെ യാതൊരുവിധ നിയന്ത്രണങ്ങളോ മേല്‍നോട്ടമോ ഇല്ലാത്തതിനാല്‍ ഇവിടങ്ങളില്‍ പലതും അനാശാസ്യങ്ങളുള്‍പ്പെടെ നടത്തുന്നതിനുള്ള താവളങ്ങളായി മാറുന്നതായും പരാതിയുണ്ട്. ജില്ലയില്‍ പടിഞ്ഞാറത്തറ, മേപ്പാടി,തരിയോട്,തിരുനെല്ലി,പുളിഞ്ഞാല്‍ ബത്തേരി തുടങ്ങിയ പ്രദേശങ്ങളിലാണ് ഹോംസ്‌റ്റേകള്‍ കൂടുതലായുള്ളത്.
ഇവരില്‍ ചിലതെല്ലാം നേരത്തെ പഞ്ചായത്തുകളില്‍ നിന്നും അനുമതി വാങ്ങി ലൈസന്‍സ് എടുത്തിരുന്നെങ്കിലും പിന്നീട് പുതുക്കുകയുണ്ടായില്ല.ഹോംസ്‌റ്റേ ഉള്‍പെട്ട കെട്ടിടങ്ങള്‍ക്ക് ഗ്രാമപഞ്ചായത്തുകള്‍ ലോഡ്ജിംഗ് വിഭാഗത്തില്‍പെടുത്തി ഉയര്‍ന്ന നികുതി ഈടാക്കാറുണ്ട്. എന്നാല്‍ ഒരു ദിവസത്തെ താമസത്തിന് ഇത്തരം ഹോംസ്‌റ്റേകള്‍ ഈടാക്കുന്ന വാടകയുമായി താരതമ്യപ്പെടുത്തിയാല്‍ വളരെ കുറഞ്ഞനിരക്കിലുള്ള നികുതിയാണിത്. എന്നാല്‍ ഇത് പോലും നല്‍കാതിരിക്കാനാണ് പല ഹോംസ്‌റ്റേ ഉടമകളും പഞ്ചായത്ത് ലൈസന്‍സെടുക്കുകയോ എടുത്തത് പുതുക്കാതിരിക്കുകയോ ചെയ്യുന്നത്. നാടിന്റെ സാംസ്‌കാരിക തനിമയും ജീവിതരീതികളും അടുത്തറിയുന്നതിനൊപ്പം കുറഞ്ഞ ചെലവില്‍ ഗ്രാമീണാന്തരീക്ഷത്തില്‍ താമസിക്കാമെന്ന ഉദ്ദേശ്യത്തോടെയാണ് ജില്ലയിലെത്തുന്ന വിനോദസഞ്ചാരികള്‍ ഹോംസ്‌റ്റേകള്‍ തേടിയെത്തുന്നത്.
എന്നാല്‍ ആഘോഷ വേളകളിലും ഒഴിവുദിവസങ്ങളിലും യാതൊരു മാനദണ്ഡവുമില്ലാതെയാണ് ഇവിടങ്ങളില്‍ വാടക ഈടാക്കുന്നത്.
താമസിക്കുന്ന വീടിനോട് ചേര്‍ന്ന് അതിഥികളായി വിനോദ സഞ്ചാരികളെ താമസിപ്പിക്കുകയാണ് ഹോംസ്‌റ്റേ കൊണ്ടുദ്ദേശമെങ്കിലും ജില്ലയില്‍ റിസോര്‍ട്ടുകള്‍ പോലെ ഹോംസ്‌റ്റേകളും നിയന്ത്രണങ്ങളില്ലാതെ കെട്ടി ഉയര്‍ത്തുകയാണ് നിലവില്‍ ചെയ്തു കൊണ്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here