ആധുനിക സൗകര്യത്തോടെ ആദിവാസികള്‍ സമരപ്പന്തല്‍ നിര്‍മിക്കുന്നു

Posted on: September 1, 2016 11:28 am | Last updated: September 1, 2016 at 11:28 am
SHARE

വടക്കഞ്ചേരി: കടപ്പാറ മൂര്‍ത്തിക്കുന്നില്‍ ടോയ്‌ലറ്റ് സൗകര്യത്തോടെ ആദിവാസികളുടെ സമരപ്പന്തല്‍ പുതുക്കിപണിയുന്നു. കക്കൂസിന്റെ ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. സമരപന്തലിന്റെ പണികള്‍ പൂര്‍ത്തിയായി.
ഇനി തട്ടടിച്ച് ഇരിക്കാന്‍ സൗകര്യമൊരുക്കണം. ഈറ്റ ഇല കൊണ്ട് മേഞ്ഞ് മനോഹരമാക്കിയാണ് സമരപന്തല്‍ ഒരുക്കിയിരിക്കുന്നത്. ഭൂമിക്കും വീടിനുമായി കഴിഞ്ഞ ജനുവരി 15ന് തുടങ്ങിയ ആദിവാസികളുടെ രാപകല്‍ ഭൂസമരം ഇന്നേക്ക് 229 ദിവസമായി. ഓരോ കുടുംബത്തിനും ഭൂമി നല്‍കുന്നതിനുള്ള നടപടി അന്തിമഘട്ടത്തിലാണ്.ഇതിന്റെ നടപടിക്രമങ്ങളിലുണ്ടാകുന്ന കാലതാമസമാണ്ഭൂമിവിതരണം വൈകിപ്പിക്കുന്നത്.
22 കുടുംബങ്ങള്‍ക്ക് അറുപതു സെന്റ് വീതം ഭൂമിയാണ് സമരം നടത്തുന്ന മൂര്‍ത്തിക്കുന്നില്‍ വിതരണം ചെയ്യുക. ഇതില്‍ പത്തുസെന്റ് ഭൂമി വീടുവയ്ക്കാനും അമ്പത് സെന്റ്ഭൂമി കൃഷിക്കുമാണ് നല്‍കുന്നത്. വീടുകളെല്ലാം ഒന്നിച്ച് ഒരു സ്ഥലത്താണ് നിര്‍മിക്കുക. കൃഷഭൂമികളും ഒന്നിച്ച് ഒരു പ്രദേശത്താകും. വീതം വച്ച് ശേഷിക്കുന്ന ഭൂമി കമ്യൂണിറ്റിഹാള്‍, ശ്മശാനം, ക്ഷേത്രം, കുടിവെള്ളടാങ്ക്, ആംഗന്‍വാടി, ആരോഗ്യരക്ഷ തുടങ്ങിയവ ക്കായി മാറ്റിവെക്കും. ആദിവാസികള്‍ കൈയേറി കൈവശപ്പെടുത്തിയ മൂര്‍ത്തികുന്നില്‍ ഇപ്പോള്‍ വിളകളുടെ പച്ചപ്പാണ്. കപ്പ, പച്ചക്കറി, വാഴ എന്നിവയെല്ലാം കൃഷി ചെയ്തിട്ടുണ്ട്. . കപ്പകൃഷിക്ക് കാട്ടുപന്നിയുടെ ശല്യം രൂക്ഷമാണെന്ന് ആദിവാസികള്‍ പറഞ്ഞു.മതിയായഭൂമിയും വീടും ലഭിക്കുന്നതുവരെ സമരം തുടരാനാണ് ആദിവാസി കുടുംബങ്ങളുടെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here