താരങ്ങളെത്തി, ഇനി കരുത്തളക്കല്‍

>>ഐ എസ് എല്‍ കിക്കോഫിലേക്ക് ഇനി ഒരു മാസം
Posted on: September 1, 2016 7:23 am | Last updated: September 1, 2016 at 11:27 am
SHARE

ISLകോഴിക്കോട്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മൂന്നാം സീസണില്‍ പന്തുരുളാന്‍ കൃത്യം ഒരു മാസം ബാക്കിനില്‍ക്കെ മാര്‍ക്വൂ താരങ്ങളെ പ്രഖ്യാപിച്ചുകഴിഞ്ഞ ടീമുകള്‍ പടയൊരുക്കത്തില്‍. ഡല്‍ഹി ഡൈനാമോസ് ഫ്‌ളോറന്റ് മലൂദയെ മാര്‍ക്വൂ താരമായി പ്രഖ്യാപിച്ചതോടെ ഐ എസ് എല്ലിലെ എട്ട് ടീമുകളുടെയും മാര്‍ക്വൂ താര പട്ടികയായി. ചെന്നൈയിന്‍ എഫ് സി, എഫ് സി ഗോവ, ഡല്‍ഹി ഡൈനാമോസ്, അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത, എഫ് സി പൂനെ സിറ്റി, മുംബൈ സിറ്റി ടീമുകളൊക്കെ പരിശീലനങ്ങള്‍ക്കായി ഇപ്പോള്‍ വിദേശത്താണുള്ളത്. ബ്ലാസ്‌റ്റേഴ്‌സും നോര്‍ത്ത് ഈസ്റ്റും ഈമാസം വിദേശത്തേക്ക് പോകും. ഒക്‌ടോബര്‍ ഒന്നിന് ഗുവാഹത്തിയില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് കേരള ബ്ലാസ്റ്റേഴ്‌സിനെ നേരിടും. ലീഗിലെ അവസാനമത്സരവും ഇരുടീമുകള്‍ തമ്മില്‍തന്നെയാണ്.
മാര്‍ക്വൂ താരങ്ങളിലെ ‘സ്റ്റാര്‍’ മുംബൈ സിറ്റിയുടെ ഡീഗോ ഫോര്‍ലാന്‍ തന്നെയാണ്. രണ്ടാം സീസണിലും ഇത്തവണയും കൊല്‍ക്കത്ത ഫോര്‍ലാന് വേണ്ടി വലവീശിയിരുന്നെങ്കിലും മുംബൈ സിറ്റിയെയാണ് ഫോര്‍ലാന്‍ തിരഞ്ഞെടുത്തത്.
കേരള ബ്ലാസ്റ്റേഴ്‌സ്, മുംബൈ സിറ്റി എഫ് സി, എഫ് സി പൂനെ സിറ്റി ടീമുകളൊഴിച്ച് മറ്റ് ടീമുകളെല്ലാം കഴിഞ്ഞതവണ ഐ എസ് എല്‍ കളിച്ച താരങ്ങളെയാണ് മാര്‍ക്വൂ താരങ്ങളാക്കിയിട്ടുള്ളത്. രണ്ടാം സീസണില്‍ ഡല്‍ഹിയുടെ താരങ്ങളായിരുന്ന മലൂദയും റീസയും ഇത്തവണ മാര്‍ക്വൂ താരങ്ങളായി വരുന്നു എന്നതും സവിശേഷതയാണ്.
ക്ലബ് ഫുട്‌ബോളില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചശേഷമുള്ള റീസയുടെ നിയമത്തിനെതിരെ ഡല്‍ഹി ഐ എസ് എല്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. ബ്ലാസ്റ്റേഴ്‌സ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് താരവും ഡിഫന്‍ഡറുമായ ആരോണ്‍ ഹ്യൂഗ്‌സിനെയും മുംബൈ സിറ്റി ഉറുഗ്വെന്‍ ഇന്റര്‍നാഷനല്‍ ഡീഗോ ഫോര്‍ലാനേയും എഫ് സി പൂനെ സിറ്റി ബാഴ്‌സലോണ, ചെല്‍സി ക്ലബുകളുടെ മുന്‍ താരമായ ഐസ്‌ലന്‍ഡുകാരന്‍ ഗൂഡ്‌ജോണ്‍സനെയുമാണ് മാര്‍ക്വൂ താരമായി നിയമിച്ചിട്ടുള്ളത്.
കഴിഞ്ഞ സീസണില്‍ പരിക്കുമൂലം ടൂര്‍ണമെന്റിനിടെ നാട്ടിലേക്ക് മടങ്ങിയ ഹെല്‍ഡര്‍ പോസ്റ്റിഗയെ നിലനിര്‍ത്തിയപ്പോള്‍ ഡല്‍ഹി മലൂദയെയും ചെന്നൈയിന്‍ എഫ് സി ജോണ്‍ ആര്‍നെ റീസയെയും നോര്‍ത്ത് ഈസ്റ്റ് കഴിഞ്ഞതവണ പൂനെ സിറ്റിയുടെ താരമായിരുന്ന ദിദിയര്‍ സക്കോറയെയും എഫ് സി ഗോവ ബ്രസീലിയന്‍ ലൂസിയോയെയും മാര്‍ക്വൂവാക്കിയത്.
കഴിഞ്ഞ തവണ കേരളത്തില്‍ പരിശീലനം നടത്തിയ ബ്ലാസ്റ്റേഴ്‌സ് അടക്കമുള്ള ടീമുകളെല്ലാം ഇത്തവണ വിദേശരാഷ്ട്രങ്ങളാണ് പരിശീലനത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്. ഇപ്പോള്‍ തിരുവനന്തപുരത്ത് ക്യാമ്പ് നടത്തുന്ന ബ്ലാസ്റ്റേഴ്‌സ് ഈമാസം ഏഴിന് തായ്‌ലന്‍ഡിലേക്ക് പോകും. മുംബൈ സിറ്റിയുടെയും നോര്‍ത്ത് ഈസ്റ്റ് യുനൈഡിന്റെയും പരിശീലന ക്യാമ്പ് ദുബൈയിലാണ്. കഴിഞ്ഞതവണ ഇറ്റലിയില്‍ പരിശീലനം നടത്തിയ ചെന്നൈയിന്‍ എഫ് സി ഇപ്പോള്‍ ഇറ്റലിയിലെ പെറൂജിയിലാണുള്ളത്. സെപ്തംബര്‍ 21ന് തിരിച്ചെത്തും.
എഫ് സി ഗോവ പ്രീസീസണ്‍ ക്യാമ്പിനായി സീക്കോയുടെ നാടായ ബ്രസീലിലെ റിയോയിലേക്ക് കഴിഞ്ഞ തിങ്കളാഴ്ച തിരിച്ചിട്ടുണ്ട്. സ്‌പെയിനില്‍ പരിശീലനം നടത്തുന്ന അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത സെപ്തബംര്‍ 20ഓടെ തിരിച്ചെത്തും.
എഫ് സി പൂനെ സിറ്റിയും പരിശീലനത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത് സ്‌പെയിന്‍ തന്നെയാണ്. ഡല്‍ഹി ഡൈനാമോസ് പരിശീലനത്തിനായി ഇംഗ്ലണ്ടിലാണുള്ളത്. അടുത്ത ശനിയാഴ്ച ടീം പ്രീമിയര്‍ ലീഗ് ടീമായ വെസ്റ്റ് ബ്രോമുമായി പരിശീലനമത്സരം കളിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here