ദേശീയ പണിമുടക്കില്‍ നീലഗിരി നിശ്ചലമാകും

Posted on: September 1, 2016 11:00 am | Last updated: September 1, 2016 at 11:00 am
SHARE

ഗൂഡല്ലൂര്‍: നാളെ നടക്കുന്ന ദേശീയ പണിമുടക്കില്‍ നീലഗിരി നിശ്ചലമാകും. സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തിലാണ് പണിമുടക്ക് നടക്കുന്നത്. ജില്ലയിലെ തോട്ടം മേഖല പൂര്‍ണമായും സ്തംഭിക്കും. തമിഴ്‌നാട് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ടാന്‍ടി എസ്റ്റേറ്റ് തൊഴിലാളികളും പണിമുടക്കാനാണ് സാധ്യത. സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ട്രാന്‍സ്‌പോര്‍ട്ട്, ബേങ്കുകള്‍, ഫാക്ടറികള്‍ തുടങ്ങിയവകളുടെ പ്രവര്‍ത്തനം താളംതെറ്റും. പ്രസ്തുത സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. മിനിമം വേതനം, ബോണസ്, വിദേശ നിക്ഷേപ നയം പുനപരിശോധിക്കുക, പെന്‍ഷന്‍തുക വര്‍ധിപ്പിക്കുക തുടങ്ങിയ പന്ത്രണ്ട് ഇന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം ചെയ്യുന്നത്. 3,500 രൂപ ടാന്‍ടി തൊഴിലാളികള്‍ക്ക് ബോണസ് ഉണ്ടായിരുന്നത് കഴിഞ്ഞ വര്‍ഷത്തെ പണിമുടക്കിനെത്തുടര്‍ന്ന് 7000 രൂപയായി കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. തൊഴിലാളികളുടെ മാസ ശമ്പളം 15,000 രൂപയില്‍ 18,000 രൂപയായി വര്‍ധിപ്പിക്കുക, മാസ പെന്‍ഷന്‍തുക ആയിരത്തില്‍ നിന്ന് 3000 രൂപയായി വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിക്കുന്നുണ്ട്. എല്‍ പി എഫ്, സി ഐ ടി യു, ഐ എന്‍ ടി യു സി, എ ഐ ടി യു സി തുടങ്ങിയ തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.