Connect with us

Malappuram

അശാന്തിയായി താനൂര്‍ തീരം

Published

|

Last Updated

താനൂര്‍: താനൂരില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കത്തിക്കുത്തില്‍ ലീഗ്-സി പി എം പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ചൊവ്വാഴ്ച രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ കോര്‍മന്‍ കടപ്പുറം സ്വദേശിയും സി പി എം പ്രവര്‍ത്തകനുമായ ചോയിന്റെപുരക്കല്‍ നിയാസിനെയാണ് അഞ്ചോളം വരുന്ന ലീഗ് പ്രവര്‍ത്തകര്‍ അക്രമിച്ചത്.
സമീപത്തെ മൊബൈല്‍ കടയില്‍ നിന്നും കൂപ്പണ്‍ വാങ്ങി പുറത്തിറങ്ങിയ നിയാസിനെ അഞ്ചോളം വരുന്ന ലീഗ് പ്രവര്‍ത്തകര്‍ അസഭ്യം പറഞ്ഞ് വളയുകയും തര്‍ക്കം മൂര്‍ച്ഛിച്ച് അടിയും കത്തിക്കുത്തുമായി കലാശിക്കുകയുമായിരുന്നു. തലക്കും കാലിനും പരുക്കേറ്റ നിയാസിനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ ജോലിക്ക് പോവുകയായിരുന്ന മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായ ബീരാങ്ങാനകത്ത് നവാസി (23)നെ മൂന്ന് സി പി എം പ്രവ ര്‍ത്തകര്‍ ചേര്‍ന്ന് വളഞ്ഞിട്ടടിക്കുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ഇരുമ്പ് വടികൊണ്ടടിക്കുകയും ചെയ്‌തെന്ന് നവാസ് പറഞ്ഞു. രണ്ടു ദിവസം മുമ്പും നവാസിനും പിതാവിന് നേരെയും ചോയിന്റെപുരക്കല്‍ നിയാസിന്റെ ഭീഷണി ഉണ്ടായതായും പറയപ്പെടുന്നു. പോലീസില്‍ പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്തതിലാണ് വീണ്ടും പ്രതികള്‍ അക്രമം അഴിച്ചുവിട്ടതെന്ന് അറിയുന്നു. മാസങ്ങളായി പുകഞ്ഞുനില്‍ക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അറുതിവരുത്താന്‍ ഇരു പാര്‍ട്ടി നേതൃത്വത്തിനും കഴിയാതെ വന്നിരിക്കുകയാണ്. അറുപത് വര്‍ഷത്തെ ഭരണം കൈയില്‍ നിന്നും പോയതിലുള്ള മനഃപ്രയാസം ലീഗിനും അണികള്‍ക്കും സഹിക്കാവുന്നതിലപ്പുറമായതിനാല്‍ നിലവിലുള്ള എം എല്‍ എയെ ഭരിക്കാന്‍ അനുവദിക്കാതെ നാട്ടു കാര്‍ക്കിടയില്‍ ദുര്‍ഭരണമെന്ന് മുദ്രകുത്തിക്കാന്‍ മുസ്‌ലിം ലീഗ് ഉണ്ടാക്കിത്തീര്‍ക്കുന്ന രഹസ്യ അജണ്ടയാണ് കലാപങ്ങളെന്നാണ് നാട്ടുകാര്‍ വിലയിരുത്തുന്നത്. എന്നാല്‍ ഭരണ സ്വാധീനം ഉപയോഗിച്ചുകൊണ്ട് ലീഗിനെ അടിച്ചമര്‍ത്താന്‍ സി പി എം ശ്രമിക്കുകയാണെന്ന് ലീഗ്പ്രവര്‍ത്തകരും ആരോപിക്കു ന്നു. സമാധാനം നിലനിര്‍ത്താന്‍ രാഷ്ട്രീയ നേതൃത്വവും മത സംഘടനാ നേതൃത്വവും ഇടപെടണമെന്നാവശ്യം ശക്തമായതായി നാട്ടുകാര്‍ പറയുന്നു