പി വി അന്‍വര്‍ എം എല്‍ എയുടെ ആരോപണം രാഷ്ട്രീയ പ്രേരിതം: ആര്യാടന്‍

Posted on: September 1, 2016 10:54 am | Last updated: September 1, 2016 at 10:54 am
SHARE

നിലമ്പൂര്‍: പൂക്കോട്ടുംപാടത്ത് റബ്ബര്‍ എസ്റ്റേറ്റ് കയ്യേറാന്‍ ശ്രമിച്ചെന്ന ഉടമയുടെ പരാതിയില്‍ പി വി അന്‍വര്‍ എം എല്‍ എക്കെതിരെ പോലീസ് കേസെടുത്തതിന് പിന്നില്‍ താനും മകന്‍ ആര്യാടന്‍ ഷൗക്കത്തുമാണെന്ന എം എല്‍ എയുടെ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന് മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്. ഇടതുഭരണത്തിന്റെ കീഴിലും ആര്യാടന്‍ പറയുന്നതുപോലെയാണ് പോലീസ് പെരുമാറുന്നതെങ്കില്‍ എം എല്‍ എ രാജിവെക്കുകയാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
ഇടതുഭരണത്തിന്റെ കീഴില്‍ എം എല്‍ എക്ക് നീതി നിഷേധിച്ചിട്ടുണ്ടെങ്കില്‍ പിണറായി വിജയനാണ് അത് വ്യക്തമാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതോ പിണറായിയും എന്റെ കൂടെയാണെന്നാണോ എം എല്‍ എ പറയുന്നത് വ്യക്തിപരമായി ആരേയും തേജോവധം ചെയ്യുന്നത് തന്റെ രീതിയല്ല. 55 വര്‍ഷത്തെ തന്റെ പൊതുപ്രവര്‍ത്തനത്തിനിടയില്‍ താന്‍ ഇത്തരമൊരു പ്രവൃത്തി ചെയ്തതെന്ന് ആരും തന്നെ പറയില്ല. തര്‍ക്കങ്ങളില്‍ ഇടപെടേണ്ടി വരുമ്പോള്‍ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കുകയോ കോടതിയെ സമീപിക്കാന്‍ ഉപദേശിക്കുകയോ ആണ് ചെയ്യാറുള്ളത്. ഇത് അന്‍വറിന്റെ രാഷ്ട്രീയമാണ്. അന്‍വര്‍ ചെയ്യുന്നതാണ് രാഷ്ട്രീയ പ്രേരിതം.
സുബ്രഹ്മണ്യന്‍ എന്ന തൊഴിലാളിക്ക് ജോലി നിഷേധിച്ചപ്പോള്‍ ഇടപെട്ടതാണ് ഈ പറയുന്ന എസ്റ്റേറ്റുമായി തനിക്കുള്ള ഏക ബന്ധം. ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും നടക്കാതിരുന്നതിനാല്‍ കേസ് സുപ്രീം കോടതി വരെയെത്തി. ഇപ്പോള്‍ ഈ കേസ് കൈകാര്യം ചെയ്യുന്നതുപോലും താനല്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. ഇത്തരം സിവില്‍ കേസില്‍ ഇടപെടാന്‍ താന്‍ താല്‍പര്യം കാണിക്കാറില്ല.
ഇത്തരം പ്രശ്‌നങ്ങള്‍ അന്‍വര്‍ ഒത്തുതീര്‍പ്പാക്കുന്നതില്‍ തനിക്ക് ആക്ഷേപവുമില്ല. എം എല്‍ എ നിരപരാധിയാണെങ്കില്‍ അദ്ദേഹത്തിന്റെ പേരില്‍ കേസെടുക്കാന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ കേസില്‍ താന്‍ ഇതുവരെയും പൂക്കോട്ടുംപാടം പോലീസ് സ്‌റ്റേഷനിലെ ആരേയും വിളിച്ചിട്ടില്ലെന്നും ഇത്തരത്തില്‍ ആരോപണം ഉന്നയിക്കാന്‍ താന്‍ ആരോടും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എസ്‌റ്റേറ്റിലെ വരുമാനം താനാണ് കൈപ്പറ്റുന്നതെന്ന എംഎല്‍ എയുടെ ആരോപണം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ തെളിവ് ലഭിച്ചാല്‍ താന്‍ കേസ് കൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.