ഗ്രൂപ്പില്ലെങ്കില്‍ കോണ്‍ഗ്രസില്‍ നില്‍ക്കാന്‍ കഴിയാത്ത അവസ്ഥ: വി ടി ബല്‍റാം

Posted on: September 1, 2016 12:12 am | Last updated: September 1, 2016 at 12:12 am

vtbalram-650_031714120558തിരുവനന്തപുരം: കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തിനെതിരെ ആഞ്ഞടിച്ച് വി ടി ബല്‍റാം എം എല്‍ എ. കോണ്‍ഗ്രസിന്റെ വാലില്‍ കെട്ടുന്ന പോഷക സംഘടനയല്ല കെ എസ് യു. കേരളത്തിലെ കോണ്‍ഗ്രസുകാര്‍ ഗ്രൂപ്പുകളിലേക്ക് പിറന്നുവീഴുന്ന അവസ്ഥയാണെന്നും, ഏതെങ്കിലും ഗ്രൂപ്പില്ലാതെ കോണ്‍ഗ്രസില്‍ നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും ബല്‍റാം പറഞ്ഞു. കെ എസ് യു തിരുവനന്തപുരത്ത് നടത്തിയ അംഗത്വ പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ബല്‍റാം.
കോണ്‍ഗ്രസിലെ ഗ്രൂപ്പുകളെക്കുറിച്ച് ആലോചിക്കുമ്പോള്‍ ആശ്ചര്യവും ആശങ്കയും തോന്നുന്നു. നമ്മളൊക്കെ ജനിക്കുന്നതിനു മുമ്പുണ്ടായ പ്രശ്‌നങ്ങളുടെ പേരിലാണ് കേരളത്തിലെ കോണ്‍ഗ്രസില്‍ ഇപ്പോഴും ഗ്രൂപ്പുകള്‍ നിലനില്‍ക്കുന്നതെന്ന് കെ എസ് യു പ്രവര്‍ത്തകരോടായി ബല്‍റാം പറഞ്ഞു. ഇതുകാരണം ചെറുപ്പം മുതലേ പ്രവര്‍ത്തകര്‍ വന്ധ്യംകരിക്കപ്പെടുന്ന അവസ്ഥയാണ്. പണ്ടു കോണ്‍ഗ്രസില്‍ തലമുറമാറ്റം ആവശ്യപ്പെട്ടവര്‍ 70ഉം 80 ഉം വയസുകഴിഞ്ഞിട്ടും നേതാക്കളായി തുടരുന്നു.
ഒരോരുത്തരും ഗ്രൂപ്പുകളിലേക്ക് പിറന്നു വീഴുന്ന അവസ്ഥയാണിപ്പോള്‍. ഗ്രൂപ്പ് നേതാക്കള്‍ ദൈവങ്ങളാകുമ്പോള്‍ വന്ധ്യംകരിക്കപ്പെട്ട ഒരു തലമുറ സൃഷ്ടിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.