Connect with us

Kerala

കല്ലാംകുഴി കൊലപാതകം: ജാമ്യം റദ്ദാക്കപ്പെട്ട പ്രതി അറസ്റ്റില്‍

Published

|

Last Updated

മണ്ണാര്‍ക്കാട്: കല്ലാംകുഴിയില്‍ രണ്ട് സുന്നിപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യം റദ്ദാക്കപ്പെട്ട പ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍. കൊലപാതക കേസിലെ 12ാം പ്രതി ഇട്ടായി എന്ന ഇസ്മാഈലി(35)നെയാണ് എസ് ഐ സിജു എബ്രഹാം സംഘവും ഒളിവില്‍ കഴിഞ്ഞിരുന്ന ചങ്ങലീരിയില്‍ നിന്ന് പിടികൂടിയത്. കല്ലാംകുഴി സുന്നിപ്രവര്‍ത്തകരായ പള്ളത്ത് വീട്ടില്‍കുഞ്ഞുഹംസ, നുറുദ്ദീന്‍ എന്നിവരെയാണ് അതിക്രൂരമായി കൊലപ്പെടുത്തിയത്. ഈ കേസില്‍ 27 പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചതിന്റെ പേരില്‍ അഞ്ച് പേരുടെ ജാമ്യം കോടതി റദ്ദ് ചെയ്തിരുന്നു. ഇതില്‍ മൂന്ന് പേര്‍ വിദേശത്താണെന്നാണ് പറയുന്നത്. നാട്ടിലുള്ള ഒരാളെ കൂടി പിടികൂടാനുള്ള ഊര്‍ജിത ശ്രമത്തിലാണ് പോലീസ്. നൗഷാദ് എന്ന പാണ്ടി നൗഷാദ്, പൂളമണ്ണില്‍ മുഹമ്മദ് നിജാസ്, സാഹിര്‍ പടലത്ത്, സാലിം പാലക്കപറമ്പില്‍ എന്നിവരാണ് ജാമ്യം റദ്ദ് ചെയ്യപ്പെട്ട മറ്റ് പ്രതികള്‍.
2013 നവംബര്‍ 20ന് രാത്രി ഒമ്പത് മണിക്കാണ് ഇരുളിന്റെ മറവില്‍ ഒളിച്ചിരുന്ന് കണ്ണില്‍ മുളക് പൊടിയെറിഞ്ഞ് ‘ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് പളളത്ത് വീട്ടില്‍ കുഞ്ഞിമുഹമ്മദ്, സഹോദരങ്ങളായ കുഞ്ഞുഹംസ, എസ് വൈ എസ് യൂനിറ്റ് സെക്രട്ടറി നൂറുദ്ദീന്‍ എന്നിവര്‍ക്ക് നേരെ ആക്രമം നടന്നത്. എന്നാല്‍ ഇതില്‍ കുഞ്ഞിമുഹമ്മദ് ഗുരുതരമായ പരുക്കുകളോടെ രക്ഷപ്പെടുകയും സഹോദരങ്ങളായ കുഞ്ഞുഹംസയും നൂറുദ്ദീനും മരണപ്പെടുകയായിരുന്നു, നിലവില്‍ കേസ് അന്വേഷണം ഷൊര്‍ണൂര്‍ ഡി വൈ എസ് പിക്കാണ്.

Latest