യു എസും തുര്‍ക്കിയും തുറന്ന പോരിന്‌

Posted on: September 1, 2016 4:55 am | Last updated: August 31, 2016 at 11:55 pm

അങ്കാറ: തുര്‍ക്കിയുടെ വടക്കന്‍ സിറിയന്‍ ആക്രമണവുമായി ബന്ധപ്പെട്ട് യു എസും തുര്‍ക്കിയും തമ്മില്‍ തുറന്ന പോരിന്. തുര്‍ക്കിയുടെ നടപടി അംഗീകരിക്കാനാകില്ലെന്ന യു എസ് വിദേശകാര്യ മന്ത്രാലയം വക്താവിന്റെ പരാമര്‍ശത്തില്‍ തുര്‍ക്കി കടുത്ത അമര്‍ഷം രേഖപ്പെടുത്തി. യു എസ് അംബാസഡറെ തുര്‍ക്കി വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി വിശദീകരണം ആരാഞ്ഞു. ഇസില്‍, കുര്‍ദ് സായുധ സംഘങ്ങളെ നേരിടാന്‍ തുര്‍ക്കി നടത്തുന്ന സൈനിക നപടിയെ വിമര്‍ശിച്ചതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കത്തിന് കാരണമായത്. ഇസിലിനെതിരെ കുര്‍ദുകളുമായി ചേര്‍ന്ന് സൈനിക ആക്രമണം നടത്തുന്ന അമേരിക്ക, തുര്‍ക്കിയുടെ കുര്‍ദ്‌വിരുദ്ധ ആക്രമണത്തെ അംഗീകരിക്കുന്നില്ല. എന്നാല്‍, പരമാധികാര രാജ്യമായ തുര്‍ക്കിയെ സംബന്ധിച്ചെടുത്തോളം ഇസിലും കുര്‍ദുകളും തീവ്രവാദികളാണെന്നും രണ്ട് വിഭാഗങ്ങളെയും കായികമായി നേരിടുമെന്നുമാണ് തുര്‍ക്കിയുടെ വിശദീകരണം.
വടക്കന്‍ സിറിയയില്‍ തങ്ങള്‍ നടത്തുന്ന സൈനിക നടപടി തുടരുമെന്നും മുഴുവന്‍ തീവ്രവാദികളെയും തുരത്തിയാല്‍ മാത്രമേ ഓപറേഷന്‍ അവസാനിക്കുകയുള്ളുവെന്നും പ്രധാനമന്ത്രി ബിന്‍ അലി യില്‍ദിരിം വ്യക്തമാക്കി.
അതിനിടെ, വടക്കന്‍ സിറിയയില്‍ തുര്‍ക്കിയും കുര്‍ദുകളും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന യു എസ് വാദം ശരിയല്ലെന്ന് തുര്‍ക്കി വ്യക്തമാക്കി. തീവ്രവാദികളുമായി യാതൊരുവിധ ഒത്തുതീര്‍പ്പില്ലെന്ന് ഇയു വിഭാഗം മന്ത്രലം ഉമര്‍ സെലിക് വ്യക്തമാക്കി. ഇസിലിനെതിരെ പോരാട്ടം നടത്താന്‍ സിറിയയില്‍ എല്ലാ വിഭാഗങ്ങളും ഒന്നിച്ചുവെന്നും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് തുര്‍ക്കിയും കുര്‍ദുകളും ഒരുമിക്കുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം യു എസ് വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. എന്നാല്‍, ഇത്തരത്തിലൊരു നീക്കം ഉണ്ടാകില്ലെന്നും ഇസില്‍ എന്ന വിനാശകാരികളായ തീവ്രവാദികളെ നേരിടാന്‍ മറ്റൊരു തീവ്രവാദി വിഭാഗത്തെ കൂട്ടുപിടിക്കില്ലെന്നാണ് തുര്‍ക്കിയുടെ വിശദീകരണം.
യു എസ് പിന്തുണയോടെ വടക്കന്‍ സിറിയയിലെ ഇസില്‍ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയ കുര്‍ദുകള്‍ നിരവധി പട്ടണങ്ങളിലും ഗ്രാമങ്ങളിലും സ്വാധീനം ഉറപ്പിച്ചിരുന്നു. എന്നാല്‍ കുര്‍ദുകളെ തുരത്തി തുര്‍ക്കി ഇവിടങ്ങളിലെല്ലാം അധികാരം സ്ഥാപിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കഴിഞ്ഞയാഴ്ച ആരംഭിച്ച തുര്‍ക്കിയുടെ സൈനിക നടപടി കുര്‍ദുകള്‍ക്ക് കനത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ഒരേസമയം കര, വ്യോമാക്രമണങ്ങളുമായി നീങ്ങുന്ന തുര്‍ക്കി സൈന്യത്തെ നേരിടാന്‍ കുര്‍ദ് സായുധ വിഭാഗത്തിന് സാധിക്കുന്നില്ല. കാലങ്ങളായി തുര്‍ക്കിക്കെതിരെ ആക്രമണം നടത്തുന്ന സായുധ വിഭാഗമാണ് കുര്‍ദുകള്‍.