യുവാവിനെ തലക്കടിച്ചുകൊന്ന കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍

Posted on: September 1, 2016 5:30 am | Last updated: August 31, 2016 at 11:31 pm
SHARE

നിലമ്പൂര്‍: യുവാവിനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ രണ്ട് തമിഴ്‌നാട് സ്വദേശികളെ അറസ്റ്റ് ചെയ്തു. നിലമ്പൂരില്‍ വര്‍ഷങ്ങളായി താമസിക്കുന്ന കന്യാകുമാരി എരണിയില്‍ സ്്‌റ്റേഷന്‍ പരിധിയിലെ കല്ലറക്കോട് രാജ്കുമാര്‍ എന്ന കണ്ണന്‍(33), കോയമ്പത്തൂര്‍ ചെട്ടിപ്പാളയം സ്റ്റേഷന്‍ പരിധിയിലെ പോത്തന്നൂര്‍ 23കലൈഞ്ജര് നഗറിലെ സുരേന്ദ്രന്‍ (23) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അഞ്ചാംമൈല്‍ സ്വദേശി മഞ്ഞത്തൊടിക നസ്‌റത്തുല്ല എന്ന ചെറിയാപ്പുവിനെ നിലമ്പൂര്‍ കോടതിപ്പടിക്കു സമീപം തലക്ക് പരുക്കേറ്റ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തെകുറിച്ച് പോലീസ് പറയുന്നതിങ്ങനെ: മരണപ്പെട്ട നസ്‌റത്തുല്ലയും പ്രതികളും സുഹൃത്തുക്കളും ഒരുമിച്ച് ജോലിയെടുക്കുന്നവരുമായിരുന്നു. സ്ഥിരമായി മദ്യപിക്കുന്ന ഇവരില്‍ ഒന്നാം പ്രതിയായ കണ്ണനും മരണപ്പെട്ട നസ്രത്തുല്ലയും ഒരുമാസം മുന്‍പ് അടിപിടി നടന്നിരുന്നു. ഇതില്‍ ഒന്നാം പ്രതിക്ക് നസ്രത്തുല്ലയോട് വിരോധമുണ്ടായിരുന്നു.
രണ്ടാം പ്രതിയായ സുരേന്ദ്രന് കഞ്ചാവ് വില്പനയുള്ള കാര്യം മരണപ്പെട്ട നസ്‌റത്തുല്ല എക്‌സൈസുകാരെ ഇടക്കിടെ അറിയിക്കാറുണ്ട്. 29 ന് രാത്രി 9 മണി വരെ ഇയാള്‍ എക്‌സൈസിന്റെ കസ്റ്റഡിയിലായിരുന്നു. ഇതേ തുടര്‍ന്നാണ് പ്രതികള്‍ ചെറിയാപ്പുവിനെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ അന്ന് രാത്രി 11 മണിയോടെ കോടതിപ്പടിക്കു സമീപം ടൈല്‍സ് ഷോപ്പിനായി നിര്‍മിക്കുന്ന ഷെഡ്ഡില്‍ കിടന്നുറങ്ങകയായിരുന്ന ചെറിയാപ്പുവിന്റെ തലയില്‍ സിമന്റ് കട്ടകളിട്ട് പരുക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് രക്തം വാര്‍ന്നാണ് മരണം സംഭവിച്ചത്. കേസില്‍ നിരവധി പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ പ്രതികളെക്കുറിച്ച് പോലീസിന് സൂചന ലഭിക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ 5 ന് നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് പ്രതികളെ പിടികൂടുന്നത്. പിടിയിലായ സുരേന്ദ്രന്‍ തമിഴ്‌നാട്ടില്‍ ബൈക്ക് മോഷണക്കേസില്‍ പെട്ട് മുങ്ങി നടക്കുകയാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.