അമിത് ഷാക്ക് കരിങ്കൊടി; ആര്‍ എസ് എസ് നേതാവിനെ പുറത്താക്കി

Posted on: September 1, 2016 5:24 am | Last updated: August 31, 2016 at 11:26 pm
SHARE

big_subhash_velingkarപനാജി: ഗോവയിലെ ബി ജെ പി സര്‍ക്കാറിനെ ശക്തമായി വിമര്‍ശിച്ചു വരുന്ന ആര്‍ എസ് എസ് നേതാവിനെ പുറത്താക്കി. സംസ്ഥാന ആര്‍ എസ് എസ് അധ്യക്ഷന്‍ സുഭാഷ് വെലിങ്കാറിനെയാണ് സംഘടന പുറത്താക്കിയത്. സുഭാഷിന്റെ നിയന്ത്രണത്തിലുള്ള ഭാഷാ സുരക്ഷാ മഞ്ച് സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷമായ വിമര്‍ശമാണ് നടത്തി വരുന്നത്. പ്രൈമറി സ്‌കൂളുകളില്‍ കൊങ്കിണി, മറാത്തി ഭാഷകള്‍ പഠന മാധ്യമമാക്കണമെന്നതടക്കമുള്ള വിഷയങ്ങളില്‍ മഞ്ച് നിരവധി സമരങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍, ബി ജെ പി അധ്യക്ഷന്‍ അമിത് ഷായുടെ ഗോവ സന്ദര്‍ശനത്തിനിടെ ഭാരതീയ ഭാഷാ സുരക്ഷാ മഞ്ചിന്റെ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതാണ് പുറത്താക്കല്‍ നടപടി വേഗത്തിലാക്കിയത്.
സുഭാഷ് വെലിങ്കാറിനെ സംഘടനയുടെ എല്ലാ ചുമതലകളില്‍ നിന്നും ഒഴിവാക്കിയതായി ആര്‍ എസ് എസ് വക്താവ് അറിയിച്ചു. ആര്‍ എസ് എസ് കൂടാതെ മറ്റൊരു രാഷ്ട്രീയ സംഘടനക്ക് വെലിങ്കാര്‍ നേതൃത്വം നല്‍കുവെന്നത് വ്യക്തമായ സാഹചര്യത്തിലാണ് പുറത്താക്കുന്നതെന്നാണ് വിശദീകരണം. കാത്തലിക് വിഭാഗം നടത്തുന്ന സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ ഗ്രാന്റ് വിതരണം ചെയ്യുന്നുവെന്ന് മഞ്ച് ആരോപിക്കുന്നു. വോട്ട് നഷ്ടപ്പെടുമെന്നോര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ ഇത്തരം സ്‌കൂളുകളില്‍ പ്രാദേശിക ഭാഷ പഠിപ്പിക്കുന്നതില്‍ നിന്ന് ഇളവ് നല്‍കുകയാണെന്നും വിമര്‍ശം ഉന്നയിക്കുന്നു. പ്രൈമറി സ്‌കൂളുകളില്‍ മാതൃഭാഷയായിരിക്കണം അധ്യയന മാധ്യമമെന്നാണ് സംഘടനയുടെ പ്രധാന ആവശ്യം. അതിനിടെ, വെലിങ്കാറിനെ പുറത്താക്കിയത് വലിയ രാഷ്ട്രീയ പ്രതിഷേധത്തിന് വഴിവെക്കുമെന്നും ഭാരതീയ ഭാഷാ സുരക്ഷാ മഞ്ചിനെ രാഷ്ട്രീയ പാര്‍ട്ടിയായി മാറ്റുമെന്നും 2017 ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
വെലിങ്കാറിനെ പുറത്താക്കയത് സംഭവിക്കാന്‍ പാടില്ലാത്ത കാര്യമായിരുന്നുവെന്ന് മുഖ്യമന്ത്രി ലക്ഷ്മി കാന്ത് പര്‍സേകര്‍ പ്രതികരിച്ചു. ബി ജെ പി നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാറിനെതിരെ പ്രവര്‍ത്തിച്ചത് കൊണ്ടാണ് വെലിങ്കാറിനെ പുറത്താക്കിയതെന്ന് ആര്‍ എസ് എസ് വക്താവ് മന്‍മോഹന്‍ വൈദ്യ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here