പാകിസ്ഥാന് താക്കീതായി ബലൂച് ഭാഷയില്‍ ആകാശവാണി പ്രക്ഷേപണം

Posted on: September 1, 2016 5:16 am | Last updated: August 31, 2016 at 11:18 pm

ന്യൂഡല്‍ഹി: പാക്കിസ്ഥാന് ശക്തമായ താക്കീതുമായി ബലൂചി ഭാഷയില്‍ ആകാശവാണി പ്രക്ഷേപണം വര്‍ധിപ്പിക്കുന്നു. ഇതിനുള്ള അനുമതി ആകാശവാണിക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയതായി വാര്‍ത്താ ഏജന്‍സി എന്‍എന്‍ ഐയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ബലൂചിസ്ഥാനിലുള്ള ജനങ്ങളുടെ അവസ്ഥയെ കുറിച്ച് ആശങ്ക പുറത്തുവിട്ടതിന് പിന്നാലെയാണ് പാകിസ്ഥാനെ പ്രകോപിപ്പിക്കുന്ന തരത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കം. ബലൂച് ഭാഷയിലെ സേവനങ്ങള്‍ വര്‍ധിപ്പിക്കാന്‍ ആള്‍ ഇന്ത്യാ റേഡിയോ (എ ഐ ആര്‍) തീരുമാനിച്ചിട്ടുണ്ട്. 1974ല്‍ ഇന്ദിരാഗാന്ധിയുടെ കാലത്ത് തന്നെ ബലൂച് ഭാഷയില്‍ ആകാശവാണി സേവനങ്ങള്‍ തുടങ്ങിയിട്ടുണ്ടെങ്കിലും ഈ ഭാഷയില്‍ വാര്‍ത്താ പ്രക്ഷേപണ ദൈര്‍ഘ്യം കൂട്ടാനാണ് ഇപ്പോഴത്തെ നീക്കം.
നിലവില്‍ ബലൂച് ഭാഷയിലുള്ള വാര്‍ത്തയുടെ ദൈര്‍ഘ്യം പത്ത് മിനുട്ടാണ്. അത് കൂട്ടും. നേരത്തെ ബലൂച് റിപബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ബുഗ്തിയുടെ അഭിമുഖത്തിനായി ഒരു സംഘത്തെ ദൂരദര്‍ശന്‍ ജനീവയിലേക്ക് അയച്ചിരുന്നു. നിലവില്‍ 108 രാജ്യങ്ങളിലായി 27 ഭാഷകളില്‍ ആള്‍ ഇന്ത്യാ റേഡിയോ സംപ്രേക്ഷണം നടത്തുന്നുണ്ട്. ഇവയില്‍ ഉള്‍പ്പെടുന്ന 15 വിദേശ ഭാഷകളില്‍ ഒന്നാണ് ബലൂച് ഭാഷ.
ഇറാനുമായും അഫ്ഗാനിസ്ഥാനുമായും അതിര്‍ത്തി പങ്കിടുന്ന പാക് പ്രവിശ്യയായ ബലൂചിസ്ഥാനില്‍ നടക്കുന്ന സ്വാതന്ത്ര്യസമരത്തെ അനുകൂലിച്ചും അതിനെ അടിച്ചമര്‍ത്തുന്ന പാക്് നയത്തെ പരോക്ഷമായി അപലപിച്ചുമായിരുന്നു ചെങ്കോട്ടയിലെ മോദിയുടെ സ്വാതന്ത്ര്യദിന പ്രഭാഷണം. ഇതിനു പിന്നാലെ മോദിയെ അഭിനന്ദിച്ച് ബലൂചിസ്ഥാന്‍ നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. സ്വതന്ത്ര ബലൂചിസ്ഥാന്‍ എന്ന ആവശ്യത്തിനു പാക്കിസ്ഥാന്റെ ചരിത്രത്തോളം പഴക്കമുണ്ട്. 1970 കളില്‍ നടന്ന പ്രക്ഷോഭത്തെ അടിച്ചമര്‍ത്തിയ പാക്കിസ്ഥാന്‍ ബലൂചിസ്ഥാനില്‍ ഇന്ത്യ വിഘടനവാദം വളര്‍ത്തുന്നുവെന്ന് കാലാകാലങ്ങളായി ഉന്നയിച്ചുവരുന്ന ആരോപണമാണ്.
ഭൂ വിസ്തൃതിയില്‍ പാക്കിസ്ഥാന്റെ മൂന്നില്‍ രണ്ടോളം വരുമെങ്കിലും പ്രകൃതിവാതക നിക്ഷേപവും ധാതുക്കളും കൊണ്ടു സമ്പന്നമായ ഇവിടെ പാക്കിസ്ഥാനിലെ അഞ്ചിലൊന്നേ ജനസംഖ്യയുള്ളൂ.