Connect with us

Editorial

ആ അറബിയുടെ ഉപമ ആകാതിരിക്കട്ടെ

Published

|

Last Updated

മാറ്റത്തിന് ശീഘ്രഗതിയുള്ള പുതിയ ലോകത്ത് ഒരേ നയതന്ത്ര ചാലിലൂടെ തന്നെ കലപ്പ പിടിക്കണമെന്ന ശാഠ്യം പ്രായോഗികമല്ല. എന്നാല്‍, അതില്‍ നയവും തന്ത്രവും ഉണ്ടായിരിക്കണമെന്നത് പ്രധാനമാണ്. അതുണ്ടോ എന്ന സന്ദിഗ്ധതയാണ് കഴിഞ്ഞ ദിവസം പെന്റഗണില്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറും യു എസ് പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടറും ഒപ്പിട്ട “ലോജിസ്റ്റിക് എക്‌സചേഞ്ച് മെമ്മോറാണ്ടം ഓഫ് എഗ്രിമെന്റ്” മുന്നോട്ടു വെക്കുന്നത്.
കരാര്‍ ഒപ്പ് വെച്ചതോടെ സൈനിക വിന്യാസങ്ങള്‍ക്കായി കര, നാവിക, വ്യോമ താവളങ്ങളും സൗകര്യങ്ങളും പരസ്പരം ഉപയോഗിക്കാന്‍ കഴിയും. പ്രതിരോധ വ്യാപാരം വിപുലമാക്കുമെങ്കിലും അമേരിക്കയുടെ സ്ഥിരം താവളം ഇവിടെയുണ്ടാകില്ലെന്ന് പരീക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇരു രാജ്യങ്ങള്‍ക്കും ഒരു പോലെ ഗുണം ചെയ്യുമെന്ന് പറയുമ്പോഴും സാമാന്യ നയതന്ത്ര സാക്ഷരതയുള്ള ഒരാളും അതംഗീകരിക്കുമെന്ന് തോന്നുന്നില്ല. ഒരിക്കലും താരതമ്യമില്ലാത്ത രണ്ട് തലത്തിലുള്ള നയതന്ത്രമാണ് ഇന്ത്യയും അമേരിക്കയും പുലര്‍ത്തിപ്പോരുന്നത്. സമീപ കാലത്തൊന്നും അതില്‍ നിന്നൊരു കുതറിമാറ്റമോ എടുത്തു ചാട്ടമോ ഇരു കൂട്ടര്‍ക്കും സുസാധ്യമല്ല താനും.
പേടിപ്പിച്ചു നിര്‍ത്തിയല്ല, ആദരവ് പിടിച്ചുപറ്റിയാണ് നമ്മള്‍ ലോകത്തിനു മുമ്പില്‍ നട്ടെല്ല് നിവര്‍ത്തി നിന്നത്. യുദ്ധോത്സുകമല്ല, സമാധാന വഴികളാണ് നമ്മുടേത്. ലോകത്തെല്ലായിടത്തും അധിനിവേശമോ സൈനിക ഉന്നങ്ങളോ ഇല്ല. എന്നാല്‍ അമേരിക്കയുടെ മോഹം അതല്ല. അവര്‍ക്ക് നമ്മുടെ അയല്‍വട്ടമുള്‍പ്പെടെ ലോകത്തെല്ലായിടത്തും വലിയ ലാക്കുകളുണ്ട്; കോപ്പുണ്ട്. ആ നിലയില്‍ അവരുടെ കൗശലമാണ് ജയിക്കുന്നത്. ഇന്ത്യക്ക് തുലോം തുച്ഛം ഗുണമേ ഉണ്ടാകൂ എന്ന സൈനിക മേധാവികളുടെ നിലപാട്് വാര്‍ത്തയായിരുന്നു. ഇന്ത്യക്ക് ദുരിതാശ്വാസം, ദുരന്തനിവാരണം തുടങ്ങിയ സമാധാന സൈനിക ആവശ്യങ്ങളാണ് വല്ലപ്പോഴും ഉണ്ടാകുക. എന്നാല്‍, പെന്റഗണ്‍ ഓരോ പ്രഭാതത്തിലും പുതിയ ഓരോ കുരുതിക്കളങ്ങള്‍ വിഭാവനം ചെയ്യുന്നുണ്ടല്ലോ.
സഹകരണം സുഗമമാക്കാന്‍ അമേരിക്ക ഒപ്പ് വെക്കുന്ന നാല് അടിസ്ഥാന കരാറുകളില്‍ രണ്ടാമത്തേതാണിത്. നാല് കരാറുകളിലും ഒപ്പ് വെക്കണമെന്ന് അവര്‍ ഇന്ത്യക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. ഈ സമ്മര്‍ദം തന്നെ വ്യക്തമാക്കുന്നുണ്ടല്ലോ ആരാണ് മുന്തിയ ഗുണഭോക്താവ് എന്ന്. മാത്രമല്ല, പരീക്കറിന്റെ വാക്കുകളിലുള്ള പതര്‍ച്ചയിലും ഇത് വ്യക്തമാണ്. ക്ഷമാപണ മനസ്ഥിതിയോടെയാണല്ലോ അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചത്. അമേരിക്കയുടെ പ്രധാന സഖ്യരാജ്യമായി കയറ്റം കിട്ടിയെന്ന് ആവേശംകൊള്ളുകയാണ് നമ്മുടെ ഭരണകൂടം. അമേരിക്കക്കൊപ്പം പോയി കൈ പൊള്ളിയ സഖ്യരാഷ്ട്രങ്ങളുടെ അനുഭവം അധികം പഴയതല്ല എന്ന് നാം ഓര്‍ക്കണം.
എന്തെല്ലാം പ്രതികരണങ്ങള്‍ക്കും പ്രത്യാഘാതങ്ങള്‍ക്കുമാണ് കരാര്‍ ഇട നല്‍കുക? റഷ്യയോടുള്ള സൗഹൃദം, ചൈനയുമായുള്ള അതിര്‍ത്തി പങ്കിടല്‍, അറബ്, ഇസ്‌ലാമിക് രാജ്യങ്ങളിലെ സവിശേഷ സാഹചര്യം തുടങ്ങി ഒരുപാട് വിഷയങ്ങളുമായി ബന്ധപ്പെട്ടതാണിത്. ചൈനയെ കരാര്‍ ചകിതമാക്കുമെന്ന് ഉറപ്പാണ്. ചൈനയും പാക്കിസ്ഥാനും തമ്മിലുള്ള പാരസ്പര്യം ശക്തിപ്പെടും. ഒരുപക്ഷേ, പരുക്കന്‍ അയല്‍ക്കാരെ ഈ കരാര്‍ നമുക്ക് സമ്മാനിച്ചേക്കാം. ഏതായാലും സമാധാനപരമായ വംശപാരമ്പര്യമുള്ള അയല്‍ക്കാര്‍ തന്ത്രപരവും സൈനികവുമായ ഊര്‍ജം പരസ്പരം തുരങ്കം വെക്കാന്‍ വ്യയം ചെയ്യുന്നത് സ്വന്തം ജനതയോട് ചെയ്യുന്ന അപരാധമാകും.
അമേരിക്ക വിശ്വസിക്കാന്‍ കൊള്ളുന്ന സുഹൃത്താണെന്നത് ചരിത്രം ശരി വെക്കുന്നില്ല. രാജ്യങ്ങളെയും ഭരണനേതൃത്വത്തെയും കൊണ്ടുനടക്കുകയും കൊണ്ടുപോയ് കൊലക്ക് കൊടുക്കുകയും ചെയ്ത പാരമ്പര്യമാണതിനുള്ളത്. ഒരു യാത്രയില്‍ തന്നെ ന്യൂഡല്‍ഹിയിലും ഇസ്‌ലാമാബാദിലും വിമാനമിറങ്ങാനും ഓരോയിടത്തേക്കും പറ്റുന്ന പ്രസ്താവനകള്‍ പുറപ്പെടുവിക്കാനും അവര്‍ കാണിക്കുന്ന മിടുക്കും മെയ്‌വഴക്കവും അസാമാന്യമായ ഒന്നാണ്.
ഇനി മുതല്‍ അവരുടെ താത്പര്യങ്ങള്‍ നമ്മുടെ കൂടി താത്പര്യങ്ങളാകണം. അവരുടെ ശത്രു നമ്മടെ കൂടി ശത്രുവാകണം. യു എസ് തുറന്നുവിട്ട ഭീകരഭൂതങ്ങളും അവര്‍ ഊര്‍ജം നല്‍കിയ സായുധ ഗ്രൂപ്പുകളും ചിതറിപ്പോയ രാഷ്ട്രീയ സ്ഥിരതയുമെല്ലാം ലോകത്തിന്റെ തന്നെ ഉറക്കം കെടുത്തുന്നു. അതിന്റെയൊക്കെ രാഷ്ട്രീയ വിഹിതവും സാമ്പത്തിക ഭാരവും നമ്മളും പങ്ക് പറ്റേണ്ടിവരുമോ? ഇന്ത്യന്‍ വിപണി കണ്ട് അമേരിക്കന്‍ കമ്പനികളുടെ വായില്‍ വെള്ളമൂറാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഈ സൗഹൃദ നാട്യത്തിന്റെയൊക്കെ ആത്യന്തിക ലാക്ക് ആ വിപണിയാണ്. ആണവ കരാര്‍ ഒപ്പിട്ട യു പി എ പോലും ഇപ്പോഴത്തെ കരാറിന്് എതിരായി എന്നറിയുമ്പോഴാണ് അത്ര വലിയ കെണിയാണോ എന്ന ചിന്ത വരിക. ഏതായാലും ഇത് ചരിത്രനിഷേധമാണ്. നയതന്ത്രപരമായ വലിയ ഇടര്‍ച്ചയും.
അമേരിക്കയുടെ സ്ഥിരം താവളം ഇന്ത്യയില്‍ ഉണ്ടാകില്ലെന്ന് സമാശ്വസിക്കുന്നുണ്ട് വിദേശകാര്യ മന്ത്രി; നല്ലത്. പഴയ ആ കഥയുണ്ടല്ലോ ഒട്ടകത്തിന് കൂടാരത്തില്‍ ഇടം കൊടുത്ത പാവം അറബിയുടെ. സമാനമായ അനുഭവമാകാതിരിക്കട്ടെ നമ്മുടേത്. ഏതായാലും സംയുക്ത വാര്‍ത്താ സമ്മേളനങ്ങളിലും വിദേശ യാത്രകളിലും “നമ്മളും അമേരിക്കയും” എന്ന് പറയാന്‍ ഒരവസരം കിട്ടുമല്ലോ നമുക്ക്. അതു മതി. അതിന്നായി നാം ഒടുക്കേണ്ടിവരുന്ന വില എത്ര കൊടിയതായാലും.

---- facebook comment plugin here -----

Latest