Connect with us

Articles

സര്‍ക്കാര്‍ 'ശരിയാക്കി'ത്തുടങ്ങി

Published

|

Last Updated

നൂറ് ദിവസം തികയുന്നതിന് മുമ്പ് തന്നെ ജനവിരുദ്ധമായി മാറി എന്നതാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാറിന്റെ നേട്ടം. ഏത് സര്‍ക്കാര്‍ അധികാരത്തിലേറിയാലും ആറ് മാസത്തെ ഹണിമൂണ്‍ ഘട്ടം അനുവദിച്ചു കൊടുക്കാറുള്ളതാണ്. അതുകൊണ്ട് തന്നെ ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ ആറ് മാസത്തേക്ക് സമരപരിപാടികളൊന്നും വേണ്ടെന്നാണ് യു ഡി എഫ് തീരുമാനിച്ചത്. പക്ഷേ ആറ് മാസമല്ല, രണ്ട് മാസമെത്തും മുമ്പ് തന്നെ ഇടതു സര്‍ക്കാര്‍ അതിന്റെ ജനവിരുദ്ധത പുറത്തെടുത്തു. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ സര്‍ക്കാര്‍ ജനങ്ങളെയും സംസ്ഥാനത്തെയും ശരിപ്പെടുത്തുന്ന കാഴ്ചയാണ് കണ്ടത്. തുടക്കത്തിലാണെങ്കിലും കൈയും കെട്ടി നോക്കി നില്‍ക്കാന്‍ ഉത്തരവാദിത്വമുള്ള ഒരു പ്രതിപക്ഷത്തിനും കഴിയില്ല. അതിനാലാണ് നൂറ് ദിവസമെത്തുന്നതിന് മുമ്പ് തന്നെ സമര രംഗത്തിറങ്ങാന്‍ യു ഡി എഫ് നിര്‍ബന്ധിതമായത്.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ദീര്‍ഘകാല പോരാട്ടത്തെ ഒറ്റിക്കൊടുക്കുന്ന പ്രസ്താവനയോടെയാണ് ഈ ഭരണത്തിന് തുടക്കം കുറിച്ചത്. കേരളത്തിലെ മൂന്ന് ജില്ലകളിലെ ജനങ്ങളുടെ മേല്‍ ഏത് നിമിഷവും പതിക്കാവുന്ന ജലബോംബ് എന്ന നിലക്കാണ് കേരളക്കാര്‍ മുല്ലപ്പെരിയാറിനെ കാണുന്നത്. എന്നാല്‍ ഡാം സുരക്ഷിതമാണെന്ന വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടും കണക്കിലെടുക്കണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്തിനാണ് അദ്ദേഹമത് പറഞ്ഞതെന്നത് ഇപ്പോഴും ദുരൂഹമാണ്. ഒരുപക്ഷേ അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ മുഖ്യരാഷ്ട്രീയ എതിരാളിയായ വി എസ് അച്യുതാനന്ദന്‍ മുല്ലപ്പെരിയാര്‍ സമരത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്നതുകൊണ്ടാകാം എതിര്‍ നിലപാട് സ്വീകരിച്ചത്. പിന്നീട് മുഖ്യമന്ത്രി അത് തിരുത്തിയെങ്കിലും തമിഴ്‌നാട് അതിനകം അതിന്മേല്‍ മുതലെടുപ്പ് നടത്തിക്കഴിഞ്ഞിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാന മന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് കണ്ട് ജലനിരപ്പ് 152 അടിയാക്കണമെന്നാവശ്യപ്പെട്ടു.
കുടുംബാംഗങ്ങള്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടില്ലാത്ത ഭാഗപത്ര രജിസ്‌ട്രേഷന്റെ ഫീസ് കുത്തനെ ഉയര്‍ത്തിയതോടെ ഈ സര്‍ക്കാര്‍ സാധാരണക്കാരുടെ കൂടെയല്ലെന്ന് തെളിയിച്ചു. ഒരു അച്ഛന്‍ മകന് 20 ലക്ഷം രൂപയുടെ സ്വത്ത് കൈമാറുമ്പോള്‍ നേരത്തെ 1000 രൂപ രജിസ്‌ട്രേഷന് മതിയായിരുന്നെങ്കില്‍ ഇപ്പോള്‍ 59,000 രൂപ വേണം. കനത്ത പ്രതിഷേധമുയര്‍ന്നിട്ടും തെറ്റു തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല എന്നതാണ് ശ്രദ്ധേയം.
ഇത്തവണത്തെ സ്വാശ്രയ മെഡിക്കല്‍, ദന്തല്‍ പ്രവേശം അലങ്കോലമാക്കിയത് സര്‍ക്കാറിന്റെ പിടിപ്പ്‌കേടിന്റെയും ധാരണക്കുറവിന്റെയും ഫലമായാണ്. ദന്തല്‍ കോളജ് ഫീസ് ഏകീകരിച്ചത് മണ്ടത്തരമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിച്ചപ്പോഴാണ് സര്‍ക്കാറിനത് ബോധ്യപ്പെട്ടത്. തുടന്ന് അത് തിരുത്തിയെങ്കിലും മെഡിക്കല്‍ സീറ്റുകളെല്ലാം ഏറ്റെടുക്കുന്ന മണ്ടത്തരം പിന്നാലെ കാണിച്ചു. അത് കോടതി റദ്ദാക്കി. ആയിരക്കണക്കിന് കുട്ടികളും രക്ഷിതാക്കളുമാണ് ഈ സര്‍ക്കസ് കാരണം തീ തിന്നുന്നത്.
ഓണപ്പരീക്ഷ എത്തിയിട്ടും പാഠപുസ്തകങ്ങള്‍ കിട്ടിയില്ലെന്ന് പറഞ്ഞ് കഴിഞ്ഞ വര്‍ഷം ഈ സമയം ഇടതു പക്ഷ യുവജന സംഘടനകള്‍ കേരളത്തെ കീഴ്‌മേല്‍ മറിക്കുകയായിരുന്നു. എന്നിട്ടിപ്പോഴോ? പാഠപുസ്തകങ്ങള്‍ ഓണപ്പരീക്ഷ എത്തിയിട്ടും കിട്ടിയിട്ടില്ല. അന്ന് സമരം ചെയ്ത ഇടതു യുവജനങ്ങളെ മഷിയിട്ട് നോക്കിയിട്ടും കാണാനില്ല.
യു ഡി എഫ് സര്‍ക്കാര്‍ അറുതി വരുത്തിയ രാഷ്ട്രീയ കൊലപാതക പരമ്പര ഇരട്ടി ശക്തിയോടെ മടങ്ങി എത്തി എന്നതാണ് ഇടതു സര്‍ക്കാര്‍ വഴി സമൂഹത്തിന് ലഭിച്ച ഏറ്റവും വലിയ ആഘാതം. കണ്ണൂരില്‍ ഇടക്ക് നിലച്ചിരുന്ന സി പി എം-ബി ജെ പി കൊലക്കളി വീണ്ടും പൊട്ടിപ്പുറപ്പെട്ടു. നാദാപുരത്ത് കോടതി വെറുതെ വിട്ട ലീഗ് പ്രവര്‍ത്തകനെ കൊലക്കത്തിക്ക് ഇരയാക്കി.
കൊലപാതകികള്‍ക്ക് ഒത്താശ ചെയ്യുന്ന തരത്തിലേക്ക് പോലീസിന്റെ പ്രവര്‍ത്തനം ചുരുങ്ങിയ കാലം കൊണ്ട് പരിവര്‍ത്തനപ്പെട്ടു എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. കൊലപാതക കേസുകളില്‍ പാര്‍ട്ടി ഓഫീസില്‍ നിന്ന് കൊടുക്കുന്ന പ്രതികളുടെ ലിസ്റ്റ് സ്വീകരിക്കാന്‍ മടിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നു. പകരം തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന ഓഫീസര്‍മാരെ കൊണ്ടു വന്ന് കൊലപാതക കേസുകള്‍ അട്ടിമറിക്കുകയാണ്. പാര്‍ട്ടി ഓഫീസുകളില്‍നിന്ന് നിശ്ചയിച്ച് നല്‍കുന്ന “കൂലി പ്രതികളെ” പിടികൂടുന്ന സമ്പ്രദായം അവസാനിപ്പിച്ച് യഥാര്‍ഥ പ്രതികളെ പിടികൂടി തുടങ്ങിയതോടെയാണ് യു ഡി എഫ് സര്‍ക്കാറിന് രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് കടിഞ്ഞാണിടാനായത്. അത് അട്ടിമറിക്കുകയാണ് ഇടതു സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തത്. പാടത്ത് പണിക്ക് വരമ്പത്ത് കൂലി എന്നു പറഞ്ഞ് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അക്രമ രാഷ്ട്രീയത്തിന് ആഹ്വാനം നല്‍കുകയും ചെയ്തു.
നാട്ടില്‍ കവര്‍ച്ചയും പിടിച്ചുപറിയും അക്രമവും വര്‍ധിച്ചതായാണ് കണക്കുകള്‍. അതു തടയേണ്ട പോലീസ് പക്ഷെ നിര്‍വീര്യമാണ്. പോലീസിനെ പാര്‍ട്ടിവത്കരിക്കുന്നതിനാല്‍ അവര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാകുന്നില്ല. അന്യ രാജ്യക്കാര്‍ക്കുപോലും കേരളം കവര്‍ച്ചക്ക് പറ്റിയ ഭൂമിയായി മാറിയെന്നാണ് എ ടി എം കൊള്ള തെളിയിക്കുന്നത്. ഇതില്‍ വിദേശിയായ ഒരു പ്രതിയെ പിടിച്ചതിനപ്പുറം കൂട്ടുപ്രതികളെ കുടുക്കാന്‍ കഴിയാതെ പോലീസ് ഇരുട്ടില്‍ത്തപ്പുന്നു.
നൂറ് ദിവസം പിന്നിട്ടിട്ടും ഭരണം നന്നാകുന്ന ലക്ഷണമൊന്നും കാണിക്കുന്നില്ല. സെക്രട്ടേറിയറ്റില്‍ ഫയലുകള്‍ നീങ്ങുന്നില്ല. എ കെ ജി സെന്ററിന്റെ അംഗീകാരം ഉണ്ടെങ്കില്‍ മാത്രമേ ഫയലുകള്‍ക്ക് ചലനം ഉണ്ടാകുകയുള്ളൂ. മുഖ്യമന്ത്രിയാകട്ടെ ജീവനക്കാരുടെ ആത്മവീര്യം തകര്‍ക്കുന്ന രീതിയിലാണ് അവരെ ഭര്‍ത്സിക്കുന്നത്. മുഖ്യമന്ത്രിയില്‍ അധികാരമെല്ലാം കേന്ദ്രീകരിക്കുന്ന ഏകാധിപത്യ പ്രവണതയാണ് കാണുന്നത്. സുതാര്യതയെക്കുറിച്ച് വാ തോരാതെ പ്രസംഗിച്ചവര്‍ ഇപ്പോള്‍ എല്ലാം അടച്ചുമൂടി വെക്കുകയാണ്. മന്ത്രിസഭാ തീരുമാനങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്ന രീതി അവസാനിപ്പിച്ചു. മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുകയോ കാര്യങ്ങള്‍ വിശദീകരിക്കുകയോ ചെയ്യുന്നില്ല. വിവരാവകാശ നിയമപ്രകാരം പോലും മന്ത്രിസഭാ വിവരങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കില്ല എന്ന വാശിയിലാണ് സര്‍ക്കാര്‍.
ഓണക്കാലമായതോടെ വില വാനോളം കുതിച്ചുയര്‍ന്നിട്ടും ഫലപ്രദമായി മാര്‍ക്കറ്റില്‍ ഇടപെടാന്‍ സര്‍ക്കാറിന് കഴിയുന്നില്ല. നഷ്ടമെന്ന് പറഞ്ഞ് നന്മ സ്റ്റോറുകള്‍ അടച്ചുപൂട്ടി. ലാഭനഷ്ടം നോക്കിയല്ല മാവേലി സ്റ്റോറുകളും നന്മ സ്റ്റോറുകളും നടത്തേണ്ടത്. വില പിടിച്ചുനിര്‍ത്തുന്നതിനുള്ള ഉപാധികളാണ് അവ. ഇത്തവണത്തെ ഓണച്ചന്തകളും വെട്ടിച്ചുരുക്കിയിരിക്കുന്നു. കഴിഞ്ഞ തവണ 25 ദിവസത്തിലേറെ ഓണച്ചന്ത നടത്തിയെങ്കില്‍ ഇത്തവണ 10 മുതല്‍ 12 ദിവസം വരെ മാത്രമേ ഉള്ളൂ.
ഉപദേശി വിവാദമാണ് സര്‍ക്കാറിന്റെ മറ്റൊരു സംഭാവന. സര്‍ക്കാറിനെതിരായ കേസുകളില്‍ ഹാജരാകുന്ന അഭിഭാഷകനെയാണ് മുഖ്യമന്ത്രി നിയമ ഉപദേശകനായി വെച്ചത്. വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് ആ നീക്കം പൊളിഞ്ഞെങ്കിലും ഭരണക്കാരുടെ മനസ്സിലിരിപ്പ് അതുവഴി പുറത്തുവന്നു. നാഴികക്കു നാല്‍പതുവട്ടം മുതളാലിത്തത്തെ തള്ളിപ്പറയുന്ന വിപ്ലവകാരികള്‍ മുതലാളിത്തത്തിന്റെ ഏജന്റായ സാമ്പത്തിക വിദഗ്ധയെ ഉപദേഷ്ടാവായി വെച്ചത് മറ്റൊരു തമാശ. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനാത്തുനിന്ന് പ്രശസ്ത സ്‌പോര്‍ട്‌സ് താരം അഞ്ജു ബോബി ജോര്‍ജിനെ അപമാനിച്ച് ഇറക്കിവിട്ടത്, രാഷ്ട്രീയ പരിഗണനവെച്ച് മാത്രം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റിയതുള്‍പ്പെടെ ഒട്ടേറെയുണ്ട് വെറെയും “നേട്ടങ്ങള്‍”.
വി എസ് അച്യുതാനന്ദനെ ഭരണപരിഷ്‌കാര ചെയര്‍മാനാക്കി മൂലക്ക് ഒതുക്കിയിരുത്തി എന്നതാണ് ഈ സര്‍ക്കാറിന്റ മറ്റൊരു നേട്ടം. വി എസിന് ക്യാബിനറ്റ് പദവി നല്‍കിയെന്നുമാത്രമല്ല, ചീഫ് സെക്രട്ടറി റാങ്കില്‍ റിട്ടയര്‍ ചെയ്ത രണ്ട് ഐ എ എസുകാരെ അംഗങ്ങളാക്കുകയും ചെയ്തു. വന്‍ തുകയാണ് ഖജനാവില്‍ നിന്ന് ഈ വഴിക്ക് ഒഴുകിപോവുക.

Latest