വിനോദസഞ്ചാര മേഖലയില്‍ ഖത്വര്‍ നിക്ഷേപം ക്ഷണിച്ച് ഇന്ത്യ

Posted on: August 31, 2016 8:42 pm | Last updated: September 3, 2016 at 10:38 pm
SHARE
ഇന്ത്യയിലെ നിക്ഷേപാവസരങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഖത്വറിലെത്തിയ  പ്രതിനിധിസംഘം അംബാസിഡര്‍ സഞ്ജീവ് അറോറക്കൊപ്പം
ഇന്ത്യയിലെ നിക്ഷേപാവസരങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഖത്വറിലെത്തിയ
പ്രതിനിധിസംഘം അംബാസിഡര്‍ സഞ്ജീവ് അറോറക്കൊപ്പം

ദോഹ: ഇന്ത്യയുടെ 120 ബില്യന്‍ ഡോളര്‍ മൂല്യംവരുന്ന വിനോദസഞ്ചാര മേഖലയിലേക്ക് ഖത്വര്‍ പൗരന്മാരുടെയും വിദേശ ഇന്ത്യക്കാരുടെയും നിക്ഷേപം സ്വാഗതം ചെയ്ത് നിക്ഷേപ പ്രതിനിധി സംഘം. ലോക യാത്രാ, വിനോദസഞ്ചാരം സമിതി (ഡബ്ല്യു ടി ടി സി)യുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ച വര്‍ഷം 7.5 ശതമാനമാണ്. 2014ല്‍ സമ്പദ്‌വ്യവസ്ഥയിലേക്ക് 7.64 ടില്യന്‍ രൂപയും (416 ബില്യന്‍ ഖത്വര്‍ റിയാല്‍) 36.7 മില്യന്‍ തൊഴിലുകളും സംഭാവന നല്‍കാന്‍ സാധിച്ചു. കഴിഞ്ഞ വര്‍ഷം 8.22 ട്രില്യന്‍ രൂപയും 37.4 ബില്യന്‍ തൊഴിലുകളും സംഭാവന നല്‍കാനും സാധിച്ചു.
വിനോദസഞ്ചാര മേഖലയിലെ നിക്ഷേപ പങ്കാളിത്തം സുഗമമാക്കാന്‍ എല്ലാ ഫയല്‍ പ്രതിബന്ധങ്ങളും നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഇന്ത്യന്‍ ബിസിനസ്സ് ആന്‍ഡ് പ്രൊഫഷനല്‍ നെറ്റ്‌വര്‍ക് (ഐ ബി പി എന്‍) സംഘടിപ്പിച്ച യോഗത്തില്‍ പ്രതിനിധി സംഘം അറിയിച്ചു. സെപ്തംബര്‍ 21- 23 തീയതികളില്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ വിനോദസഞ്ചാര നിക്ഷേപക ഉച്ചകോടിയിലേക്ക് വ്യവസായ പ്രമുഖരെ ക്ഷണിച്ചിട്ടുണ്ട്. യോഗത്തിന് മുമ്പ് ഖത്വര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയിലെയും ഖത്വരി ബിസിനസ്‌മെന്‍ അസോസിയേഷനിലെയും പ്രമുഖരെ പ്രതിനിധി സംഘം കണ്ടിരുന്നു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി ഐ ഐ) ഡയറക്ടര്‍ നന്ദിനി കാളിത, ഇന്‍വെസ്റ്റ് ഇന്ത്യയുടെ വരുണ്‍ സൂദ്, ഇന്ത്യന്‍ ടൂറിസം അസി. ഡയറക്ടര്‍ ഐ ആര്‍ വി റാവു എന്നിവര്‍ ഉള്‍പ്പെടുന്നതാണ് പ്രതിനിധിസംഘം. യോഗത്തില്‍ പദവിയൊഴിയുന്ന അംബാസിഡര്‍ സഞ്ജീവ് അറോറ, ഐ ബി പി എന്‍ പ്രസിഡന്റ് കെ എം വര്‍ഗീസ്, ജനറല്‍ സെക്രട്ടറി യാസിര്‍ നൈനാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.