ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഫേസ്ബുക്കിന് കൈമാറാനുള്ള വാട്‌സാപ്പ് നയത്തിനെതിരെ ഹരജി

Posted on: August 31, 2016 7:21 pm | Last updated: August 31, 2016 at 7:21 pm
SHARE

watsaap facebookന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഫേസ്ബുക്കിന് കൈമാറാനുള്ള വാട്‌സാപ്പ് നയത്തിനെതിരെ ഡല്‍ഹി ഹൈകോടതിയില്‍ ഹരജി. വിഷയത്തില്‍ ചീഫ് ജസ്റ്റിസ് ജി.രോഹിണിയും ജസ്റ്റിസ് സംഗീതാ ദിഗ്രയുമടങ്ങിയ ബെഞ്ച് കഴിഞ്ഞ ദിവസം ടെലീകമ്യൂണിക്കേഷന്‍ വിഭാഗത്തിനും ടെലികോം റെഗുലേറ്ററി അതോറിറ്റിക്കും നോട്ടീസ് അയച്ചിട്ടുണ്ട്. അടുത്ത മാസം 14നകം ഇതിന് മറുപടി നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

പുതിയ തീരുമാനം വാട്‌സാപ്പിന്റെ 2012ലെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നും ദശലക്ഷക്കണക്കിനാളുകളുടെ സ്വകാര്യതയെ അപകടത്തിലാക്കുമെന്നും വാദിച്ച് കര്‍മന്യസിങ് സരീന്‍, ശ്രേയാ സേതി എന്ന രണ്ടു വിദ്യാര്‍ഥികളാണ് ഡല്‍ഹി ഹൈകോടതിയെ സമീപിച്ചത്.

ഉപഭോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുന്നതിനാല്‍ വിവരങ്ങള്‍ ഫേസ്ബുക്കിന് നല്‍കില്ലെന്ന നയമാണ് ഇതുവരെ വാട്‌സാപ്പ് സ്വീകരിച്ചിരുന്നത്. വിവര കൈമാറ്റത്തിലൂടെ വാട്‌സ്ആപില്‍നിന്നും ലഭിക്കുന്ന കോണ്ടാക്ടുകളില്‍ ബന്ധിപ്പിച്ചിരിക്കുന്ന ഫേസ്ബുക്ക് അക്കൗണ്ടുകള്‍ വഴി ഫ്രണ്ട് അഭ്യര്‍ഥനയും പരസ്യങ്ങളും വാട്‌സ്ആപ് ഉപഭോക്താക്കളുടെ ഫേസ്ബുക് വാളില്‍ പ്രദര്‍ശിപ്പിക്കും. 2014 ലാണ് വാട്‌സാപ്പിനെ ഫേസ്ബുക്ക് ഏറ്റെടുത്തത്.