പ്രമുഖ സിപിഎം നേതാവ് വിവി ദക്ഷിണാമൂര്‍ത്തി അന്തരിച്ചു

Posted on: August 31, 2016 4:04 pm | Last updated: August 31, 2016 at 9:42 pm
SHARE

 

dakshinamoorthiകോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വിവി ദക്ഷിണാമൂര്‍ത്തി( 82) അന്തരിച്ചു.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് പേരാമ്പ്രയ്ക്ക് സമീപം പാലേരിയിലെ വീട്ടുവളിപ്പിലാണ് സംസ്‌ക്കാരം.
ദീര്‍ഘകാലം ദേശാഭിമാനി ചീഫ് എഡിറ്ററായിരുന്ന ദക്ഷിണാമൂര്‍ത്തി കഴിഞ്ഞയാഴ്ചയാണ് സ്ഥാനം ഒഴിഞ്ഞത്.

ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ചീഫ് എഡിറ്റര്‍ സ്ഥാനത്തുനിന്നും മാറിയത്. സിപിഎമ്മിന്റെ കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. .
1965,1967,1980 വര്‍ഷങ്ങളില്‍ പേരാമ്പ്രയില്‍ നിന്ന് നിയമസഭയിലെത്തി.

മികച്ച പാര്‍ലമെന്റേറിയന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്ന വി.വി ദക്ഷിണാമൂര്‍ത്തി സംസ്ഥാനത്തെ അധ്യാപക പ്രസ്ഥാനത്തിന്റെ മുന്‍നിര നേതാവായിരുന്നു. പത്രാധിപരെന്ന നിലയില്‍ ദേശാഭിമാനി പത്രത്തിന്റെ വളര്‍ച്ചയിലും നിര്‍ണായക പങ്കുവഹിച്ചു. 19 വര്‍ഷത്തോളം ദേശാഭിമാനി കോഴിക്കോട് യൂണിറ്റ് മാനേജരുമായി പ്രവര്‍ത്തിച്ചിരുന്നു. ദേശാഭിമാനി പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് കമ്പനി മാനേജിങ് ഡയറക്ടറാണ്.

മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു) സംസ്ഥാന പ്രസിഡന്റാണ്. ദീര്‍ഘകാലം കലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കറ്റംഗമായിരുന്നു. 1934 ല്‍ പനക്കാട്ടാണ് ജനനം. അച്ഛന്‍: പരേതനായ ടി ആര്‍ വാര്യര്‍. അമ്മ: പരേതയായ നാരായണി വാരസ്യാര്‍. ഭാര്യ: റിട്ടയേഡ് അധ്യാപിക ടി എം നളിനി. മക്കള്‍: മിനി, അജയകുമാര്‍,(ഇരുവരും അധ്യാപകര്‍) ആര്‍ പ്രസാദ് (ദേശാഭിമാനി മലപ്പുറം യൂണിറ്റ് മാനേജര്‍).

മരുമക്കള്‍: എ ശിവശങ്കരന്‍ (ഡെപ്യൂട്ടി പോസ്റ്റ്മാസ്റ്റര്‍, കോഴിക്കോട് ഹെഡ് പോസ്‌റ്റോഫീസ്), ശ്രീകല കൊടശേരി (ലാബ് അസിസ്റ്റന്റ്, വടക്കുമ്പാട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍), പ്രിയ പേരാമ്പ്ര . സഹോദരങ്ങള്‍: ദേവകി വാരസ്യാര്‍, ശാരദ വാരസ്യാര്‍ (ഇരുവരും മരുതോങ്കര), സുഭദ്ര വാരസ്യാര്‍ (ഗുരുവായൂര്‍), പരേതരായ ലീല വാരസ്യാര്‍ (പനക്കാട്), യശോദ വാരസ്യാര്‍ (തളിപ്പറമ്പ്), ശൂലപാണി വാര്യര്‍ (മരുതോങ്കര).

LEAVE A REPLY

Please enter your comment!
Please enter your name here