Connect with us

National

സിംഗൂരില്‍ ടാറ്റയ്ക്ക് ഭൂമി നല്‍കിയത് സുപ്രീംകോടതി റദ്ദാക്കി

Published

|

Last Updated

ന്യൂഡല്‍ഹി: ടാറ്റയുടെ നാനോ കാര്‍ ഫാക്ടറിക്കായി ബംഗാളിലെ സിംഗൂരില്‍ 1000 ഏക്കര്‍ ഭൂമി വിട്ട് നല്‍കിയ നടപടി സുപ്രീം കോടതി റദ്ദാക്കി. 2006ല്‍ സിപിഎം സര്‍ക്കാര്‍ ഏറ്റെടുത്ത് കൈമാറിയ സ്ഥലവും തിരിച്ചുനല്‍കാന്‍ കോടതി ഉത്തരവിട്ടു. ഒരു സ്വകാര്യ കമ്പനിയുടെ ആവശ്യപ്രകാരം ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാറിന് അധികാരമില്ല. അതിന് വേണ്ടി അധികാരം ഉപയോഗിക്കുന്നത് തട്ടിപ്പിന് സമാനമാണ്. ഇത് സംബന്ധിച്ച് കര്‍ഷകരുമായുള്ള നടപടി ക്രമങ്ങള്‍ പാലിച്ചില്ല. നിയമവിരുദ്ധമായാണ് ഭൂമി ഏറ്റെടുത്തതെന്നും കോടതി വ്യക്തമാക്കി. ആയിരക്കണക്കിന് ഏക്കര്‍ ഭൂമി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഏറ്റെടുത്ത് നല്‍കിയത് അതിശയിപ്പിക്കുന്ന നടപടിയാണെന്നും കോടതി നിരീക്ഷിച്ചു.

ഇതുമായി ബന്ധപ്പെട്ട എല്ലാ സര്‍ക്കാര്‍ നടപടികളും കണ്ണില്‍ പൊടിയിടുന്നതും പരിഹാസ്യവുമായിരുന്നുവെന്നും കോടതി വിലയിരുത്തി. മൂന്ന് മാസത്തിനുള്ളില്‍ കര്‍ഷകര്‍ക്ക് ഭൂമി തിരിച്ചുനല്‍കണമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. പശ്ചിമബംഗാളില്‍ സിപിഎമ്മിന്റെ ദീര്‍ഘനാളത്തെ ഭരണം നഷ്ടമായതില്‍ ചെറുതല്ലാത്ത പങ്കാണ് സിംഗൂര്‍,നന്ദിഗ്രാം ഭൂമി ഏറ്റെടുക്കലുകള്‍ക്കുളളത.്
2006ലാണ് ഫാക്ടറിക്കായി ആയിരം ഏക്കര്‍ ഭൂമി ടാറ്റാ ലിമിറ്റഡിന് ബുദ്ധദേവ് സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയത്. ഇതിനെതിരെ അന്ന് പ്രതിപക്ഷ നേതാവായിരുന്ന മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കര്‍ഷകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് 2008ല്‍ നാനോ നിര്‍മാണ ഫാക്ടറി ഗുജറാത്തിലേക്ക് മാറ്റി.

മുഖ്യമന്ത്രി സ്ഥാനത്തെത്തിയ മമതാ ബാനര്‍ജി 2011 ല്‍ ടാറ്റക്ക് ഭൂമി വിട്ട് നല്‍കിയ നടപടി റദ്ദാക്കിയിരുന്നെങ്കിലും ടാറ്റ കമ്പനി കൊല്‍ക്കത്ത ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ചു. തുടര്‍ന്നാണ് കേസ് സുപ്രീകോടതിയില്‍ എത്തിയിയത്.

Latest