ഐ.എസ്. എസ് രഹസ്യയോഗം: മഅദനിയെ വെറുതെവിട്ടു

Posted on: August 31, 2016 3:14 pm | Last updated: August 31, 2016 at 8:39 pm

madaniകൊച്ചി: നിരോധിത സംഘടനയായ ഐ.എസ്.എസിന്റെ രഹസ്യയോഗം നടത്തിയെന്ന കേസില്‍ പി.ഡി.പി നേതാവ് അബ്ദുനാസര്‍ മഅ്ദനി അടക്കം ആറുപേരെ കോടതി വെറുതെവിട്ടു. എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് മഅ്ദനിയെ വെറുതെവിട്ടു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് കോടതി നടപടി. 24 വര്‍ഷത്തിനുശേഷമാണ് കേസില്‍ കോടതിയുടെ വിധി വരുന്നത്. ഏറെ നാളുകള്‍ക്കുശേഷമുളള സന്തോഷവാര്‍ത്തയാണ് ഇതെന്നാണ് വിധിയെക്കുറിച്ച് മഅദനി പ്രതികരിച്ചത്. എല്ലാ കേസുകളിലും നിരപരാധിത്വം തെളിയിക്കാനാകുമെന്നും പിന്തുണകള്‍ക്ക് നന്ദി അറിയിക്കുന്നതായും മദനി വ്യക്തമാക്കി.

1992ല്‍ മൈനാഗപ്പള്ളിയില്‍ മഅദനിയുടെ വീട്ടില്‍ ഐ.എസ്.എസിന്റെ രഹസ്യയോഗം നടത്തിയെന്നാണ് പൊലീസ് കേസ്. കേസിലെ 21 സാക്ഷികളില്‍ രണ്ടുപേര്‍ ഇതിനകം മരിച്ചു. പൊലീസ് 1994ല്‍ കൊല്ലം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതാണെങ്കിലും മഅദനിയുടെ അപേക്ഷയെ തുടര്‍ന്നാണ് കേസിന്റെ വിചാരണ എറണാകുളം സെഷന്‍സ് കോടതിയിലേക്ക് മാറ്റിയതും. ജഡ്ജി കെ.എം.ബാലചന്ദ്രനാണ് കേസില്‍ വിധിപറഞ്ഞത്.