അജ്മാനില്‍ എല്ലാ കെട്ടിടങ്ങളിലും സുരക്ഷാ ക്യാമറകള്‍ സ്ഥാപിക്കണമെന്ന് ഭരണാധികാരിയുടെ ഉത്തരവ്

Posted on: August 31, 2016 3:03 pm | Last updated: August 31, 2016 at 3:03 pm

CCTV2അജ്മാന്‍:എമിറേറ്റിലെ താമസക്കാരുടെ സുരക്ഷ പരിഗണിച്ച് എല്ലാ കെട്ടിടങ്ങളിലും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണമെന്ന് സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാശിദ് അല്‍ നുഐമി ഉത്തരവിട്ടു.
അജ്മാന്‍ കിരീടാവകാശി ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമി, അജ്മാന്‍ പോലീസ് മേധാവി ബ്രി. ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമി, വിവിധ സര്‍ക്കാര്‍ വിഭാഗങ്ങളുടെ തലവന്മാര്‍ തുടങ്ങിയ പ്രമുഖരുമായുള്ള ചര്‍ച്ചക്ക് ശേഷമാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് അജ്മാന്‍ ഭരണാധികാരി ഒപ്പിട്ടത്.

എമിറേറ്റിലെ കുറ്റകൃത്യങ്ങളുടെ തോത് കുറച്ചുകൊണ്ടുവരിക, അനധികൃത പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുക എന്നിവയിലൂടെ അജ്മാനിലെ താമസക്കാരുടെ സുരക്ഷ കൂടുതല്‍ ഉറപ്പാക്കുകയാണ് പുതിയ ഉത്തരവിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ ഉത്തരവനുസരിച്ച് എമിറേറ്റിലെ മുഴുവന്‍ കെട്ടിടങ്ങളിലും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിരിക്കണം. ഇത് കെട്ടിട ഉടമകളുടെ ബാധ്യതയാണ്. പുതിയ കെട്ടിടങ്ങളില്‍ ക്യാമറകള്‍ സ്ഥാപിച്ചാല്‍ മാത്രമേ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് അന്തിമ സാക്ഷ്യപത്രം ലഭിക്കുകയുള്ളൂ.

അജ്മാന്‍ പോലീസിനെയാണ് ഉത്തരവ് നടപ്പാക്കാന്‍ ഭരണാധികാരി ഉത്തരവാദപ്പെടുത്തിയിട്ടുള്ളത്. എത്ര സമയത്തിനകമാണ് ക്യാമറകള്‍ സ്ഥാപിക്കേണ്ടതെന്ന് അന്തിമമായി തീരുമാനം കൈകൊള്ളേണ്ടത് പോലീസാണ്.
പ്രത്യേകമായ സുരക്ഷ ആവശ്യമുള്ള കെട്ടിടങ്ങളില്‍ സ്ഥാപിക്കുന്ന ക്യാമറകള്‍ പോലീസ് ഹെഡ് ക്വാര്‍ടേഴ്‌സിലെ ഓപ്പറേഷന്‍ റൂമുമായി ബന്ധപ്പെടുത്തേണ്ടതാണ്. ഇതിന് ഉചിതമെന്ന് തോന്നുന്ന ഫീസ് പോലീസ് അധികൃതര്‍ക്ക് തീരുമാനിക്കാവുന്നതാണ്.

പോലീസ് നിശ്ചയിക്കുന്ന കാലപരിധിക്കുള്ളില്‍ സുരക്ഷാ ക്യാമറകള്‍ സ്ഥാപിക്കാത്ത കെട്ടിട ഉടമകള്‍ക്കെതിരെ നിയമ ലംഘനത്തിന് കേസെടുക്കാനും പിഴ ചുമത്താനുമുള്ള അധികാരം ഇക്കാര്യത്തില്‍ അജ്മാന്‍ പോലീസിന് നല്‍കിയതായും ഭരണാധികാരിയുടെ ഉത്തരവില്‍ പറയുന്നുണ്ട്.