ആറന്മുള വിമാനത്താവളം: തത്വത്തിലുള്ള അനുമതി സര്‍ക്കാര്‍ പിന്‍വലിച്ചു

Posted on: August 31, 2016 1:30 pm | Last updated: August 31, 2016 at 3:45 pm

aranmulaകൊച്ചി: ആറന്മുള വിമാനത്താവളത്തിന് നല്‍കിയ തത്വത്തിലുള്ള അനുമതി പിന്‍വലിക്കുന്നതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. നിര്‍ദ്ദിഷ്ട ഭൂപ്രമദശം വ്യവസായ മേഖലയായി പ്രഖ്യാപിച്ചതും പിന്‍വലിച്ചിട്ടുണ്ട്. കഴിഞ്ഞ വി.എസ് സര്‍ക്കാരിന്റെ കാലത്താണ് ആറന്മുള വിമാനത്താവളത്തിന് തത്വത്തില്‍ അംഗീകാരം നല്‍കിയത്. ഇത് തുടര്‍ന്നുവന്ന യു.ഡി.എഫ് സര്‍ക്കാരും തുടരുകയായിരുന്നു. ആക്ടിങ് ചീഫ് ജസ്റ്റീസ് മോഹന്‍ എം ശാന്തന ഗൗഡ, ജസ്റ്റീസ് കെ ടി ശങ്കര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് മുന്‍പാകെ നല്‍കിയ രേഖാമൂലമുള്ള വിശദീകരണത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. വിമാനത്താവളവുമായി ബന്ധപ്പെട്ട വിവിധ കേസുകള്‍ പരിഗണിക്കുന്ന കോടതി ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കാന്‍ കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നിലപാട് കോടതിയെ അറിയിച്ചത്.

ഇക്കഴിഞ്ഞ ആഗസ്റ്റ് 10 ന് ആറന്മുള വിമാനത്താവള പദ്ധതിക്ക് പാരിസ്ഥിതിക പഠനം നടത്താന്‍ കെ ജിഎസ് ഗ്രൂപ്പിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയിരുന്നു. പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിലെ വിദഗ്ധ സമിതി കെജിഎസ് ഗ്രൂപ്പിന്റെ അപേക്ഷ പരിഗണിച്ച ശേഷമായിരുന്നു പാരിസ്ഥിതിക പഠനത്തിനുള്ള അനുമതി നല്‍കിയത്. ഇതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നും പ്രതിഷേധങ്ങള്‍ ഉയരുകയും ചെയ്തിരുന്നു.