മൊഴി മാറ്റാന്‍ ബാറുടമകള്‍ പണം കൈപ്പറ്റിയതായി വി എം രാധാകൃഷ്ണന്‍

Posted on: August 31, 2016 1:00 pm | Last updated: August 31, 2016 at 7:40 pm
SHARE

v m radhakrishnanകോട്ടയം: ബാര്‍ ഹോട്ടല്‍ അസോസിയേഷനില്‍ വന്‍ ക്രമക്കേട് നടന്നതായി പരാതി. ബാര്‍ കോഴക്കേസില്‍ മൊഴി മാറ്റാന്‍ ബാറുടമകള്‍ പണവും ആനുകൂല്യങ്ങളും കൈപ്പറ്റിയതായി ബാറുടമ വി എം രാധാകൃഷ്ണന്‍ ആരോപിച്ചു. ഇത് സംബന്ധിച്ച് വി എം രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ബാര്‍ ഉടമകള്‍ തെളിവു നല്‍കി. കോട്ടയം ജില്ലാ രജിസ്റ്റാര്‍ക്കാണ് തെളിവ് നല്‍കിയത്.

ബാര്‍ അസോസിയേഷന്‍ കണക്കുകള്‍ ഓഡിറ്റ് ചെയ്ത് കൃത്യമായി സമര്‍പ്പിച്ചിട്ടില്ലെന്നും വി.എം രാധാകൃഷ്ണന്‍ മൊഴി നല്‍കി. ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് ബാറുടമകള്‍ മൊഴിമാറ്റിപ്പറയാന്‍ പണം വാങ്ങിയെന്നും ആരോപിച്ച രാധാകൃഷ്ണന്‍ ഇതിന്റെ തെളിവുകളും രജിസ്ട്രാര്‍ മുന്‍പാകെ സമര്‍പ്പിച്ചു.

കോഴ കൊടുക്കാന്‍ കോടികളാണ് ബാര്‍ ഉടമകളില്‍ നിന്നും പിരിച്ചതെന്ന് വി എം രാധാകൃഷ്ണന്‍ പറയുന്നു. ലീഗല്‍ ഫണ്ട് എന്ന നിലയിലാണ് പണപ്പിരിവ് നടത്തിയത്. ഈ പണം എവിടെപ്പോയി എന്ന കാര്യത്തില്‍ അന്വേഷണം വേണം. 21 പേരില്‍ നിന്നും 45 ലക്ഷത്തോളം രൂപയാണ് പിരിച്ചത്. ഈ വിധത്തില്‍ 750 ഓളം പേരില്‍ നിന്നും എത്ര കോടി പിരിച്ചു എന്ന കാര്യം ഊഹിക്കാവുന്നതേയുള്ളൂവെന്നും വി എം രാധാകൃഷ്ണന്‍ പറഞ്ഞു. മൊഴി നല്‍കിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു വി എം രാധാകൃഷ്ണന്‍.