Connect with us

Wayanad

വ്യാജ മദ്യത്തിന്റെ കടത്ത് തടയാന്‍ കര്‍ണാടക- കേരള എക്‌സൈസ് കര്‍മ പദ്ധതി

Published

|

Last Updated

കല്‍പ്പറ്റ: ഓണക്കാലത്ത് വ്യാജമദ്യം, മയക്കുമരുന്ന്, സ്പിരിറ്റ് എന്നിവയുടെ കടത്ത് തടയുന്നതിന് കേരളത്തിലെയും കര്‍ണാടകയിലേയും എക്‌സൈസ് വകുപ്പ് ഉദേ്യാഗസ്ഥര്‍ കര്‍മ്മ പദ്ധതി തയ്യാറാക്കി. കലക്ടറേറ്റില്‍ ചേര്‍ന്ന കേരള കര്‍ണ്ണാടക എക്‌സൈസ് സംയുക്ത യോഗത്തിലാണ് തീരുമാനം. ഇതനുസരിച്ച് കര്‍ണ്ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന വയനാട് ജില്ലയിലെ ബാവലി, തോല്‍പ്പെട്ടി, മുത്തങ്ങ കണ്ണൂര്‍ ജില്ലയിലെ കൂട്ടുപുഴ, കാസര്‍കോട് ജില്ലയിലെ അതിര്‍ത്തികള്‍ എന്നിവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കും. അതിര്‍ത്തിയിലെ വന പ്രദേശങ്ങളില്‍ ഇരു സംസ്ഥാനങ്ങളിലെയും വനംവകുപ്പ് ഉദേ്യാഗസ്ഥരുടെ സഹകരണം ഉറപ്പാക്കും. ലഹരികടത്തുകാരെ പിടികൂടാന്‍ പോലീസിന്റെ സഹായവും തേടും.

മൈസൂരിലും കര്‍ണ്ണാടക അതിര്‍ത്തികളിലുമുള്ള മെഡിക്കല്‍ ഷോപ്പുകളില്‍ ഡോക്ടര്‍മാരുടെ കുറിപ്പില്ലാതെ തന്നെ മരുന്ന് ലഭിക്കുന്ന സാഹചര്യം ദുരുപയോഗപ്പെടുത്തി മയക്കുമരുന്ന് കേരളത്തിലേക്ക് കടത്താന്‍ സൗകര്യപ്പെടുന്ന കാര്യം യോഗത്തില്‍ അധികൃതര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം കര്‍ണ്ണാടക എക്‌സൈസ് ഗൗരവമായി കണക്കിലെടുക്കും. ഡോക്ടര്‍മാരുടെ കുറിപ്പില്ലാതെ മെഡിക്കല്‍ ഷോപ്പില്‍ നിന്നും മരുന്ന് നല്‍കരുതെന്ന് നിര്‍ദ്ദേശിക്കും.
മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് ഇതുവരെ മെഡിക്കല്‍ ഷോപ്പുകളില്‍ എക്‌സൈസ് വകുപ്പിന്റെ പരിശോധന നടന്നിരുന്നില്ല. ഇക്കാര്യം പു:നപരിശോധിക്കുമെന്ന് കര്‍ണ്ണാടക എക്‌സൈസ് ജോയിന്റ് കമ്മീഷണര്‍ യോഗത്തില്‍ അറിയിച്ചു.

ഇരു സംസ്ഥാനങ്ങളിലെയും എക്‌സൈസ് വകുപ്പ് പ്രാദേശികമായി റെയ്ഡുകള്‍ ശക്തമാക്കുന്നതോടൊപ്പം കര്‍ണ്ണാടക-കേരള എക്‌സൈസിന്റെ സംയുക്ത റെയ്ഡുകളും നടത്തും. നേരത്തെ മദ്യ-മയക്കു മരുന്ന് കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരുടെ വിശദാംശങ്ങള്‍ പരസ്പരം കൈമാറുകയും ഇവരുടെ നീക്കങ്ങള്‍ നിരീക്ഷിക്കുകയും ചെയ്യും.
കര്‍ണ്ണാടകയെ അപേക്ഷിച്ച് കെരളത്തില്‍ മദ്യ-മയക്കു മരുന്ന് പരിശോധന ഏറെ പ്രയാസകരമാണെന്ന് ഉദേ്യാഗസ്ഥര്‍ അറിയിച്ചു. ഉയര്‍ന്ന ജനസാന്ദ്രത, കുറഞ്ഞ ഭൂപ്രദേശം, വാഹനങ്ങളുടെ ആധിക്യം, വലിയ കെട്ടിടങ്ങളുടെ എണ്ണക്കൂടുതല്‍ തുടങ്ങിയവ കാരണം എക്‌സൈസ് ഉദേ്യാഗസ്ഥര്‍ക്ക് സൂക്ഷ്മതലത്തില്‍ പരിശോധന നടത്താന്‍ സാധിക്കുന്നില്ലെന്ന് ബന്ധപ്പെട്ടവര്‍ യോഗത്തില്‍ അറിയിച്ചു. ഇത് മറികടക്കാന്‍ പൊതുജനങ്ങള്‍, പോലീസ് തുടങ്ങിയ ഏജന്‍സികളുടെ സഹായം അനിവാര്യമാണെന്ന് യോഗം വിലയിരുത്തി.

യോഗത്തില്‍ മംഗലാപുരം മേഖലാ ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ രാജേന്ദ്ര പ്രസാദ്, കോഴിക്കോട് മേഖലാ ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ പി.വി.മുരളികുമാര്‍, വയനാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ എന്‍.എസ്.സുരേഷ് ,കണ്ണൂര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ വി.വി.സുരേന്ദ്രന്‍ , മൈസൂര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ ജഗദീഷ് നായിക് , ദക്ഷിണ കന്നട ഡെപ്യൂട്ടി കമ്മീഷണര്‍ എല്‍.എ.മഞ്ജുനാഥ്, ചാമരാജ്‌നഗര്‍ ഡെപ്യൂട്ടി കമ്മീഷര്‍ ആര്‍.വീണ , കൂര്‍ഗ് ഡെപ്യൂട്ടി കമ്മീഷര്‍ എച്ച്.ശിവണ്ണ തുടങ്ങിയവര്‍ സംസാരിച്ചു.

Latest