പിണറായി സര്‍ക്കാര്‍ പോലീസിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു: പി കെ കുഞ്ഞാലിക്കുട്ടി

Posted on: August 31, 2016 11:16 am | Last updated: August 31, 2016 at 11:16 am

കോഴിക്കോട്: എല്‍ ഡി എഫ് സര്‍ക്കാര്‍ പോലീസിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു. ക്രമസമാധാന പാലനത്തിലല്ല സര്‍ക്കാരിന്റെ ശ്രദ്ധ. പ്രാദേശികമായ നേതാക്കളുടെ സ്വാധീനം കൊണ്ട് പോലീസ് പക്ഷപാതപരമായി പെരുമാറുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ യുഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന ധര്‍ണയുടെ ഭാഗമായി ജില്ലാ കളക്‌ട്രേറ്റിന് മുന്നില്‍ സംഘടിപ്പിച്ച കൂട്ടധര്‍ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നാദാപുരത്ത് അസ്ലമിനെ കൊലപ്പെടുത്തിയവരെ തിരിച്ചറിഞ്ഞിട്ടും പിടികൂടാന്‍ തയ്യാറാകുന്നില്ല. ഇതെ രീതിയില്‍ തന്നെയാണ് സര്‍ക്കാരിന്റെ പോക്കെങ്കില്‍ അതിശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കുഞ്ഞാലിക്കുട്ടി മുന്നറിയിപ്പ് നല്‍കി. നൂറ് ദിവസത്തെ ഭരണം കൊണ്ട് തന്നെ സര്‍കാറിന്റെ പോക്ക് എങ്ങോട്ടാണെന്ന് വ്യക്തമായിരിക്കുകയാണ്. എല്ലാം ശരിയാകുമെന്ന് പറഞ്ഞ് അധികാരത്തിലെറിയവര്‍ ഒന്നും ശരിയാക്കിയിട്ടില്ല.പോലീസിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു. വിലക്കയറ്റം അനിയന്ത്രിതമായി വര്‍ദ്ധിക്കുന്നു.വലിയ അപകടകരമായ അവസ്ഥയിലേക്കാണ് സര്‍ക്കാരിന്റെ പോക്കെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. ഭരണ മുന്നണിയും പ്രതിപക്ഷവും തമ്മില്‍ വലിയ വ്യത്യാസമൊന്നും ഇപ്പോഴില്ലെന്ന ബോധം സര്‍ക്കാരിന് വേണം.

തോന്നിയ പോലെ ആര്‍ക്കും മുന്നോട്ട് പോകാനാവില്ലെന്ന് ഓര്‍ക്കണം. കുറച്ച് കൂടി ഉത്തരവാദിത്തത്തോടെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറാകണം. വികസന കാര്യത്തില്‍ ഉള്‍പ്പെടെ സര്‍ക്കാരുമായി സഹകരിക്കാന്‍ യു ഡി എഫ് തയ്യാറായിട്ടുണ്ട്. പ്രസംഗമല്ല പ്രവൃത്തിയാണ് സര്‍ക്കാരില്‍ നിന്നുമുണ്ടാകേണ്ടത്. കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാര്‍ ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിച്ച് രാഷ്ട്രീയമായി നേട്ടമുണ്ടാക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ പി ശങ്കരന്‍ അധ്യക്ഷത വഹിച്ചു. എം കെ രാഘവന്‍ എം പി, ഡോ എം കെ മുനീര്‍ എം എല്‍ എ, കെ സി അബു, വി കുഞ്ഞാലി, കെ പി രാജന്‍ പ്രസംഗിച്ചു.ധര്‍ണക്ക് മുന്നോടിയായി എരഞ്ഞിപ്പാലം ജംഗ്ഷനില്‍ നിന്നാരംഭിച്ച പ്രകടനത്തില്‍ നേതാക്കളായ അഡ്വ പ്രവീണ്‍കുമാര്‍, കെ പി അനില്‍കുമാര്‍, എന്‍ സുബ്രഹ്മണ്യന്‍, ടി സിദ്ധീഖ്, ഉമര്‍ പാണ്ടികശാല, പാറക്കല്‍ അബ്ദുല്ല എം എല്‍ എ, കെ ശങ്കരന്‍, പി കിഷന്‍ചന്ദ്,കെ കെ ചന്ദ്രദാസന്‍,സി മോയിന്‍കുട്ടി, വി എം ഉമര്‍ മാസ്റ്റര്‍, പി എം സുരേഷ് ബാബു, പി വി ഗംഗാധരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.