ഉത്തരകൊറിയന്‍ ഭരണകൂടം രണ്ട് ഉന്നതരെ കൂടി വധശിക്ഷക്ക് വിധേയരാക്കി

Posted on: August 31, 2016 5:18 am | Last updated: August 31, 2016 at 12:20 am
SHARE
ഉത്തരകൊറിയന്‍ നേതാവ് കിംഗ് ജോംഗ് ഉന്‍ ഒരു പരിപാടിക്കിടെ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു
ഉത്തരകൊറിയന്‍ നേതാവ് കിംഗ് ജോംഗ് ഉന്‍ ഒരു പരിപാടിക്കിടെ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

പ്യാംഗ്യാംങ്: ക്രമക്കേടും അനാദരവും ആരോപിച്ച് ഉത്തരകൊറിയന്‍ ഭരണകൂടം രണ്ട് ഉന്നതരെ കൂടി വധശിക്ഷക്ക് വിധേയരാക്കി. ഉത്തര കൊറിയന്‍ നേതാവ് കിംഗ് ജോന്‍ ഉന്‍ പങ്കെടുത്ത പരിപാടിയില്‍ ഉറങ്ങിപ്പോയതിനാണ് വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനായ റി യോംഗ് ജിനിനെ വധിച്ചതെങ്കില്‍ കാര്‍ഷിക മേഖലയില്‍ കൊണ്ടുവന്ന പരിഷ്‌കാരങ്ങളില്‍ ഉന്നിനുള്ള അതൃപ്തിയെ തുടര്‍ന്നാണ് മുന്‍ കൃഷി മന്ത്രി കൂടിയായ ഹ്വാംഗ് മിന്നിനെ കൊലപ്പെടുത്തിയത്.
രാജ്യത്തെ പരമോന്നത നേതാവ് കിംഗ് ജോംഗ് ഉന്‍ പങ്കെടുത്ത പരിപാടിയില്‍ ഉറങ്ങിയത് അദ്ദേഹത്തോടുള്ള അനാദരവാണെന്ന് ആരോപിച്ച് റി യോംഗ് ജിനിനെ യോഗസ്ഥലത്ത് വെച്ച് തന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് ദക്ഷിണ കൊറിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് ചോദ്യം ചെയ്യലിന് വിധേയനാക്കിയ അദ്ദേഹത്തെ ക്രമക്കേട്, നേതാവിനെ അപമാനിച്ചു എന്നിവയുള്‍പ്പെടെയുള്ള കുറ്റം ചുമത്തി വധശിക്ഷക്ക് വിധേയനാക്കുകയായിരുന്നു.
രാജ്യത്തെ കാര്‍ഷിക മേഖലക്ക് മികച്ച സംഭാവനകള്‍ നല്‍കിയ ഹ്വാങ്ക് പുതുതായി രൂപം കൊടുക്കുന്ന കാര്‍ഷിക നയം തന്റെ ഭരണകൂടത്തിനെതിരാണെന്ന് ആരോപിച്ചാണ് കിംഗ് ജോംഗ് ഉന്‍ അദ്ദേഹത്തെ വധിക്കാന്‍ ഉത്തരവ് നല്‍കിയത്.
പ്യോംഗ്‌യാങിലെ സൈനിക അക്കാദമിയിലാണ് രണ്ട് പേരെയും വിമാന വേധ തോക്ക് ഉപയോഗിച്ച് ക്രൂരമായി കൊലപ്പെടുത്തിയത്. യുദ്ധമുഖങ്ങളിലാണ് സാധാരണ ഗതിയില്‍ ഇത്തരത്തില്‍ തോക്കുകള്‍ ഉപയോഗിക്കാറുള്ളത്.
അതേസമയം കഴിഞ്ഞ മാസം നടപ്പാക്കിയ ഈ രണ്ട് വധശിക്ഷയും ഉത്തരകൊറിയ സ്ഥിരീകരിച്ചിട്ടില്ല. വിമത നീക്കങ്ങളും ക്രമക്കേടുകളും ആരോപിച്ച് കിംഗ് ജോംഗ് ഉന്‍ ഭരണകൂടം നേരത്തെയും പല ഉന്നതരെയും വധശിക്ഷക്ക് വിധേയരാക്കിയിരുന്നു. രാജ്യദ്രോഹക്കുറ്റം ആരോപിച്ച് മുന്‍ പ്രതിരോധ മന്ത്രി ഹ്യുന്‍ യോംഗ് കോളിനെ കഴിഞ്ഞ വര്‍ഷം കൊലപ്പെടുത്തിയിരുന്നു.
പിതാവ് കിംഗ് ജോംഗ് രണ്ടാമന്റെ മരണത്തെ തുടര്‍ന്ന് 2011ല്‍ ഭരണം ഏറ്റെടുത്ത കിംഗ് ജോംഗ് ഉന്‍ ഭരണകൂടത്തിനെതിരെ വിമത നീക്കങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് അമ്മാവന്‍ ജംഗ് സോംഗ് തീക്കിനെ 2012ല്‍ വധശിക്ഷക്ക് വിധേയനാക്കിയിരുന്നു. ഭരണകൂടത്തിലെ രണ്ടാമനായിട്ടായിരുന്നു തീക്കിനെ അറിയപ്പെട്ടിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here