ഇന്ത്യ – യു എസ് കരാറായി: സഹകരണം സൈനിക താവളങ്ങളിലും

Posted on: August 31, 2016 6:00 am | Last updated: August 31, 2016 at 12:17 am
പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറും യു എസ് പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടറും  പത്രസമ്മേളനത്തിനിടെ
പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറും യു എസ് പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടറും
പത്രസമ്മേളനത്തിനിടെ

വാഷിംഗ്ടണ്‍: കര, നാവിക, വ്യോമസേനാ താവളങ്ങള്‍ പരസ്പരം ഉപയോഗിക്കുന്നതുള്‍പ്പെടെയുള്ള സൈനിക സഹകരണത്തിന് ഇന്ത്യ- യു എസ് ധാരണ. ഇതുമായി ബന്ധപ്പെട്ട സൈനിക വിന്യാസ കരാറില്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും യു എസ് പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടറും ഒപ്പുവെച്ചു. അറ്റകുറ്റപ്പണികള്‍ക്കും സഹായങ്ങള്‍ കൈമാറുന്നതിനും സേനാ താവളങ്ങള്‍ ഉപയോഗിക്കുന്നതിനാണ് ഇരുരാജ്യങ്ങള്‍ തമ്മില്‍ ധാരണയായത്. ഇന്ത്യയിലെ വ്യോമ, നാവിക താവളങ്ങളടക്കമുള്ള പ്രധാന മേഖലകളില്‍ നിന്ന് സൈനിക സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ യു എസിന് അനുമതി നല്‍കുന്നതാണ് ലോജിസ്റ്റിക്‌സ് എക്‌സ്‌ചേഞ്ച് മെമ്മോറാണ്ടം എഗ്രിമെന്റ് (എല്‍ ഇ എം ഒ എ). തിരിച്ച് ഇന്ത്യക്കും യു എസിന്റെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താനാകും.
നിലവിലെ സാഹചര്യത്തില്‍ ചൈനയുടെ വര്‍ധിച്ചു വരുന്ന സൈനിക ഭീഷണി പ്രതിരോധിക്കാന്‍ ലക്ഷ്യമിട്ടാണ് ഇന്ത്യയുടെ നീക്കമെന്നത് ഏറെ ശ്രദ്ധേയമാണ്. ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ കടന്നുകയറ്റ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സേനാ കേന്ദ്രങ്ങള്‍ പരസ്പരം ഉപയോഗിക്കാനുള്ള കരാറിന് വലിയ പ്രാധാന്യമാണ് കല്‍പ്പിക്കുന്നത്.
കരാറിലൂടെ ഇരു രാജ്യങ്ങളുടെയും സൈനിക വാഹനങ്ങള്‍, കപ്പലുകള്‍, വിമാനങ്ങള്‍ എന്നിവക്ക് അറ്റകുറ്റ പണികള്‍ക്കും പുനര്‍ വിതരണങ്ങള്‍ക്കുമായി സൈനിക താവളങ്ങള്‍ പരസ്പരം ഉപയോഗിക്കാം. പ്രതിരോധ വ്യാപാര, സാങ്കേതികവിദ്യാ മേഖലകളില്‍ പരസ്പര സഹകരണമാണ് ഇന്ത്യയുമായി അമേരിക്ക ലക്ഷ്യമിടുന്നത്. സംയുക്ത ഓപറേഷനുകളിലും പരിശീലനങ്ങളിലും രക്ഷാദൗത്യങ്ങളിലും ഇരു രാജ്യങ്ങളുടെ നാവികസേനകള്‍ സഹകരിക്കുമെന്നും സഹകരണ കരാര്‍ വ്യക്തമാക്കുന്നു. ഇന്ത്യയുമായി പ്രതിരോധ വ്യാപാരങ്ങളില്‍ ഏര്‍പ്പെടാനും സാങ്കേതികത്വങ്ങള്‍ പങ്കുവെക്കാനും അമേരിക്ക ധാരണയിലെത്തിയതായി സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. നാവിക സേനകള്‍ സംയുക്തമായി ആയുധാഭ്യാസങ്ങള്‍ നടത്താന്‍ ധാരണയായതായി പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ വ്യക്തമാക്കി.
അതേസമയം, സൈനിക വിന്യാസ കരാറിന്റെ നിബന്ധനകള്‍ പ്രകാരം ഇരു രാജ്യങ്ങള്‍ക്കും ബേസുകള്‍ സ്ഥാപിക്കാന്‍ സാധിക്കുകയില്ലെന്നും മനോഹര്‍ പരീക്കര്‍ കൂട്ടിചേര്‍ത്തു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ സഹകരണത്തിന് സൈനിക വിന്യാസ കരാര്‍ ഊര്‍ജം നല്‍കുമെന്ന് യു എസ് പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടര്‍ പറഞ്ഞു. ചൈനയുടെ പേര് പരാമര്‍ശിക്കാതെ, മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യപാരത്തിന് പുതിയ കരാര്‍ ദൃഢത നല്‍കുമെന്നും സംയുക്ത പ്രസ്താവനയില്‍ ഇരുവരും അറിയിച്ചു.
മനോഹര്‍ പരീക്കര്‍ ഫിലാഡല്‍ഫിയയിലുള്ള ബോയിംഗ് വിമാനങ്ങളുടെ നിര്‍മാണ മേഖല സന്ദര്‍ശിക്കും. യു എസ് ഇന്ത്യ ബിസിനസ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ അമേരിക്കന്‍ പ്രതിരോധ വ്യവസായ പ്രതിനിധികളുമായും മനോഹര്‍ പരീക്കര്‍ കൂടിക്കാഴ്ച നടത്തും.