സര്‍ക്കാറിന്റെ നൂറാം ദിനം: സമ്മാനമായി എല്ലാവര്‍ക്കും വീട്

Posted on: August 31, 2016 12:14 am | Last updated: August 31, 2016 at 12:14 am
SHARE

തിരുവനന്തപുരം; സംസ്ഥാന സര്‍ക്കാറിന്റെ നൂറാം ദിനത്തോടനുബന്ധിച്ച് എല്ലാവര്‍ക്കും വീട് പദ്ധതി നടപ്പാക്കാന്‍ ഇന്നലെ ചേര്‍ന്ന ഇടതുമുന്നണി യോഗം തീരുമാനിച്ചു. ഓണത്തിന് എല്ലാവര്‍ക്കും മതിയായ ഭക്ഷണം പൊതുവിതരണ സംവിധാനം വഴി ഉറപ്പാക്കും. ബോര്‍ഡ് കോര്‍പറേഷന്‍ വിഭജനം ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പൂര്‍ത്തിയാക്കാനും യോഗം തീരുമാനിച്ചു. പ്രധാനമായും മൂന്ന് പദ്ധതികളാണ് സര്‍ക്കാറിന്റെ നൂറാം ദിനത്തോടനുബന്ധിച്ച് ആസൂത്രണം ചെയ്തിരിക്കുന്നത്. വാര്‍ഷികം ആഘോഷിക്കുന്ന വ്യാഴാഴ്ച പദ്ധതികള്‍ക്ക് ഔദ്യോഗിക തുടക്കമാകും.
സംസ്ഥാനത്തെ ഭവനരഹിതര്‍ക്ക് വീട് ഉറപ്പാക്കുന്ന പദ്ധതിയാണ് ആദ്യത്തെത്. നാല് ലക്ഷത്തിലധികം പേര്‍ക്ക് എല്ലാവര്‍ക്കും വീട് പദ്ധതി പ്രകാരം സമയബന്ധിതമായി വീട് ലഭ്യമാക്കും. സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്ക് വീട് വെക്കാന്‍ ഭൂമിയും പദ്ധതിയുടെ ഭാഗമായി നല്‍കും. ഭൂമി ലഭ്യത കുറവായ പ്രദേശങ്ങളില്‍ ഫഌറ്റുകള്‍ നിര്‍മിച്ചു നല്‍കാനും മത്സ്യബന്ധന, തോട്ടം മേഖലയിലുള്ളവര്‍ക്ക് അവരുടെ തൊഴിലിടങ്ങള്‍ക്കടുത്ത് വീട് വെച്ചുനല്‍കാനുമാണ് തീരുമാനം.
മാലിന്യസംസ്‌കരണവും ജൈവ പച്ചക്കറിയും സംയോജിപ്പിച്ചുള്ള ഹരിത കേരളമാണ് മറ്റൊരു പദ്ധതി. മതിയായ ശുചീകരണം, വിഷമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ എന്നിവ ഇതുവഴി ഉറപ്പാക്കും. പൊതുവിതരണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ അടിയന്തര ഇടപെടല്‍ നടത്തും. പൊതുവിതരണ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കി ഓണത്തിന് എല്ലാവര്‍ക്കും മതിയായ ഭക്ഷ്യധാന്യങ്ങളും മറ്റ് അവശ്യസാധനങ്ങളും ഉറപ്പുവരുത്തും. കൂടുതല്‍ പദ്ധതികള്‍ തീരുമാനിക്കാന്‍ മന്ത്രിസഭയെ യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്. ബോര്‍ഡ് കോര്‍പറേഷന്‍ വിഭജനം ഉഭയകക്ഷി ചര്‍ച്ചകളിലൂടെയെന്ന ധാരണയും യോഗത്തിലുണ്ടായി.
സി പി ഐക്ക് 18 ബോര്‍ഡ്- കോര്‍പറേഷനുകള്‍ നല്‍കുന്ന കാര്യത്തില്‍ ഏകദേശ ധാരണയായിട്ടുണ്ട്. അതാത് വകുപ്പുകള്‍ക്ക് കീഴിലുള്ള സ്ഥാനങ്ങള്‍ അതാത് പാര്‍ട്ടികള്‍ക്ക് തന്നെ നല്‍കുന്നതിനാണ് ധാരണ. മന്ത്രിമാരില്ലെങ്കിലും നിയമസഭയില്‍ പ്രാതിനിധ്യമുള്ള കേരളാ കോണ്‍ഗ്രസ് (ബി), സി എം പി അരവിന്ദാക്ഷന്‍ വിഭാഗം, ആര്‍ എസ് പി ലെനിനിസ്റ്റ് എന്നിവര്‍ക്കും എം എല്‍ എമാരില്ലാത്ത ജെ എസ് എസ്, കേരളാ കോണ്‍ഗ്രസ് സ്‌കറിയാ തോമസ് വിഭാഗം, ജനാധിപത്യ കേരളാ കോണ്‍ഗ്രസ് എന്നിവര്‍ക്കും അര്‍ഹമായ സ്ഥാനങ്ങള്‍ ലഭിച്ചേക്കും.
കെ എം മാണിയുടേതുള്‍പ്പെടെയുള്ള രാഷ്ട്രീയ വിവാദങ്ങള്‍ യോഗം പരിഗണിച്ചില്ല. സി പി എം വിട്ട് സി പി ഐയിലേക്ക് പ്രവര്‍ത്തകര്‍ വരുന്നതും യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here