ബാര്‍ കോഴ: ഇനി ബാറുടമകളുടെ മൊഴിയെടുക്കില്ല

Posted on: August 31, 2016 5:08 am | Last updated: August 31, 2016 at 12:09 am
SHARE

തിരുവനന്തപുരം: മുന്‍ മന്ത്രി കെ എം മാണിക്കെതിരായ ബാര്‍ കോഴക്കേസിലെ രണ്ടാം തുടരന്വേഷണത്തില്‍ ബാറുടമകളുടെ മൊഴി രേഖപ്പെടുത്തേണ്ടതില്ലെന്ന്് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. വിജിലന്‍സ് എസ് പി ആര്‍ സുകേശന്‍ നടത്തിയ ആദ്യത്തെ അന്വേഷണത്തിലും തുടരന്വേഷണത്തിലുമായി 300ലധികം ബാറുടമകളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പണം പിരിച്ചതുമായി ബന്ധപ്പെട്ട് ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളും മറ്റ് ബാറുടമകളും നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടായിരുന്നു. കെ എം മാണിക്ക് കോഴ നല്‍കാനാണ് പണം പിരിച്ചതെന്ന് ബിജുരമേശ് ഉള്‍പ്പെടെയുള്ളവര്‍ മൊഴി നല്‍കിയപ്പോള്‍ പൂട്ടിയ ബാറുകള്‍ തുറക്കുന്നതിനുള്ള നിയമനടപടികള്‍ക്കാണ് പണം പിരിച്ചതെന്നായിരുന്നു മറ്റ് ചില ബാറുടമകള്‍ മൊഴി നല്‍കിയിരുന്നത്. ഈ സാഹചര്യത്തില്‍ ബാറുടമകളുടെ മൊഴി പൂര്‍ണമായും വിശ്വാസത്തിലെടുക്കാന്‍ കഴിയില്ലെന്ന വിലയിരുത്തലിലാണ് വീണ്ടും മൊഴി രേഖപ്പെടുത്തേണ്ടതില്ലെന്ന തീരുമാനം. ബാറുടമകള്‍ നുണ പരിശോധനക്ക് തയ്യാറാകാതിരുന്നതും സംശയകരമാണെന്നാണ് വിജിലന്‍സ് നിലപാട്. രണ്ടാം തുടരന്വേഷണ വേളയില്‍ ഏതെങ്കിലും ബാറുടമകള്‍ സ്വമേധയാ സമീപിച്ചാല്‍ മാത്രം മൊഴി രേഖപ്പെടുത്തുന്ന കാര്യം പരിശോധിക്കാനാണ് തീരുമാനം. ഫോണ്‍ കോള്‍ രേഖകള്‍ ഉള്‍പ്പെടെ പരമാവധി ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനാണ് വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസ് അന്വേഷണസംഘത്തിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അതിനിടെ കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ വിജിലന്‍സ് യൂനിറ്റുകളില്‍ നിന്ന് രണ്ട് ഉദ്യോഗസ്ഥരെ വീതം ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണസംഘം വിപുലീകരിച്ചു. ഇതോടെ അന്വേഷണഉദ്യോഗസ്ഥനായ ഡിവൈ എസ് പി നജ്മല്‍ ഹസന്‍ ഉള്‍പ്പെടെ പ്രത്യേക അന്വേഷണസംഘത്തിലുള്ള ഉദ്യോഗസ്ഥരുടെ എണ്ണം പത്തായി.

LEAVE A REPLY

Please enter your comment!
Please enter your name here