Connect with us

Kerala

നൂറിന്റെ നിറവില്‍ പിണറായി സര്‍ക്കാര്‍

Published

|

Last Updated

തിരുവനന്തപുരം: വരുംകാല ചുവടുകളുടെ ദിശ സൂചിപ്പിച്ച് പിണറായി വിജയന്‍ സര്‍ക്കാറിന് നാളെ നൂറാംദിനം. ഭരണം വിലയിരുത്താന്‍ മതിയായ സമയമായില്ലെങ്കിലും ഉറച്ച ചുവടിന്റെ സൂചനകള്‍ പ്രതിഫലിക്കുന്നതായിരുന്നു നൂറ് നാളിലെ ഭരണം.
ഭൂരിപക്ഷം നല്‍കിയ ആത്മവിശ്വാസവും തര്‍ക്കങ്ങളില്ലാതെയുള്ള മന്ത്രിസഭാരൂപവത്കണവും സര്‍ക്കാറിന്റെ ആദ്യനാളിലെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കി. കേരളം കണ്ടുശീലിച്ച പതിവുകളില്‍ നിന്ന് വഴി മാറാന്‍ നടത്തിയ ശ്രമം ചില ഘട്ടങ്ങളില്‍ വിമര്‍ശനത്തിന് വഴിവെച്ചെങ്കിലും ഇന്നലെ വരെയുള്ള ഭരണത്തെ കേരളം പൊതുവില്‍ പിന്തുണച്ചു.
തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൂന്നിയുള്ള പ്രവര്‍ത്തനത്തിനങ്ങള്‍ക്കാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കിയത്. സര്‍ക്കാറിന്റെ ആദ്യനയ പ്രഖ്യാപനത്തിലും ബജറ്റിലും പ്രതിഫലിച്ചത് ഇത് തന്നെ. സാമ്പത്തിക പ്രതിസന്ധി തടസമാകുമെന്ന ആശങ്കയിലും കൈയടി നേടുന്ന നീക്കങ്ങള്‍ക്ക് തുടക്കത്തിലെ തുനിഞ്ഞു.
വിലക്കയറ്റം നേരിടാന്‍ ഫലപ്രദമായ സംവിധാനമുണ്ടാക്കിയതും ക്ഷേമപെന്‍ഷന്‍ കുടിശ്ശികയടക്കം വിതരണം ചെയ്ത് തുടങ്ങിയതും നൂറ് നാള്‍ ഭരണത്തിലെ മികച്ച നേട്ടങ്ങളായി. ക്ഷേമപെന്‍ഷന്‍ സഹകരണ ബേങ്കുകള്‍ വഴി ഗുണഭോക്താക്കളുടെ വീടുകളിലെത്തിക്കുകയാണ്. ഓണവിപണയില്‍ ഇടപെടാന്‍ ഹോര്‍ട്ടികോര്‍പ്പിനെയും സപ്ലൈകോയെയും നേരത്തെ തന്നെ സജ്ജമാക്കി. അഴിമതിക്കെതിരെ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന നിലപാട് പ്രഖ്യാപിച്ചെന്ന് മാത്രമല്ല, മുന്‍സര്‍ക്കാര്‍ അകറ്റിനിര്‍ത്തിയ ഡി ജി പി ജേക്കബ് തോമസിനെ വിജിലന്‍സിന്റെ തലപ്പത്ത് നിയോഗിച്ചു.
പോലീസ്, ഉദ്യോഗസ്ഥ തലപ്പത്തെ അഴിച്ചുപണികളും കരുതലോടെയായിരുന്നു. സംസ്ഥാന പോലീസ് മേധാവിയെ മാറ്റിയതിനെതിരെ നിയമനടപടിയുണ്ടായെങ്കിലും സര്‍ക്കാര്‍ നിലപാടാണ് ശരിയെന്ന ഉത്തരവ് നേടിയെടുക്കാനായി. നിര്‍മാണ മേഖലയിലെ അഴിമിതിക്കെതിരെ പൊതുമരാമത്ത് വകുപ്പ് ശക്തമായ നടപടി തുടങ്ങി. ജിഷ വധക്കേസ് അന്വേഷണമായിരുന്നു സര്‍ക്കാര്‍ നേരിട്ട ആദ്യവെല്ലുവിളി. അന്വേഷണ സംഘത്തെ തന്നെ മാറ്റിയ ആഭ്യന്തരവകുപ്പ് അധിക നാള്‍ പിന്നിടും മുമ്പ് പ്രതിയെ പിടികൂടി.
ലാഭകരമല്ലെന്ന ന്യായം നിരത്തി ചില എയ്ഡഡ് സ്‌കൂളുകള്‍ അടച്ചുപൂട്ടുന്ന സാഹചര്യം വന്നപ്പോള്‍ വിദ്യാലയങ്ങള്‍ ലാഭം ഉണ്ടാക്കേണ്ട സ്ഥാപനങ്ങള്‍ അല്ലെന്നായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്. അടച്ചുപൂട്ടാന്‍ കോടതി ഉത്തരവിട്ട സ്‌കൂളുകള്‍ ഏറ്റെടുക്കാനും തീരുമാനിച്ചു. പൊതുവിദ്യാലയങ്ങള്‍ സ്മാര്‍ട്ട് ആക്കുന്നതിനും പദ്ധതി തുടങ്ങി. സ്വാശ്രയ മേഖലയെ നിയന്ത്രിക്കാന്‍ ലഭിച്ച അവസരവും സര്‍ക്കാര്‍ നന്നായി മുതലെടുത്തു. എന്‍ജിനീയറിംഗ് മാനേജ്‌മെന്റുകളെ സര്‍ക്കാര്‍ നിലപാടിനൊപ്പം കൊണ്ടുവന്നു. മെഡിക്കല്‍ മാനേജ്‌മെന്റുകളുമായി ചര്‍ച്ച തുടരുന്നു. ജോലിയില്‍ വീഴ്ച വരുത്തുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മുഖ്യമന്ത്രി തന്നെ ശക്തമായ മുന്നറിയിപ്പ് നല്‍കി.
ഫയലുകള്‍ വെച്ച് താമസിപ്പിച്ചാല്‍ നടപടിയുണ്ടാകുമെന്നും ജോലി സമയത്ത് ആഘോഷങ്ങള്‍ പാടില്ലെന്നും നിലപാടെടുത്തു. അഴിമതി രഹിത ചെക്ക് പോസ്റ്റുകളിലൂടെ നികുതി വരുമാനം വര്‍ധിപ്പിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു. വന്‍കിട നിക്ഷേപ പദ്ധതികള്‍ക്ക് പണം കണ്ടെത്താന്‍ കിഫ്ബി രൂപവത്കരിച്ചു. ഇതിനായി ഓര്‍ഡിനന്‍സും ഇറക്കി. ഹജ്ജ് തീര്‍ഥാടനം സുഗമമാക്കുന്നതിലും ശബരിമല തീര്‍ഥാടനങ്ങളുടെ മുന്നൊരുക്കങ്ങളിലും സജീവ ശ്രദ്ധപുലര്‍ത്തി.
കേന്ദ്രസര്‍ക്കാറിന്റെ എതിര്‍പ്പുണ്ടായിട്ടും അപകടകാരികളായ തെരുവ് നായ്ക്കളെ കൊല്ലുന്ന കാര്യത്തില്‍ വിട്ടു വീഴചയില്ലാത്ത നിലപാടെടുത്തു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുന്ന പതിവ് വാര്‍ത്താസമ്മേളനങ്ങള്‍ ഒഴിവാക്കിയതും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കേണ്ടെന്ന നിലപാടും വിമര്‍ശനത്തിന് വഴിവെച്ചു.
നൂറ് ദിനം വലിയ ആഘോഷമാക്കാനാണ് ഇടത് മുന്നണിയുടെ തീരുമാനം. പാര്‍പ്പിട പദ്ധതിയും വിഷരഹിത ഭക്ഷണവും മാലിന്യ സംസ്‌കരണ പദ്ധതിയുമാണ് നൂറാംദിന സമ്മാനമായി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്.

Latest