പാടത്ത് പണിയും വരമ്പത്ത് കൂലിയും

Posted on: August 31, 2016 6:00 am | Last updated: August 31, 2016 at 12:05 am
SHARE

കല്യാണം കഴിഞ്ഞാല്‍ ഇങ്ങനെ പറയാറുണ്ട്. ആദ്യത്തെ ആഴ്ച ഭാര്യ പറയുന്നത് ഭര്‍ത്താവ് കേള്‍ക്കും. രണ്ടാമത്തെ ആഴ്ച ഭര്‍ത്താവ് പറയുന്നത് ഭാര്യ കേള്‍ക്കും. പിന്നെ രണ്ട് പേരും പറയുന്നത് നാട്ടുകാര്‍ കേള്‍ക്കും. മധുവിധു കഴിഞ്ഞു എന്നര്‍ഥം. പിണക്കങ്ങളും പരിഭവങ്ങളും തുടങ്ങുകയായി.
ആദ്യ നാളുകളില്‍ ഇരുവരും കൈകോര്‍ത്താണ് നടത്തം. പിന്നീട് ഭര്‍ത്താവിന്റെ ആറ് മീറ്റര്‍ പിന്നില്‍ ഭാര്യ. മാസം ഒന്ന് കഴിയട്ടെ ഭര്‍ത്താവ് പറയും, നീ ടൗണിലെത്തിക്കോ, ഞാനവിടെ കാണും.
പുതിയ എല്‍ ഡി എഫ് ഭരണവും ഏതാണ്ടിങ്ങനെത്തന്നെ. ആദ്യ കാലത്ത് പിണറായിയും പാര്‍ട്ടിയും പറയുന്നത് വി എസ് കേട്ടു. പുതിയ മുഖ്യന്‍ വിജയനാണ്. താനും വിജയിപ്പിക്കാനുണ്ടായിരുന്നല്ലോ എന്ന മറുചോദ്യം അവിടിരിക്കട്ടെ. തല്‍ക്കാലം അനങ്ങാതിരിക്കണം. മുഖ്യനും പ്രതിപക്ഷ നേതാവും ആയില്ലേ. ഒരിക്കല്‍ പിണറായി ആകട്ടെ, പാര്‍ട്ടിയുടെ സ്വത്തേ…ഒന്ന് മുറുമുറുത്തെങ്കിലും കേരള കാസ്‌ട്രോ കൂടുതലൊന്നും പറഞ്ഞില്ല. കണ്ണേ, കരളേ എന്ന് പറയാന്‍ കാര്യമായാരുമില്ല. അത് തന്നെ കാരണം.
അടുത്തയാഴ്ച വി എസ് പറഞ്ഞു, സ്ഥാനം വേണം. സത്യപ്രതിജ്ഞ നടക്കുമ്പോള്‍ യെച്ചൂരിക്ക് കുറിപ്പ് കൊടുത്തു. അസ്ഥാനത്തായിപ്പോയി അത്. നാട്ടുകാരറിഞ്ഞു, നാണക്കേടായി. എന്നാല്‍ പാര്‍ട്ടി അത് കേട്ടു. പിണറായിക്കുമുണ്ടായില്ല, എതിരഭിപ്രായം. മുഖ്യമന്ത്രിക്ക് താഴെയുള്ള ഏത് സ്ഥാനവുമാകാം എന്നായി മനസിലിരിപ്പ്. ഇപ്പോള്‍ അതിന്റെ അവസ്ഥ എങ്ങനെയെന്ന് അറിയില്ല. എന്തായാലും മധുവിധു കഴിഞ്ഞു. ഇനി തട്ടിയും മുട്ടിയും, പാത്രങ്ങള്‍ പൊട്ടിയും…
മാണിയിലാണ് തുടക്കം. മാണി മുന്നണി വിട്ട്, ചരല്‍ക്കുന്നിറങ്ങി കാത്തിരിക്കുന്ന സമയം. ഈ യാത്ര തുടങ്ങിയതെവിടെ നിന്നോ, ഇനിയൊരു വിശ്രമമെവിടെച്ചെന്നോ എന്ന ഗാനം മനസില്‍ മുഴങ്ങുന്ന കാലം. മാണിയെ റാഞ്ചാന്‍ കുമ്മനം വട്ടമിട്ട് പറക്കുകയാണ്. ഉപാധിയില്ലാതെ മുന്നണിയിലേക്ക് വരാമെന്നാണ് പറഞ്ഞത്. താമരയുമായി അടുത്തു ചെല്ലുകയാണ്. അതു കേട്ടപ്പോള്‍ കോടിയേരി ക്ക് ഇരിക്കപ്പൊറുതിയില്ലാതായി. കയറിപ്പറഞ്ഞു. എല്‍ ഡി എഫിലേക്ക് വരാം. ദേശാഭിമാനി വഴിയാണ് ക്ഷണം വന്നത്. മുന്നണി വിപുലമാക്കാന്‍ ആരുമായും സഖ്യമാകാമെന്ന്. സഹകരിക്കാമെന്ന്.
സമദൂരം പാലിച്ചു നില്‍ക്കുന്ന മാണി എന്തു ചെയ്യണമെന്നറിയാതെ അന്തിച്ചു നില്‍ക്കുമ്പോഴാണ് ജനയുഗം വഴി തിരിച്ചടി തുടങ്ങിയത്. മാണി മുന്നണിയില്‍ വേണ്ട. അഴിമതി വീരനാണെന്ന്. ഇത് വല്യേട്ടന് തീരെ പിടിച്ചില്ല, കേട്ടോ. അവര്‍ പ്രവേശന നടപടികളുമായി മുന്നോട്ട് പോകുമ്പോഴാണ് കോടതി വിധി വന്നത്. ബാര്‍ക്കോഴക്കേസ് വീണ്ടും അന്വേഷിക്കണമെന്ന്. പിന്നെ ആര്‍ക്കും മാണിയെ വേണ്ട. ഇപ്പോള്‍ എല്ലാവരും ശരിക്കും സമദൂരം പാലിക്കുകയാണ്. നാറിയവനെ പേറിയാല്‍ പേറിയവനും നാറുമല്ലോ?
എറണാകുളത്താണ് സി പി എം-സി പി ഐ ബന്ധം കുളമായി കിടക്കുന്നത്. സി പി എം വിടുന്നവരെ സി പി ഐ മാലയിട്ട് സ്വീകരിക്കുന്നു, മാലോകരെ കാണിക്കുന്നു. അതാണ് വല്യേട്ടന് പിടിക്കാത്തത്. അപ്പോള്‍ തുടങ്ങിയ വാക്‌പോരാണ്. ഉദയംപേരൂരില്‍ നിന്ന്. അതിപ്പോള്‍ ഉദയംപോരൂരായി! സ്വരാജും രാജുവുമാണ് കളിക്കളത്തില്‍. ഇരുവരും ഗോളടിച്ച് മുന്നേറുകയാണ്. സി പി ഐക്കാരെ കാണണമെങ്കില്‍ തൃശൂരില്‍ പോകണമെന്നാണ് സ്വരാജിന്റെ കമന്റ്. സി പി ഐ പതാക പീറത്തുണിയാണെന്നും. ജനയുഗം തന്നെ ഇതിന് മറുപടിയുമായി രംഗത്ത് വന്നു. അസുരവിത്ത്, ഗര്‍ദഭം, കപ്പലണ്ടി കമ്യൂണിസ്റ്റ്, തക്കാളികൃഷി, കള്ളനാണയം, ചാരസന്തതി, ജാരസന്തതി…പോരേ, പൂരം? ബേഡകത്തും മധുവിധു കഴിഞ്ഞ മട്ടാണ്. കര്‍ക്കിടകം കഴിഞ്ഞിട്ടും ദുര്‍ഘടം തീരുന്നില്ല. ഇനി അടുത്ത എപ്പിസോഡിനായി കാത്തിരിക്കുക.
നേതാവ് പറഞ്ഞതാണ് ശരി. പാടത്ത് പണിയും വരമ്പത്ത് കൂലിയും!

LEAVE A REPLY

Please enter your comment!
Please enter your name here