Connect with us

Editorial

സുകേശന്റെ തിരുത്തുകള്‍

Published

|

Last Updated

ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം തേടി പതിനൊന്ന് ഹരജികള്‍ പരിഗണനയിലിരിക്കെയാണ് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെ അതേ ആവശ്യമുന്നയിച്ച് കോടതിയിലെത്തുന്നത്. കേസുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങള്‍ അട്ടിമറിച്ചതിനാല്‍ യഥാര്‍ഥ വിവരങ്ങള്‍ പുറത്തുവന്നില്ലെന്നും അന്വേഷണം കൃത്യമായി നടത്താനായില്ലെന്നും തെളിവുകള്‍ നശിപ്പിച്ചിട്ടുണ്ടെന്നുമൊക്കെ ആര്‍ സുകേശന്‍ ബോധിപ്പിച്ചു. വിജിലന്‍സ് ഡയറക്ടറായിരുന്ന എന്‍ ശങ്കര്‍ റെഡ്ഡി കേസ് ഡയറി തിരുത്താന്‍ ആവശ്യപ്പെട്ടെന്നും പരാതിയുണ്ട്. മാണിയെ കുറ്റമുക്തനാക്കിയ ആള്‍ തന്നെ പുനരന്വേഷണം ഉന്നയിച്ചതോടെ കോടതി അതംഗീകരിക്കുകയായിരുന്നു. ഉത്തരവിനെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച വിജിലന്‍സ് ഇത് വിപുലീകരിച്ചിരിക്കുന്നു. ഡയറക്ടര്‍ ജേക്കബ് തോമസ് നേരിട്ട് മേല്‍നോട്ടം വഹിക്കുന്നുമുണ്ട്. ശങ്കര്‍ റെഡ്ഡിയുടെ ഇപ്പോഴത്തെ എതിര്‍വാദങ്ങളും മാണിയുടെ പരിഭവങ്ങളും സ്വാഭാവികതക്കപ്പുറം ഒന്നുമല്ല.
മേലാവില്‍ നിന്നുള്ള ഭയങ്കര സമ്മര്‍ദം മൂലം ചെയ്യേണ്ടിവന്ന “കുറ്റവിമുക്തമാക്കല്‍” സുകേശനെ വേട്ടയാടുന്നു എന്നാണ് മനസ്സിലാകുന്നത്. അതില്‍ നിന്നുണ്ടായ മനസ്സാക്ഷിയുടെ പിന്‍വിളിയായിരിക്കാം അദ്ദേഹത്തെ കോടതിയിലെത്തിച്ചത്. ഒരു ഉദ്യോഗസ്ഥനെന്ന നിലയില്‍ അദ്ദേഹത്തിന്റെ വ്യക്തിത്വമാണ് സംശയാസ്പദമായത്. അതിനെ തിരിച്ചുപിടിക്കാനോ അല്ലെങ്കില്‍ മനസ്സാക്ഷിക്കുത്തില്‍ നിന്ന് മുക്തമാകാനോ കോടതിയില്‍ ശരണം പ്രാപിക്കേണ്ടിവന്നു. പറ്റിയ സാഹചര്യം സംജാതമായപ്പോള്‍ അദ്ദേഹം അതിന് മുതിര്‍ന്നു എന്ന് കരുതണം. തെളിവുണ്ടെന്ന് ആദ്യ റിപ്പോര്‍ട്ട് എഴുതിയ ശേഷം എന്തിന് നിലപാട് മാറ്റി എന്ന ചോദ്യത്തിന് “എന്റെ കൈകാലുകള്‍ ബന്ധിച്ചാണ് റിപ്പോര്‍ട്ട് എഴുതിച്ച”തെന്ന് സുകേശന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് മറുപടി നല്‍കിയിരുന്നു. ഇതില്‍ നിന്ന് തന്നെ കാര്യങ്ങള്‍ ഏറെക്കുറെ വ്യക്തമാകുന്നുണ്ട്. ചോദന എന്തായാലും ജുഡീഷ്യറിയുടെ സഹായത്തോടെ അഴിമതിവിരുദ്ധ സാധ്യതകള്‍ അന്വേഷിക്കാന്‍ ഒരു ഉദ്യോഗസ്ഥന്‍ ഉദ്യമിക്കുന്നു എന്നത് പ്രതീക്ഷാര്‍ഹമാണ്.
ഒരേ സമയം നമ്മുടെ വ്യവസ്ഥയുടെ പരിമിതിയും പ്രത്യാശയും അടയാളപ്പെടുത്തുന്നുണ്ട് ഈ സംഭവം. ഈ നാട്ടില്‍ എന്തുമാകാമെന്ന നിരാശക്കുമേലുള്ള പ്രത്യാശ അത് പകരുന്നു. അതേസമയം ജനാധിപത്യത്തിന്റെ നടത്തിപ്പേറ്റവരുടെ മുന്നില്‍ സത്യസന്ധരായ ഉദ്യോഗസ്ഥര്‍ പോലും ബുദ്ധിമുട്ടുന്നതും അതടയാളപ്പെടുത്തുന്നു.അല്‍പ്പം ഇച്ഛാശക്തി പ്രതീക്ഷിക്കുന്ന ഉദ്യോഗസ്ഥരെ അധികാരം എന്തൊക്കെയാണ് ചെയ്യുന്നത് എന്നത് നാം നിത്യേനെ കാണുന്നുണ്ട്. ചിലപ്പോള്‍ പ്രലോഭനങ്ങള്‍ നല്‍കി മയപ്പെടുത്തും; അല്ലെങ്കില്‍ കണ്ണുരുട്ടി പേടിപ്പിക്കും. അരുമകളായി അവര്‍ക്ക് മെരുങ്ങിക്കൊടുത്താല്‍ പിന്നെ പേടിക്കാനില്ല. വിരമിച്ച ശേഷവും ആമോദത്തോടെ ജീവിക്കാം. ഉപകാരസ്മരണകള്‍ നുണഞ്ഞുകൊണ്ട് ഉഷാറായി കഴിയാം. മറിച്ചാണെങ്കിലോ? റിട്ടയര്‍ ചെയ്താലും തീരാത്ത പകയും കൊടിയ പ്രതികാരവും. ഇങ്ങനെ കയ്‌പ്പേറിയ അനുഭവം രുചിക്കേണ്ടിവരുന്നവര്‍ എത്രയെങ്ങാനുമുണ്ട് ഈ നാട്ടില്‍? അവരും മനുഷ്യരല്ലേ? കുട്ടികളും കളത്രവും അവര്‍ക്കുമുണ്ടല്ലോ. ഔദ്യോഗിക ഉടയാടകള്‍ അഴിച്ചുവെച്ചാലും ഈ നാട്ടില്‍ ജീവിക്കണം. അപ്പോള്‍ പിന്നെ എന്തിന് “റിസ്‌ക്” ഏറ്റെടുക്കുന്നു എന്ന് പലരും ആലോചിക്കുന്നു.
അധികാരഗര്‍വ് പൊതുസ്വത്ത് കൊള്ളയടിക്കാനും അര്‍മാദിക്കാനും മാത്രമുള്ളതല്ല; ഇതിന്റെയൊക്കെ പേരില്‍ തങ്ങള്‍ക്കെതിരെ വരുന്ന എല്ലാ അന്വഷണങ്ങളെയും അവസാനിപ്പിക്കുന്ന ഒരു ഫുള്‍സ്റ്റോപ്പ് ഇടാന്‍ കൂടിയുള്ളതാണ് ജനാധിപത്യത്തിലെ പല മഹാരഥന്മാര്‍ക്കും. ചുമതലകള്‍ നല്‍കുന്നതും സ്ഥാനഭ്രഷ്ടരാക്കുന്നതും ഈ ലക്ഷ്യം വെച്ചാണ്. ജേക്കബ് തോമസിനെ വിജിലന്‍സില്‍ നിന്ന് മാറ്റിയതും വിജിലന്‍സ് മേധാവിയായിരുന്ന വില്‍സണ്‍ എം പോളിനെ മുഖ്യവിവരാവകാശ കമ്മീഷണറാക്കി വാഴിച്ചതുമല്ലാം നാം കണ്ടല്ലോ.
സത്യസന്ധതക്ക് ഉദ്യോഗസ്ഥര്‍ ചിലപ്പോള്‍ സ്വന്തം ജീവനായിരിക്കും വില നല്‍കേണ്ടിവരിക. മധ്യപ്രദേശിലെ വ്യാപം അഴിമതിയില്‍ അന്വേഷണ ഉദ്യോഗസ്ഥരും പരീക്ഷാ നിരീക്ഷകനും മാധ്യമ പ്രവര്‍ത്തകരും അടക്കം നിരവധി പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതും, ഗുജറാത്തിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുണ്ടായ ദുരനുഭവങ്ങളും വലിയ വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു. ആര്‍ സുകേശനെതിരെയും ഗൂഢാലോചന എന്ന ആരോപണം അന്തരീക്ഷത്തില്‍ മുഴങ്ങിയല്ലോ.
സര്‍ക്കാറിനോടും ജനാധിപത്യത്തോടും അവിശ്വാസം വിളിച്ചുവരുത്തുന്നുണ്ട് അഴിമതിയും അതിന്റെ തുടര്‍ച്ചയായ അരാജകത്വ പ്രവണതകളും. അനാരോഗ്യകരമായ വിവാദങ്ങള്‍ക്കും അര്‍ഥശൂന്യമായ വാചാടോപങ്ങള്‍ക്കും പകരം ഉദ്യോഗസ്ഥര്‍ നടത്തുന്ന ക്രിയാത്മക ഇടപെടലുകള്‍ വലിയ ഫലം ഉളവാക്കും. ഏറാന്മൂളികളും പുറംതിരുമ്മലുകാരുമായ ഉദ്യോഗസ്ഥര്‍ക്ക് പകരം സത്യസന്ധരും ആര്‍ജവമുള്ളവരുമായ ഒരു നിരയിലാണ് ഈ നാടിന്റെ പ്രതീക്ഷ. അധികാരത്തിലിരിക്കുന്നവര്‍ക്കെതിരെ അതേ വ്യവസ്ഥിതിയുടെ കീഴില്‍ പണിയെടുക്കുന്ന ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്നത് നമ്മുടെ നടപ്പുശീലമാണ്. അപ്പോഴും ചെറിയൊരു പ്രതീക്ഷ നല്‍കുന്നത് നല്ല ഉദ്യോഗസ്ഥരാണ്. പൊതുസമൂഹത്തിന്റെയും ജുഡീഷ്യറിയുടെയും ഉറക്കമിളിച്ചുള്ള നോട്ടങ്ങള്‍ അവര്‍ക്കുള്ള പിന്തുണയുമാണ്. അധികാരം തീര്‍ക്കുന്ന കടമ്പകള്‍ മുറിച്ചുകടക്കാന്‍ ന്യായാസനങ്ങള്‍ അവര്‍ക്ക് അത്താണിയാകുന്നു എന്നതും ആശ്വാസകരമാണ്.

Latest