Connect with us

Articles

നിന്റെ വിശ്വാസം നിന്നെ പട്ടികടിയില്‍ നിന്ന് രക്ഷിക്കട്ടെ

Published

|

Last Updated

നായ്ക്കള്‍ മനുഷ്യന്റെ ഉച്ഛിഷ്ടം തിന്ന്, അവരുമായി ഇടപഴകി ജീവിക്കുന്ന മൃഗം എന്നല്ലാതെ മനുഷ്യരുടെ മാംസം തിന്നുന്ന ഒരു ജീവി എന്ന നിലയില്‍ ഇതുവരെ ഒരു ജീവിശാസ്ത്ര ഗ്രന്ഥങ്ങളിലും രേഖപ്പെടുത്തിയതായി വായിച്ചിട്ടില്ല. മണിപ്പൂരികളും മിസ്സോറാംകാരുമൊക്കെ പട്ടികളുടെ മാംസം തിന്നും എന്ന വാര്‍ത്ത വായിച്ച് ഓക്കാനിച്ചവരായിരുന്നു ഇന്നലെ വരെ മലയാളികള്‍. കേരളത്തിലെ പട്ടികള്‍ അതിനു പകരം വീട്ടിത്തുടങ്ങിയെന്നാണ് മനസ്സിലാകുന്നത്. ഉച്ഛിഷ്ടത്തെക്കാള്‍ രുചികരമാണ് മനുഷ്യ മാംസമെന്ന തിരിച്ചറിവു നേടിയ നായ്ക്കള്‍ തെരുവുകള്‍ക്കു മേല്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്തിരിക്കുകയാണ് ഇപ്പോള്‍.
പുല്ലുവിളയിലെ സില്‍വമ്മയുടെ ദാരുണമരണത്തിനു തൊട്ടുപിന്നാലെ സമീപ പ്രദേശങ്ങളിലും നായ്ക്കള്‍ നരമാംസ വേട്ട തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. പുല്ലുവിളയിലെ തന്നെ ഡെയ്‌സി ജോസഫിനെ രാത്രി മൂത്രവിസര്‍ജ്ജനത്തിനു പുറത്തിറങ്ങിയ സമയം ഒരു കൂട്ടം നായ്ക്കള്‍ കടിച്ചുപറിച്ചിരിക്കുന്നു. ഇരു കൈകളിലെയും തുടകളിലെയും മാംസം നായ്ക്കള്‍ കടിച്ചുപറിച്ചെടുത്തു. വീടിനുള്ളില്‍ തന്നെ വിസര്‍ജനം ഉള്‍പ്പെടെ സകലത്തിനും സൗകര്യമൊരുക്കിയിട്ടുള്ള ഫൈവ്സ്റ്റാര്‍ സൗകര്യങ്ങളുള്ള വീടുകളില്‍ അന്തിയുറങ്ങുന്ന പൊങ്ങച്ച കൊച്ചമ്മമാര്‍ക്കും അവരുടെ ചേട്ടന്‍/ അച്ചായന്‍/ഇക്കമാര്‍ക്കും, സൂര്യാസ്തമയത്തിനു ശേഷം മാത്രം സ്വകാര്യകര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ വേണ്ടി പുറത്തിറങ്ങേണ്ടി വരുന്ന പുല്ലുവിളയിലെ സില്‍വമ്മമാരുടെയും ഡെയ്‌സിമാരുടെയും നെഞ്ചിലെ നെരിപ്പോടിന്റെ ചൂടറിയില്ല.
അടിമത്ത വ്യവസ്ഥ കൊടികുത്തി വാണിരുന്ന കേരളത്തിന്റെ ഫ്യൂഡല്‍ ഭൂതകാലത്തെക്കുറിച്ച് തുഹ്ഫത്തുല്‍ മുജാഹിദിന്‍ ( പരിഭാഷ- വേലായുധന്‍ പണിക്കശ്ശേരി, കേരളം പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളില്‍- പേജ് 106) എന്ന കൃതിയില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. “അടിമകളുടെ എണ്ണം പലവിധത്തില്‍ പെരുകിക്കൊണ്ടിരിക്കുന്നു. പണമോ ധാന്യമോ കടം വാങ്ങിയത് തിരിച്ചുകൊടുക്കാന്‍ കഴിയാതെ വരുമ്പോള്‍ അവര്‍ ഉത്തമര്‍ണന്റെ അടിമകളായിത്തീരുന്നു. പുലയന്‍, പറയന്‍, വേട്ടുവര്‍, ഉള്ളാടന്‍ തുടങ്ങിയ ജനവിഭാഗങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ അടിമകള്‍ ഉണ്ടായിത്തീര്‍ന്നത്. ഈഴവര്‍, മുസ്‌ലിംകള്‍, അരയര്‍ തുടങ്ങിയവരില്‍ നിന്നും അടിമകള്‍ ഉണ്ടായിരുന്നു. അടിമകളായി പിടിക്കുന്ന മുസ്‌ലിംകളെക്കൊണ്ട് അവരാല്‍ അസാധ്യമായ വേലകള്‍ നിര്‍ബന്ധപൂര്‍വം ചെയ്യിക്കുക, ദുര്‍ഗന്ധമലീമസങ്ങളായ ഇരുട്ടറകളില്‍ കൂട്ടമായി താമസിപ്പിക്കുക, ചെരിപ്പുകൊണ്ട് അടിക്കുക, തീക്കൊള്ളികൊണ്ട് കുത്തുക തുടങ്ങിയ ക്രൂരകൃത്യങ്ങള്‍ പതിവായിരുന്നു. പിഴച്ചുപോയവരെന്നാരോപിക്കപ്പെടുന്ന സ്ത്രീകളെ പിടിച്ച് അടിമകളായി വില്‍ക്കുന്നതിനു അന്നത്തെ പ്രാദേശിക നാടുവാഴികള്‍ക്കു പോര്‍ച്ചുഗീസ് അധികാരികള്‍ എല്ലാ ഒത്താശയും ചെയ്തുകൊടുത്തിരുന്നു. പുലയന്മാര്‍ക്കും മണ്ണാന്മാര്‍ക്കും സ്പര്‍ശിക്കുന്നതിനു ബോധപൂര്‍വം അവസരം സൃഷ്ടിച്ചുകൊടുത്തിട്ട് സ്വന്തം പെണ്ണുങ്ങളെ വീട്ടില്‍ നിന്നു പടിയടച്ചു പിണ്ഡം വെക്കുന്ന സവര്‍ണ പാരമ്പര്യത്തോട് ബന്ധപ്പെട്ടു വേണം കേരള ചരിത്രത്തിലെ പുലപ്പേടി, മണ്ണാപ്പേടി തുടങ്ങിയ പഴയ വ്യവസ്ഥാപിത ആചാരങ്ങളെ കാണാന്‍. പുലയനോ മണ്ണാനോ സ്പര്‍ശിച്ച സ്ത്രീകള്‍ക്കു ഒന്നുകില്‍ അവരുടെ ഭാര്യമാരായിത്തീരുക, അല്ലെങ്കില്‍ അടിമകളായി വില്‍ക്കപ്പെടുക. മറ്റൊരു പോംവഴിയില്ലായിരുന്നു”. 17ാം നൂറ്റാണ്ടിലെ സവര്‍ണസ്ത്രീകളുടെ ഈ പുലപ്പേടി എന്ന വ്യാധി 21ാം നൂറ്റാണ്ടിലെ അടിസ്ഥാനവര്‍ഗ സ്ത്രീകളില്‍ പട്ടിപ്പേടിയായി പുനര്‍ജനിക്കുകയാണ്. എല്ലാ ദിവസവും തെരുവുപട്ടികള്‍ കൂട്ടം ചേര്‍ന്നു മനുഷ്യരെ ആക്രമിക്കുന്ന വാര്‍ത്ത എല്ലാ ജില്ലകളില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നു. ചാനല്‍ചര്‍ച്ചകളില്‍ മൃഗസ്‌നേഹികളും മനുഷ്യ സ്‌നേഹികളും തമ്മിലുള്ള വാഗ്വാദങ്ങള്‍ അരങ്ങുതകര്‍ക്കുന്നു.
ഈ പട്ടികള്‍ ഞങ്ങളുടേതല്ലെന്ന് കേരളം ഭരിക്കുന്നവരും പ്രതിപക്ഷത്തിരിക്കുന്നവരും ഉറപ്പിച്ചും പറയും. ഓരോ പട്ടിക്കും അതിന്റേതായ ഒരു ദിവസം ഉണ്ട് എന്നു സായിപ്പ് പണ്ടേ പറഞ്ഞുവെച്ചിട്ടുള്ളതാണ്. അതാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
കേരളത്തില്‍ പട്ടികളാണ് പ്രശ്‌നക്കാരെങ്കില്‍ പശുബല്‍റ്റ് എന്നറിയപ്പെടുന്ന വടക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പശുവാണ് പ്രശ്‌നക്കാര്‍. പശു അമ്മയാണെന്നാണ് അവരുടെ വിശ്വാസം. വിശ്വാസം ഒരാശ്വാസമാണല്ലൊ. അവരങ്ങനെ വിശ്വസിച്ചോട്ടെ. പശു ഉള്‍പ്പെടെയുള്ള ചില നാല്‍ക്കാലികള്‍ തങ്ങളുടെ ആഹാരമാണെന്നു വിശ്വസിക്കുന്ന, മറ്റു പോഷകാഹാരമൊന്നും ലഭ്യമല്ലാത്ത ഇവിടങ്ങളിലെ പാവപ്പെട്ട ദളിതരെ തല്ലിക്കൊല്ലാന്‍ മാത്രം അവരുടെ വിശ്വാസം ഉറച്ചുപോയിരിക്കുന്നു. കഷ്ടം!.
പട്ടികളെ പിടിച്ചു വന്ധ്യംകരിച്ചുകൊള്ളാനാണ് ബഹുമാനപ്പെട്ട കേന്ദ്ര മന്ത്രി മേനകാ ഗാന്ധിയുടെ ഉത്തരവ്. പക്ഷേ ഇതിന്റെ ഫലപ്രാപ്തിയെ കുറിച്ചോ ലാഭനഷ്ടങ്ങളെ കുറിച്ചോ അവര്‍ക്കെന്തറിയാം? ഏതായാലും വന്ധ്യംകരണത്തിനു അനുവദിച്ച ഭീമമായ ഫണ്ട് നമ്മുടെ മൃഗസംരക്ഷണ വകുപ്പിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും മൃഷ്ടാന്നസദ്യക്കുള്ള സാധ്യതകളാണ് തുറന്നുകൊടുത്തിരിക്കുന്നതെന്ന് സംശയിക്കേണ്ടിവരും. പണ്ട് നമ്മുടെ മനേകാ ഗാന്ധിയുടെ ഭര്‍ത്താവ് അന്തരിച്ച സഞ്ജയ്ഗാന്ധി, അമ്മ പ്രഖ്യാപിച്ച അടിയന്തരാവസ്ഥയിലൂടെ സ്വന്തമാക്കിയ അമിതാധികാരപ്രയോഗത്തിന്റെ പിന്‍ബലത്തില്‍ ദല്‍ഹിയിലെ കുറെ ചെറുപ്പക്കാരെ കൂട്ടത്തോടെ പിടിച്ചു ലോറിയില്‍ കയറ്റി ആശുപത്രികളില്‍ കൊണ്ടുപോയി വന്ധ്യംകരിച്ചു വിട്ടതിന്റെ കഥകള്‍ ഭവതിയുടെ ഓര്‍മയില്‍ പച്ചപിടിച്ചു കിടപ്പുണ്ടാകും. സ്വന്തം പ്രത്യുത്പാദനശേഷിയെ വിലമതിച്ചിരുന്ന ഇന്ത്യയിലെ വിവാഹിതരും അവിവാഹിതരും ആയ പുരുഷന്മാര്‍, സഞ്ജയ്ഗാന്ധി നിര്‍ബന്ധിത വന്ധ്യംകരണത്തിനു പറഞ്ഞയച്ച കിങ്കരന്മാരാണോയെന്നു സംശയിച്ച് ആരോഗ്യ വകുപ്പുദ്യോഗസ്ഥരില്‍ നിന്ന് ഒളിച്ചു നടന്നിരുന്നതായി കേട്ടിട്ടുണ്ട്. കേരളത്തിലെ തെരുവുപട്ടികളും നിര്‍ബന്ധിത വന്ധ്യംകരണം ഭയന്നു ഒളിച്ചുതാമസിച്ചുകൊള്ളുമെന്നാണ് നമ്മുടെ തദ്ദേശസ്വയംഭരണാധികാരികള്‍ സ്വപ്‌നം കണ്ടത്. ആ സ്വപ്‌നം ശിഥിലമായിരിക്കുന്നു. നായ്ക്കള്‍ കൂട്ടത്തോടെ പുറത്തിറങ്ങി സൈ്വര്യവിഹാരം തുടങ്ങിയിരിക്കുന്നു. മനുഷ്യരോട് ആദ്യം ഇണങ്ങിയതും അവന്റെ അടിമത്തം ആദ്യം ഏറ്റുവാങ്ങിയതുമായ ജന്തു നായ ആയിരുന്നു എന്ന് പ്രാക്ചരിത്രം. ചരിത്രം പിന്നോട്ട് സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു. ഇപ്പോള്‍ നായ്ക്കളെ കണ്ടാല്‍ മനുഷ്യര്‍ ഓടിയൊളിക്കുന്ന ഘട്ടം സംജാതമായിരിക്കുന്നു.
എല്ലാ ഭീകരന്മാരും- അത് ഭരണകൂട ഭീകരന്മാരായാലും തീവ്രവാദികളായാലും ആദ്യം ലക്ഷ്യമിടുന്നത് കാല്‍നടയാത്രക്കാരെയും അടച്ചുറപ്പില്ലാത്ത കുടിലുകളില്‍ അന്തിയുറങ്ങുന്ന പാവങ്ങളെയും ആയിരിക്കും. ദോഷം പറയരുതല്ലൊ, നായ കടിച്ചുകൊന്നാലും ബലാല്‍സംഗം ചെയ്തു കൊല്ലപ്പെട്ടാലും ഭരണാധികാരികള്‍ സഹായധനവുമായി ഓടിയെത്തും. മരിച്ചവരുടെ ആശ്രിതര്‍ക്കു ഭാവിജീവിതം കുശാല്‍ ! അഞ്ച് ലക്ഷം, പത്ത് ലക്ഷം, നല്ലവീട്, ആശ്രിതര്‍ക്കു ജോലി, മരിച്ചവര്‍ക്കു നിത്യശാന്തി! ചാകാന്‍ വഴിയൊരുക്കിയവര്‍ക്കു സത്‌പേരും സമാധാനവും. ഇതൊക്കെയാണോ ഈ ജനാധിപത്യം എന്നൊക്കെ പറയുന്നത്. നായ കേവലം ഒരു ജന്തു മാത്രമല്ലെന്നാണ് മനസ്സിലാകുന്നത്. അത് ശക്തമായ ഒരു പ്രതീകം കൂടിയാണ്. നമ്മുടെ ഉള്ളിലെ മാലിന്യത്തിന്റെ, ദുഷ്ടതയുടെ, മതഭ്രാന്തിന്റെ, രാഷ്ട്രീയ പിടിവാശികളുടെ, അക്രമവാസനയുടെ ഒക്കെ പ്രതീകം! ഇങ്ങനെ പലവിധ സങ്കല്‍പങ്ങള്‍ക്കും വഴങ്ങുന്നതാണ് ഈ പട്ടികള്‍.
മഹാഭാരത കഥയില്‍ ധര്‍മപുത്രരെ പിന്തുടരുന്ന നായ മുതല്‍ സമഗ്രാധിപത്യത്തിനെതിരെ തൂലിക പടവാളാക്കിയ ജോര്‍ജ് ഓവലിന്റെ “അനിമല്‍ ഫാം” പോലുള്ള നോവലിലും കാക്കനാടന്റെ “”ഈ നായ്ക്കളുടെ ലോകം”,”എം പി. നാരായണപിള്ളയുടെ “പരിണാമം”” എന്നീ നോവലുകളിലും നായ്ക്കള്‍ ചില മനുഷ്യരെ, അവരിലെ ചില സ്വഭാവ വിശേഷതകളെ പ്രതീകവത്ക്കരിക്കുന്ന കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്നുണ്ട്.
പുല്ലുവിളയിലും പാലക്കാട്ടും കണ്ണൂരും കാസര്‍കോട്ടും ഇപ്പോള്‍ മറ്റുള്ളവരില്‍ ഭയം ജനിപ്പിച്ചുകൊണ്ട് വിഹരിക്കുന്ന “ഇരുകാലി നായ്ക്കളും” നാല്‍ക്കാലി നായ്ക്കളും പൊതുവെ അപകടകാരികളാണ്. കേവലം വന്ധ്യംകരണത്തിന്റെ വാചകമടികൊണ്ട് മാത്രം ഇവയെ നിയന്ത്രിക്കാന്‍ കഴിയില്ല.

ഫോണ്‍.9446268581

Latest