Connect with us

Kerala

നിലവിളക്ക് കൊളുത്തുന്നതിനെ അനുകൂലിച്ച് ഷൊര്‍ണൂര്‍ എംഎല്‍എ

Published

|

Last Updated

ചെര്‍പ്പുളശ്ശേരി: സര്‍ക്കാര്‍ പരിപാടികള്‍ക്ക് നിലവിളക്ക് കൊളുത്താന്‍ ആരെയും നിര്‍ബന്ധിക്കരുതെന്ന പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ പ്രസ്താവനക്കെതിരെ ഷൊര്‍ണൂരിലെ സി.പി.എം എം.എല്‍.എ പി.കെ. ശശി രംഗത്ത്. നിലവിളക്ക് കൊളുത്തേണ്ടെന്ന് ഏത് തമ്പുരാന്‍ പറഞ്ഞാലും താന്‍ വിളക്ക് കൊളുത്തുമെന്നായിരുന്നു പി.കെ. ശശിയുടെ പ്രസംഗം.
ചെര്‍പ്പുളശ്ശേരി ശബരി സെന്‍ട്രല്‍ സ്‌കൂളിലെ ഔഷധത്തോട്ടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നിലവിളക്ക് കൊളുത്തുന്നതുപോലും വിവാദമാകുന്ന കാലമാണിത്. മനസില്‍ ഇരുട്ടുള്ളവരാണ് വെളിച്ചത്തെ ഭയപ്പെടുന്നത്. നിലവിളക്ക് കൊളുത്തുന്നത് താന്‍ സന്തോഷത്തോടെ ചെയ്യുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പ്രസ്താവന വിവാദമായപ്പോള്‍ പി.കെ. ശശി വിശദീകരണവുമായി രംഗത്തെത്തി. തന്റെ പരാമര്‍ശം തെറ്റിദ്ധരിക്കപ്പെട്ടെന്നും മന്ത്രി സുധാകരനെതിരെ ഒരു വാക്കുപോലും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ ചടങ്ങിന്റെ വേദിയിലേക്ക് കയറുന്നതിനിടെ, സംഘാടകരില്‍ ഒരാള്‍ നിലവിളക്ക് കൊളുത്തുന്നതിന് എതിര്‍പ്പ് ഉണ്ടോയെന്ന് ആരാഞ്ഞിരുന്നു. ലീഗിന്റെ ചില എം.എല്‍.എമാര്‍ നിലവിളക്ക് കൊളുത്താത്തതും ഈ സന്ദര്‍ഭത്തില്‍ ആരോ പരാമര്‍ശിച്ചു. ഇത് വെച്ചാണ് താന്‍ പ്രസംഗത്തില്‍ നിലപാട് വ്യക്തമാക്കിയത്. കമ്യൂണിസ്റ്റ് പാര്‍ട്ടി നിലവിളക്ക് കൊളുത്തരുതെന്ന് ഒരാളോടും പറഞ്ഞതായി താന്‍ മനസ്സിലാക്കിയിട്ടില്ലെന്നും ശശി കൂട്ടിച്ചേര്‍ത്തു.

Latest