Connect with us

Gulf

'കരിപ്പൂര്‍ എയര്‍പോര്‍ട്ട് സ്ഥിതി വിവര റിപ്പോര്‍ട്ട് പുറത്തിറക്കും'

Published

|

Last Updated

ദോഹ: കരിപ്പൂര്‍ എയര്‍പോര്‍ട്ട് വിഷയത്തില്‍ തെറ്റിദ്ധാരണയും നിഗൂഢതയും പരത്തി സര്‍ക്കാറും തത്പര കക്ഷികളും ഒളിച്ചുകളി നടത്തുന്ന പാശ്ചാത്തലത്തില്‍ എയര്‍പോര്‍ട്ട് സംബന്ധിച്ച വിശദമായ സ്ഥിതി വിവര റിപ്പോര്‍ട്ട് പുറത്തിറക്കാന്‍ കള്‍ച്ചറല്‍ ഫോറം മലപ്പുറം, കോഴിക്കോട് സംയുക്ത ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ഇരുഘട്ടങ്ങളിലായി തീരുമാനിച്ച നവീകരണ പ്രവര്‍ത്തനങ്ങളുടെ പ്രധാനഘട്ടം പൂര്‍ത്തിയാക്കി റണ്‍വേ പ്രവര്‍ത്തന സജ്ജമായിരിക്കേ സര്‍വീസുകള്‍ നിര്‍ത്തി വെക്കാന്‍ പുറപ്പെടുവിച്ച താത്കാലിക നോട്ടിഫിക്കേഷന്‍ പിന്‍വലിച്ച് മുഴുവന്‍ സര്‍വീസുകളും ഉടന്‍ പുനരാരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
എയര്‍പോര്‍ട്ടിലെ സാങ്കേതിക സുരക്ഷാ സൗകര്യങ്ങള്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ വെച്ച് പരിശോധിച്ചാല്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ അനുയോജ്യമാണ്. ഒരു വിമാനത്തിന് സര്‍വീസ് നടത്താന്‍ ആവശ്യമായ റണ്‍വേയുടെ നീളം, സേഫ്റ്റി ഏരിയ, എയര്‍ക്രാഫ്റ്റ് ഫ്‌ളൈറ്റ് മാന്വല്‍ നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ എന്നിവ പാലിക്കാന്‍ വിമാന കമ്പനികള്‍ ബാധ്യസ്ഥമാണ്.
എന്നാല്‍ വിമാന കമ്പിനികള്‍ താത്പര്യം പ്രകടിപ്പിച്ചിട്ടും ദുരൂഹത തുടരുകയാമ്. സാങ്കേതിക സൗകര്യങ്ങള്‍, സുരക്ഷാ മാനദണ്ഡങ്ങള്‍, രാജ്യത്തെയും അന്താരാഷ്ട്ര തലത്തിലും ഉള്ള വിവിധ എയര്‍പോര്‍ട്ടുകളുടെ താരതമ്യ പഠനം, കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഇപ്പോള്‍ നിലവിലുള്ള സൗകര്യങ്ങള്‍, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍, എന്നിവ വിശദമായി പ്രതിപാദിക്കുന്ന റിപ്പോര്‍ട്ട് വിവിധ പ്രവാസി സംഘടനാ നേതാക്കളുടെയും പൊതുപ്രവര്‍ത്തകരുടെയും സംയുക്ത യോഗം ചേര്‍ന്ന് ഉടന്‍ പുറത്തിറക്കുമെന്ന് സെക്രട്ടറിയേറ്റ് അറിയിച്ചു. കെ ടി മുബാറക് അധ്യക്ഷത വഹിച്ചു.
യാസിര്‍, മെഹര്‍ നൗഷാദ്, ആരിഫ് അഹമ്മദ്, ശാഫി, മജീദ് മൈലിശേരി, മനീഷ് എ സി, ടി ടി ഫൈസല്‍, റാഫി സംസാരിച്ചു.