രോഗമില്ലാത്ത സമൂഹത്തിനു വേണ്ടി ജലസാക്ഷരതാ യജ്ഞവുമായി ഹുസൈന്‍

Posted on: August 30, 2016 8:12 pm | Last updated: August 30, 2016 at 8:12 pm
SHARE
ഹുസൈന്‍ ചെറുതുരുത്തി
ഹുസൈന്‍ ചെറുതുരുത്തി

ദോഹ: രോഗമില്ലാത്ത ജീവിതത്തിനായി ശുദ്ധജലം പാനം ചെയ്യാന്‍ ഉണര്‍ത്തി, ജലസാക്ഷരത മുഖ്യ പ്രചാരണമായി സ്വീകരിച്ച് മുഴുസമയ പ്രവര്‍ത്തനം നടത്തുന്നു ഹുസൈന്‍ ചെറുതുരുത്തി. ജലപാനം ആരോഗ്യത്തിന്റെ ആദ്യപാഠം എന്ന പ്രധാന സന്ദേശത്തില്‍ ഇതിനകം ആയിരത്തിലധികം പ്രഭാഷണങ്ങള്‍ നടത്തിയ അദ്ദേഹം ഓരോ വര്‍ഷവും ഓരോ രോഗത്തെ പ്രത്യേകമായി എടുത്ത് സമൂഹത്തെ ഉണര്‍ത്തുന്നു. സ്തനാര്‍ബുദമാണ് ഈ വര്‍ഷത്തെ വിഷയം. കെ എം സി സി സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ അരോഗ ഭാരതം എന്ന വിഷയമവതരിപ്പിക്കാനായി ഖത്വറിലെത്തിയ അദ്ദേഹം നാടു നീളെ പ്രചാരണം നടത്തുന്നതിന് പ്രവാസികളുടെ പിന്തുണയും തേടുന്നു.
ശുദ്ധമായ വെള്ളം കുടിച്ച് ആരോഗ്യം സംരക്ഷിക്കുക, വീടും പരിസരങ്ങളും ശുദ്ധിയാക്കിയും ഭക്ഷണം ശ്രദ്ധിച്ചും ജീവിതം രോഗ മുക്തമാക്കുക എന്നീ ലളിതമായി ആര്‍ക്കും നിര്‍വഹിക്കാവുന്ന കാര്യങ്ങളാണ് അദ്ദേഹം സമൂഹത്തെ ഉണര്‍ത്തുന്നത്. രോഗങ്ങളും ജലാപനത്തിന്റെ പ്രാധാന്യവും ഇതര രോഗങ്ങളും പ്രതിവിധികളുമെല്ലാം വിവരിക്കുന്ന പോയിന്റ് പ്രസന്റേഷനിലൂടെ ജനങ്ങളെ അറിയിക്കുന്ന ഹുസൈന്‍ നേതൃത്വം നല്‍കുന്ന വെല്‍നസ് ഫൗണ്ടേഷന്‍ ഇതിനകം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടര്‍ ആരോഗ്യ പദ്ധതികളും ബോധവത്കരണങ്ങളും നടത്തി വരുന്നു. കേരള പോലീസ് ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സാമൂഹിക പ്രസ്ഥാനങ്ങള്‍ക്കു വേണ്ടിയും ഹുസൈന്‍ പതിവായി ആരോഗ്യ ബോധവത്കരണ സെഷനുകള്‍ അവതരിപ്പിച്ചു വരുന്നു. ജലം ജീവാമൃതം എന്ന സന്ദേശത്തില്‍ ആറു നാട്ടില്‍ നൂറു വേദികള്‍ എന്ന ലക്ഷ്യത്തിലാണ് ഇപ്പോള്‍ ഹുസൈന്‍ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു വരുന്നു. സ്തനാര്‍ബുദം അറിയാം പ്രതിരോധിക്കാം എന്നതാണ് ഈ വര്‍ഷത്തെ പ്രധാന വിഷയം. കേരളത്തിലെ ഗ്രാമീണ മേഖലയിലുള്‍പ്പെടെ പ്രവാസികളുടെ പിന്തുണയോടെ ബോധവത്കരണം നടത്തുന്നതിനും അദ്ദേഹം ഉദ്ദേശിക്കുന്നു. വൃക്കരോഗത്തെക്കുറിച്ചുള്ള ബോധവത്കരണമാണ് അടുത്ത വര്‍ഷം നടത്തുക.
മുന്‍ ദുബൈ പ്രവാസിയും കെ എം സി സി ഭാരവാഹിയുമായിരുന്ന ഹുസൈന്‍ 2008ലാണ് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ജനങ്ങളില്‍നിന്നും സ്വീകാര്യതലഭിക്കുകയും സമൂഹത്തല്‍ ആവശ്യമുള്ള സേവനമാണെന്നു ബോധ്യപ്പെടുകയും ചെയ്തപ്പോള്‍ വെല്‍നസ് ഫൗണ്ടേഷന്‍ രൂപവത്കരിച്ച് പ്രവര്‍ത്തനം വുപൂലീകരിച്ചു. ആരോഗ്യവുമായി ബന്ധപ്പെട്ട വ്യത്യസ്ത ആശയങ്ങള്‍ കാമ്പയിനുകളായി ആചരിക്കുന്ന രീതിക്ക് 2010നു ശേഷം തുടക്കംകുറിച്ചു. ഈ രംഗത്ത് കൂടുതല്‍ പഠനങ്ങള്‍ക്കും ഹുസൈന്‍ തയാറായി. ജല വകുപ്പുമായി സഹകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. 2012ല്‍ ആരംഭിച്ച കുടിവെള്ള സാക്ഷരതാ മിഷന് സംസ്ഥാന വ്യാപകമായി സ്വീകാര്യത ലഭിച്ചുവെന്ന് ഹുസൈന്‍ പറയുന്നു. കേരളത്തില്‍ ഉപയോഗിക്കുന്ന കുടിവെള്ളത്തില്‍ 90 ശതമാനവും മലിനീകരിക്കപ്പെട്ടതാണെന്ന് അറിയുന്നവര്‍ ചുരുക്കമാണ്. 80 ശതമാനം രോഗവും ഉണ്ടാകുന്നത് ജല മലിനീകരണത്തിലൂടെയാണ്. ശുദ്ധീകരണത്തിന് ലളിതമായ മാര്‍ഗങ്ങളുണ്ടായിട്ടും അവ ഉപയോഗിക്കുന്നവര്‍ ചെറിയ ശതമാനം ആളുകള്‍ മാത്രമാണ്. ഒപ്പം നിര്‍ജ്ജലീകരണ പ്രശ്‌നങ്ങളും കേരളത്തിലെ വ്യാപകമായ ജീവിത ശൈലീ രോഗങ്ങള്‍ക്കു കാരണമാകുന്നു. ഇത്തരം കാര്യങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിലാണ് ശ്രദ്ധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഹുസൈന്റെ ആരോഗ്യ പ്രഭാഷണങ്ങള്‍ യൂട്യൂബില്‍ ലഭ്യമാണ്. വെല്‍നസ് ഫൗണ്ടേഷന്റെ ഫേസ്ബുക്ക് പേജിലും അദ്ദേഹം പ്രഭാഷണങ്ങള്‍ ഷെയര്‍ ചെയ്യുന്നു. +919895920646 നമ്പറില്‍ ഹുസൈന്‍ ചെറുതുരുത്തിയെ വാട്‌സ് ആപ്പില്‍ ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here