സിംഹ പ്രസവത്തില്‍ മക്കള്‍ അഞ്ച്; ലാറക്കും മക്കള്‍ക്കും സുഖപരിചരണം

Posted on: August 30, 2016 8:10 pm | Last updated: August 31, 2016 at 9:54 pm

Doha Zooദോഹ: സിംഹ വംശത്തിലേക്ക് അഞ്ച് നവാഗതരെ സമ്മാനിച്ച് ദോഹ മൃഗശാലയിലെ പെണ്‍സിംഹം ലാറക്ക് സുഖപ്രസവം. അമ്മയെയും കുട്ടി സിംഹങ്ങളെയും പ്രത്യേക മുറിയില്‍ മാറ്റിപ്പാര്‍പ്പിച്ച് സുഖ ചികിത്സ നല്‍കുകയാണ് അധികൃതര്‍. രണ്ടു മാസത്തേക്ക് ലാറയും കുടുംബവും സന്ദര്‍ശകരില്‍നിന്നും അകന്നു കഴിയും. നഗരസഭാ, പരിസ്ഥിതി മന്ത്രാലയം പബ്ലിക് ഗാര്‍ഡന്‍ വിഭാഗമാണ് സിംഹ പ്രസവം അറിയിച്ചത്.
ജീവനക്കാരുടെയും മറ്റു സിംങ്ങളുടെയും ശല്യം ഒഴിവാക്കാനും കുഞ്ഞുങ്ങളെ മുലയൂട്ടാനുമുള്ള സൗകര്യത്തിനു വേണ്ടിയാണ് പ്രക്യേക മുറിയില്‍ പാര്‍പ്പിച്ചിരിക്കുന്നത്. മൂന്നു മാസത്തിനു ശേഷമാണ് സിംഹക്കുഞ്ഞുങ്ങള്‍ മറ്റു മാംസ ഭക്ഷണങ്ങള്‍ കഴിച്ചു തുടങ്ങുക. ക്രമേണ സിംഹക്കുട്ടികളെ അമ്മ സിംഹത്തില്‍ നിന്നും വേറെയാക്കും.
Doha Zoo 2സാധാരണ ഗതിയില്‍ പ്രസവശേഷം പെണ്‍ സിംഹത്തെ കുഞ്ഞുങ്ങളോടൊപ്പം കഴിയാന്‍ ആണ്‍ സിംഹം അനുവദിക്കാറില്ല. കുഞ്ഞുങ്ങള്‍ തങ്ങളുടെ സൈ്വര്യ ജീവിതത്തിനു തടസമാകുന്നുവെന്നു കണ്ടാല്‍ ആണ്‍ സിംഹം കുഞ്ഞുങ്ങളെ കൊന്നു തിന്നാറുണ്ട്.
ഈ സാഹചര്യംകൂടി പരിഗണിച്ചാണ് പ്രത്യേക മുറിയില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. കുഞ്ഞുങ്ങളെല്ലാം പൂര്‍ണ ആരോഗ്യമുള്ളവയാണ്. അറ്റ കുറ്റ പണികള്‍ക്കായി അടച്ചിട്ടിരിക്കുകയാണിപ്പോള്‍ ദോഹ മൃഗശാല എന്നതിനാല്‍ പൊതു സന്ദര്‍ശകരുടെ ശല്യമില്ല.