വിദ്യാ വഴിയിലെ വിസ്മയങ്ങള്‍ ഉണര്‍ത്തി ഭാവിയുടെ തലമുറക്കായി വേനല്‍ ക്യാമ്പ്

Posted on: August 30, 2016 8:06 pm | Last updated: August 31, 2016 at 9:54 pm
ഖത്വര്‍ ഫൗണ്ടേഷന്‍ പ്രോഗ്രാമില്‍ പങ്കെടുത്ത  വിദ്യാര്‍ഥികള്‍
ഖത്വര്‍ ഫൗണ്ടേഷന്‍ പ്രോഗ്രാമില്‍ പങ്കെടുത്ത
വിദ്യാര്‍ഥികള്‍

ദോഹ: വിദ്യാര്‍ഥികളുടെ ഭാവി മെച്ചപ്പെടുത്തുന്നതിനും ആത്മവിശ്വാസം വളര്‍ത്തുന്നതിനുമായി വ്യത്യസ്ത പരിപാടികളോടെ ഖത്വര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച വേനല്‍ക്കാല പരിപാടികള്‍ സമാപിച്ചു. സൃഷ്ടിപരമായ കലാപിപാടികള്‍ മുതല്‍ പ്രയോഗ തലത്തിലെ ഗവേഷണ ഇന്റേണ്‍ഷിപ്പുകള്‍ വരെ ഒരുക്കിയായിരുന്നു ക്യാമ്പ്.
വിവിധ കേന്ദ്രങ്ങളും പങ്കാളിത്ത സര്‍വകലാശാലകളും കേന്ദ്രീകരിച്ച് വ്യത്യസ്തമായ പരിപാടികളാണ് സംഘടിപ്പിച്ചത്. ഹമദ് ബിന്‍ ഖലീഫ യൂനിവേഴ്‌സിറ്റിയിലെ മൂന്നു ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടുകളിലായാണ് ഇത്തവണ വിദ്യാര്‍ഥികളുടെ വേനല്‍ക്കാല ഇന്റേണ്‍ഷിപ്പ് പരിപാടി നടന്നത്. വിദഗ്ദ്ധരില്‍ നിന്നും നേരിട്ട് അറിവുകള്‍ മനസിലാക്കുന്നതിനും നവീനമായ ഗവേഷണ പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്നതിനും വിദ്യാര്‍ഥികള്‍ക്ക് ഇതിലൂടെ അവസരം ലഭിച്ചു. ഖത്വര്‍ ബയോമെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, ഖത്വര്‍ കമ്പ്യൂട്ടിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, എന്‍വിയോണ്‍മെന്റ് ആന്‍ഡ് എനര്‍ജി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, എന്നിവിടങ്ങളിലായി എട്ടാഴ്ച നീണ്ട പരിശീലന പരിപാടിയാണ് നടന്നത്. വിദ്യാര്‍ഥികള്‍ക്കായി വ്യത്യസ്ത ഗവേഷണപദ്ധതികള്‍ തയാറാക്കിയിരുന്നു. ശാസ്ത്രമേഖലയിലേക്ക് കൂടുതല്‍ കുട്ടികളെ ആകര്‍ഷിക്കാന്‍ ഇത്തരം പദ്ധതികളിലൂടെ കഴിയുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
ക്യു ബി ആര്‍ ഐ ശാസ്ത്രജ്ഞരുടെ മേല്‍നോട്ടത്തിലും ശിക്ഷണത്തിലുമായിരുന്നു വിദ്യാര്‍ഥികളുടെ പരിശീലനം. ഗവേഷണരംഗത്ത് പുതിയ അറിവുകള്‍ സ്വായത്തമാക്കാന്‍ പരിശീലനപരിപാടി സഹായിച്ചതായി വിദ്യാര്‍ഥികള്‍ പ്രതികരിച്ചു. വിദ്യാര്‍ഥികള്‍കക് ലബോറട്ടറി ഗവേഷണ അനുഭവം സ്വന്തമാക്കാനും ഇതിലൂടെ സാധിച്ചു. പ്രമേഹം, അര്‍ബുദം, സ്റ്റെംസെല്‍ (മൂലകോശം) ഗവേഷണം, നാഡീ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നീ മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു ഗവേഷണ പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നത്. ക്യു സി ആര്‍ ഐ പരിശീലനപദ്ധതി പ്രധാനമായും ഫോക്കസ് ചെയ്തത് അറബിക് ഭാഷ സങ്കേതങ്ങള്‍, ഡാറ്റാ അനലിറ്റിക്‌സ്, സോഷ്യല്‍ കമ്പ്യൂട്ടിംഗ്, സൈബര്‍ സുരക്ഷ, വിതരണ സംവിധാനങ്ങള്‍ (ഡിസ്ട്രിബ്യൂട്ടഡ് സിസ്റ്റംസ്), കമ്പ്യൂട്ടേഷണല്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിംഗ് എന്നീ വിഷയങ്ങളിലായിരുന്നു. ക്യു ഇ ഇ ആര്‍ ഐയുടെ ഇത്തവണത്തെ വേനല്‍ക്കാല പരിശീലന പരിപാടിയില്‍ ആറു വിദ്യാര്‍ഥികള്‍ പങ്കെടുത്തു. രാജ്യത്തിന്റെ ജല, ഊര്‍ജ്ജ സുരക്ഷയും വെല്ലുവിളികളും സംബന്ധിച്ച് സ്ഥാപനം നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ ഈ വിദ്യാര്‍ഥികള്‍ക്ക് പരിശീലനപരിപാടിയിലൂടെ സാധിച്ചു.
ഫ്യൂച്ചര്‍ എന്‍ജിനിയേഴ്‌സ് പ്രോഗ്രാമും ഇക്കാലയളവില്‍ നടന്നു. മുപ്പതിലധികം ഖത്വരി വിദ്യാര്‍ഥികളാണ് ഇതില്‍ പങ്കെടുത്തത്. ബഹിരാകാശവുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കാണ് ഇവര്‍ ഊന്നല്‍ നല്‍കിയത്. നോര്‍ത്ത് വെസ്‌റ്റേണ്‍ യൂനിവേഴ്‌സിറ്റി ഖത്വറില്‍ മാധ്യമരംഗത്തോട് താത്പര്യമുള്ളവര്‍ക്കായി വേനല്‍ക്കാല മീഡിയാ പ്രോഗ്രാം സംഘടിപ്പിച്ചു. മാധ്യമലോകത്തെ പുതിയ അറിവുകള്‍ മനസിലാക്കാനും കൂടുതല്‍ പരിചയപ്പെടാനും ഇതിലൂടെ കഴിഞ്ഞു. രണ്ടാഴ്ച നീണ്ട കോഴ്‌സില്‍ 25 ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ജേര്‍ണലിസത്തിന്റെ അടിസ്ഥാനപാഠങ്ങളും സാധ്യതകളും കുട്ടികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന ഈ കോഴ്‌സ് തുടര്‍ച്ചയായി ഏഴാം വര്‍ഷമാണ് നടത്തുന്നത്.