Connect with us

Gulf

എക്‌സ്‌പോ 2020; ചെറുകിട- ഇടത്തരം സംരംഭകര്‍ക്ക് നേട്ടമാകും

Published

|

Last Updated

ദുബൈ: വേള്‍ഡ് എക്‌സ്‌പോ 2020 ചെലവഴിക്കുന്ന തുകയുടെ 20 ശതമാനം ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് നേട്ടമാകുമെന്ന് യു എ ഇ സാമ്പത്തികകാര്യ മന്ത്രി സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ മന്‍സൂരി പറഞ്ഞു. ഇത് ഏതാണ്ട് 500 കോടി ദിര്‍ഹം വരും.

പ്രാദേശികവും രാജ്യാന്തരവുമായ സ്ഥാപനങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. വേള്‍ഡ് എക്‌സ്‌പോ 2020 ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് നിരവധി അവസരങ്ങളാണ് ഒരുക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരം സ്ഥാപനങ്ങള്‍ എക്‌സ്‌പോ 2020 ദുബൈ ഇ-സോഴ്‌സിംഗ് പോര്‍ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എക്‌സ്‌പോ സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കാണ് കൂടുതല്‍ പങ്കുവഹിക്കാന്‍ കഴിയുക.

ഇപ്പോള്‍ തന്നെ യു എ ഇയുടെ സാമ്പത്തിക മേഖലയില്‍ ഇത്തരം സംരംഭങ്ങള്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. ഈ മേഖലയെ ശാക്തീകരിക്കാനുള്ള എല്ലാ ശ്രമങ്ങളും യു എ ഇ ഭരണകൂടം നടത്തുന്നുണ്ട്. കരാറുകളുടെ 10 ശതമാനം ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് നല്‍കണമെന്നതാണ് ഫെഡറല്‍ നിയമം, മന്ത്രി വ്യക്തമാക്കി.
ഇ-സോഴ്‌സിംഗ് പോര്‍ടലില്‍ 6196 വിതരണക്കാര്‍ രജിസ്റ്റര്‍ ചെയ്തതായി രാജ്യാന്തര സഹകരണ മന്ത്രി റീം അല്‍ ഹാശിമി അറിയിച്ചു. ഇതില്‍ 2418 ചെറുകിട-ഇടത്തരം സംരംഭകരാണ്. 787 കരാറുകള്‍ ഇതേവരെയായി നല്‍കിക്കഴിഞ്ഞതില്‍ 320 ചെറുകിട-ഇടത്തരം സംരംഭകരാണ് നേടിയത്, മന്ത്രി അറിയിച്ചു.

---- facebook comment plugin here -----

Latest