സൈനിക താവളങ്ങള്‍ പങ്കുവയ്ക്കുന്ന കരാറില്‍ ഇന്ത്യയും യു.എസും ഒപ്പുവച്ചു

Posted on: August 30, 2016 2:58 pm | Last updated: August 31, 2016 at 9:16 am

in dia usവാഷിംഗ്ടണ്‍:പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യയും യു.എസും പ്രതിരോധ വ്യാപാരവും സാങ്കേതികവിദ്യയും പരസ്പരം പങ്കുവയ്ക്കുന്ന കരാര്‍ ഒപ്പുവച്ചു. കരാര്‍ പ്രകാരം അറ്റകുറ്റപണികള്‍, ഉപകരണങ്ങളുടെ ലഭ്യത എന്നിവയ്ക്കായി കര നാവിക വ്യോമ താവളങ്ങള്‍ ഇരുരാജ്യങ്ങളും പരസ്പരം പങ്കുവയ്ക്കും. സംയുക്ത സൈനിക അഭ്യാസങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയുടെയും യു.എസിന്റെയും നാവികസേനകള്‍ പിന്തുണ ഉറപ്പാക്കുകയും ചെയ്യുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടറിനൊപ്പമുള്ള പ്രസ് കോണ്‍ഫറന്‍സില്‍ കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ വ്യക്തമാക്കി.

സംയുക്ത ഓപ്പറേഷനുകളിലും പരിശീലനങ്ങളിലും രക്ഷാദൗത്യങ്ങളിലും ഇരുരാജ്യങ്ങളുടെ നാവികസേനകള്‍ സഹകരിക്കുമെന്നും സഹകരണ കരാര്‍ വ്യക്തമാക്കുന്നു. ഈ കരാര്‍ പ്രകാരം ഇന്ത്യയില്‍ യു.എസ് സേനയ്ക്ക് സൈനികത്താവളങ്ങള്‍ അനുവദിക്കുന്നില്ലെന്ന് ഇരുനേതാക്കന്മാരും വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ കടന്നുകയറ്റ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സേനാ കേന്ദ്രങ്ങള്‍ പരസ്പരം ഉപയോഗിക്കാനുള്ള കരാറിന് വലിയ പ്രാധാന്യമാണ് കല്‍പിക്കുന്നത്.